കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഏതാനും ആഴ്ചകളായി ആരംഭിച്ച വ്യാപക റെയ്ഡിലൂടെ പിടിക്കപ്പെട്ട അനധികൃത താമസക്കാരെയും നിയമലംഘകരെയും താമസിപ്പിക്കാന്‍ ഇടമില്ലാതെ അധികൃതര്‍ ബുദ്ധിമുട്ടുന്നതായി വെളിപ്പെടുത്തല്‍.
സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ആഭ്യന്തര വകുപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടത്തിയ രാജ്യ വ്യാപക റെയ്ഡുകളില്‍ ഇന്ത്യക്കാരുള്‍പ്പെടെ 5,000 ലധികം അനധികൃത താമസക്കാരെയാണ് പിടികൂടിയത്.
എന്നാല്‍ പിടികൂട്ടപ്പെട്ടവരില്‍ അധികം പേരെയും വിവിധ കാരണങ്ങളാല്‍ നാടുകടത്താന്‍ സാധിക്കാത്ത വിഷമസന്ധിയിലാണ് അധികൃതര്‍. ആഭ്യന്തര വകുപ്പിന്‍െറ കസ്റ്റഡിയിലുള്ള ഇവരില്‍ പലരും നേരത്തേ വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടതിനാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ടവരാണ്. അധികം പേര്‍ക്കും പാസ്പോര്‍ട്ട് ഉള്‍പ്പെടെ മതിയായ യാത്രാരേഖകളുമില്ല. അതേസമയം, യാത്രാ വിലക്കില്ലാത്ത, രേഖകളെല്ലാം കൃത്യമായുള്ള പിടിയിലായവരെയും സീസണായതിനാല്‍ വിമാന ടിക്കറ്റ് ലഭ്യമാക്കാന്‍ സാധിക്കാത്തതിനാല്‍ പെട്ടന്ന് നാടുകടത്താന്‍ സാധിക്കാത്ത പ്രതിസന്ധിയുമുണ്ട്.
ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് പിടിയിലായവരുടെ കാര്യത്തില്‍ തീരുമാനം ആകുന്നത് വരെ അനധികൃതര്‍ക്കായുള്ള വ്യാപക പരിശോധന തല്‍ക്കാലം തുടരേണ്ടതില്ളെന്നാണ് തീരുമാനമെന്നും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. അങ്കറ സ്ക്രാപയാഡ് ഏരിയയില്‍നിന്നാണ് ഇപ്പോഴത്തെ വ്യാപക റെയ്ഡിന് അധികൃതര്‍ തുടക്കമിട്ടത്. തുടര്‍ന്ന് വഫ്റ കാര്‍ഷികമേഖഖ, മീന അബ്ദുല്ല, ഫഹാഹീല്‍ എന്നിവിടങ്ങളിലും വിദേശികള്‍ ഏറെ തിങ്ങിതാമസിക്കുന്ന ജലീബ് മേഖലയിലുമാണ് വ്യാപക പരിശോധന അരങ്ങേറിയത്. ജലീബില്‍ ഒരു ദിവസം കൊണ്ട് 1500 ഓളം പേരാണ് പിടിയിലായത്. ആകെയുള്ള ഒരുലക്ഷം അനധികൃതരില്‍ 5000 പേരാണ് ഇതുവഴി പിടിയിലായതെന്നും 22000 ഇന്ത്യക്കാരുള്‍പ്പെടെ 95000 പേര്‍ ഇനിയും അനധികൃതരായി രാജ്യത്തുണ്ടെന്നും ആഭ്യന്തരവകുപ്പ് ഈയിടെ വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍