എം.പിമാര്‍ക്കെതിരായ കേസുകള്‍ പബ്ളിക് പ്രോസിക്യൂഷന്‍ പൊടിതട്ടിയെടുക്കുന്നു

കുവൈത്ത് സിറ്റി: 14ാം ദേശീയ അസംബ്ളി ഭരണഘടനാ കോടതി നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് പിരിച്ചുവിട്ടതോടെ പാര്‍ലമെന്‍റ് പരിരക്ഷ നഷ്ടമായ എം.പിമാര്‍ക്കെതിരായ കേസുകള്‍ പബ്ളിക് പ്രോസിക്യൂഷന്‍ പുനരാരംഭിക്കുന്നു.
ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പും അതുവഴി അധികാരത്തിലേറിയ പാര്‍ലമെന്‍റും നിയമവിരുദ്ധമാണെന്നായിരുന്നു ഭരണഘടനാ കോടതിയുടെ വിധി. അതോടെ 14ാം ദേശീയ അസംബ്ളിയിലെ അംഗങ്ങളുടെ പാര്‍ലമെന്‍റ് പരിരക്ഷ ഇല്ലാതായി എന്ന നിഗമനത്തിലാണ് പബ്ളിക് പ്രോസിക്യൂഷന്‍ നിയമ നടപടികള്‍ പുനരാരംഭിക്കാന്‍ തയാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്്. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അന്തിമ തീരുമാനം എന്താണെന്ന് സര്‍ക്കാറും വ്യക്തമാക്കിയിട്ടില്ലാതിരിക്കെ പബ്ളിക് പ്രേസിക്യൂഷന്‍ ഉടന്‍ എം.പിമാര്‍ക്കെതിരായ നടപടികള്‍ക്ക് തുടക്കം കുറിക്കില്ല എന്നാണ് സൂചന.
പ്രതിപക്ഷ നിരയിലെ പ്രമുഖരായ മുസല്ലം അല്‍ ബര്‍റാക്, വലീദ് അല്‍ തബ്തബാഇ, മുഹമ്മദ് ഹായിഫ് അല്‍ മുതൈരി എന്നിവര്‍ക്കെതിരെയുള്ള നിയമനടപടികളെല്ലാം പുനരാരംഭിക്കുമെന്നാണ് പബ്ളിക് പ്രേസിക്യൂഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. ഇവര്‍ക്കെതിരെയെല്ലാം വിവിധ കേസുകള്‍ ഉണ്ടെങ്കിലും പാര്‍ലമെന്‍റ് പരിരക്ഷയുള്ളതിനാല്‍ നടപടിയെടുക്കാന്‍ പബ്ളിക് പ്രേസിക്യൂഷന് കഴിഞ്ഞിരുന്നില്ല.
എന്നാല്‍, മേല്‍പ്പറഞ്ഞവരെല്ലാം പുന:സ്ഥാപിക്കപ്പെട്ട പാര്‍ലമെന്‍റിലും അംഗങ്ങളായിരുന്നുവെന്നതിനാല്‍ തന്നെ പബ്ളിക് പ്രേസിക്യൂഷന് നടപടി പുനരാരംഭിക്കുക എളുപ്പമാവില്ല. പുന:സ്ഥാപിക്കപ്പെട്ട പാര്‍ലമെന്‍റില്‍നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്‍റ് സമ്മേളിച്ച് ഒൗദ്യോഗികമായി സമര്‍പ്പിച്ചാല്‍ മാത്രമേ രാജി പ്രാബല്യത്തില്‍വരൂ.
രാജ്യത്തെ നിയമപ്രകാരം പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് നിയമനടപടികളില്‍നിന്ന് പരിരക്ഷ ലഭിക്കും. പബ്ളിക് പ്രേസിക്യൂഷന്‍ അപേക്ഷ നല്‍കിയാല്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്ത് വേണമെങ്കില്‍ പരിരക്ഷ നീക്കാം. അതിനുശേഷമേ നടപടികള്‍ തുടങ്ങാനാവൂ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus