സ്വകാര്യമേഖലയില്‍ പ്രതിവര്‍ഷം 3 ലക്ഷം സ്വദേശികള്‍ക്ക് അവസരങ്ങള്‍ -തൊഴില്‍ മന്ത്രി

സ്വകാര്യമേഖലയില്‍ പ്രതിവര്‍ഷം 3 ലക്ഷം സ്വദേശികള്‍ക്ക് അവസരങ്ങള്‍ -തൊഴില്‍ മന്ത്രി

റിയാദ്: രാജ്യത്ത് പ്രതിവര്‍ഷം മൂന്ന് ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിക്കുന്നുണ്ടെന്ന് തൊഴില്‍മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ് വെളിപ്പെടുത്തി. സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്വദേശികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രാലയം കര്‍മപരിപാടികള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍ ലഭിക്കുന്ന സ്വദേശികളുടെ എണ്ണത്തോടൊപ്പം ലഭിക്കുന്ന തൊഴിലിന്‍െറ സ്വഭാവം, സ്ഥാപനത്തിന്‍െറ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക്, വേതനം തുടങ്ങിയ വിഷയങ്ങള്‍ കൂടി മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിതാഖാത്ത് പദ്ധതി വഴി 2,47,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചു.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) പുറത്തുവിട്ട ഈ കണക്കിന്‍െറ നിജസ്ഥിതി മന്ത്രാലയം ഉറപ്പുവരുത്തിയതാണെന്ന് എണ്ണത്തിന്‍െറ കാര്യത്തില്‍ സംശയമുന്നയിച്ചവര്‍ക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി. ഈ കണക്കില്‍ ഉള്‍പ്പെട്ടവര്‍ ആരും ‘ഹാഫിസ്’ തൊഴില്‍പ്രേരക പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്ന് മന്ത്രാലയം ഉറപ്പു വരുത്തിയതായും അദ്ദേഹം പറഞ്ഞു.
തൊഴില്‍ ലഭിച്ച സ്വദേശികളില്‍ ബഹുഭൂരിപക്ഷവും കുറഞ്ഞ വേതനവ്യവസ്ഥയിലാണെന്ന് മന്ത്രി സമ്മതിച്ചു. ഹാഫിസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചു ശതമാനത്തിനു മാത്രമാണ് യൂണിവേഴ്സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘നിതാഖാത്ത്’ പദ്ധതിയനുസരിച്ച് അനുപാതം പൂര്‍ത്തീകരിക്കാന്‍ തൊഴിലാളികളുടെ പേരുകള്‍ കൃത്രിമമായി ചേര്‍ക്കുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus