ന്യൂദല്‍ഹി: ട്രെയിനെവിടെയെത്തിയെന്ന് അറിയാന്‍ കഴിയാതെ, ട്രാഫിക് കുടുക്കില്‍ ആശങ്കയോടെ നില്‍ക്കേണ്ടിവരുന്ന കാലത്തിന് വിട. ഫോണെടുത്ത് എസ്.എം.എസ് ചെയ്താല്‍മതി, ട്രെയിന്‍ ഇപ്പോളെവിടെയെന്ന് അറിയാം. റെയില്‍വേയും കാണ്‍പൂര്‍ ഐ.ഐ.ടിയും സംയുക്തമായി വികസിപ്പിച്ച, തത്സമയ ട്രെയിന്‍ ട്രാക്കിങ് സംവിധാനം വഴിയാണ് റെയില്‍വേ ഈ സൗകര്യം ഒരുക്കുന്നത്. ട്രെയിന്‍ നമ്പര്‍ ടൈപ്പ് ചെയ്ത്, 09415139139, 09664139139 എന്നീ നമ്പറുകളിലൊന്നിലേക്ക് എസ്.എം.എസ് അയച്ചാല്‍ വണ്ടി ഓടിക്കൊണ്ടിരിക്കുന്ന സ്ഥലം എസ്.എം.എസ് ആയി ലഭിക്കുമെന്ന് റെയില്‍മന്ത്രാലയ വക്താവ് അറിയിച്ചു. ആരംഭഘട്ടത്തില്‍ പ്രധാന റൂട്ടുകളിലോടുന്ന രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ ട്രെയിനുകളിലാണ് ഇത് നടപ്പാക്കുക. 'പ്രമുഖ സര്‍വീസുകളായ മുംബൈ രാജധാനി, ഹൗറ രാജധാനി, ഏതാനും തുരന്തോ സര്‍വീസുകള്‍ എന്നിവയെ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
അടുത്ത 18 മാസത്തിനുള്ളില്‍ എല്ലാ പ്രധാന ട്രെയിനുകളെയും 'മൊബൈല്‍ ട്രാക്കിങ്' സൗകര്യം ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയും വിധം സംവിധാനമൊരുക്കാന്‍ 121 കോടി രൂപ വകയിരുത്തിയിട്ടുണ്ട്' -വക്താവ് പറഞ്ഞു. ട്രയിനില്‍ ഘടിപ്പിക്കുന്ന റസീവര്‍ ഉപയോഗിച്ചാണ് ട്രാക്കിങ് സാധ്യമാക്കുക. റസീവര്‍ ഘടിപ്പിച്ച വണ്ടികളില്‍നിന്ന്, ന്യൂദല്‍ഹിയില്‍ ഒരുക്കിയ മുഖ്യ കേന്ദ്രത്തിലേക്ക് സന്ദേശം വന്നുകൊണ്ടിരിക്കും. 2013 അവസാനമാകുമ്പോഴേക്കും എല്ലാ എക്സ്പ്രസ്, മെയില്‍ ട്രെയിനുകളും പദ്ധതിക്കു കീഴില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പരീക്ഷണപദ്ധതിക്കായി സാറ്റലൈറ്റ് ഉപയോഗിക്കാന്‍ ഐ.എസ്.ആര്‍.ഒയില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും പദ്ധതി വ്യാപിക്കാനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ഫോണിനു പുറമെ, ലാപ്ടോപ്പുകളിലെ ഇന്ററാക്ടീവ് സംവിധാനത്തിലൂടെയും സേവനം ലഭ്യമാക്കും. സ്റ്റേഷനുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, മള്‍ട്ടിമീഡിയ സൗകര്യം, ഉയര്‍ന്ന നിലവാരത്തിലുള്ള ഡിസ്പ്ലേ തുടങ്ങി യാത്രക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ലഭ്യമാക്കാനും റെയില്‍വേക്ക് പദ്ധതിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍