12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ഡമ്മി സ്ഥാനാര്‍ഥിയില്‍നിന്ന് പ്രസിഡന്റ് പദത്തിലേക്ക്

ഡമ്മി സ്ഥാനാര്‍ഥിയില്‍നിന്ന് പ്രസിഡന്റ് പദത്തിലേക്ക്

കൈറോ: 'അറബ് ലോകത്തിനും ഈജിപ്തിനും പുതുയുഗപ്പിറവി' എന്നാണ് മുഹമ്മദ് മുര്‍സിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ മാതൃ സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് വിശേഷിപ്പിച്ചത്. വിപ്ലവാനന്തര ഈജിപ്തില്‍ മുബാറകിനുശേഷം അദ്ദേഹത്തിന്റെ അവശിഷ്ടങ്ങളാണോ അതോ, മുബാറക് വിരുദ്ധ ജനകീയ സര്‍ക്കാറാണോ രാജ്യത്തിന്റെ ഭരണം കൈയാളേണ്ടതെന്ന സുപ്രധാന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് കമീഷന്‍ ഔദ്യോഗിക തെരഞ്ഞെടുപ്പു ഫലത്തിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഏറക്കുറെ സുനിശ്ചിതമായിരുന്നു മുര്‍സിയുടെ വിജയം. മുന്‍ ബ്രദര്‍ഹുഡ് നേതാവ് അബ്ദുല്‍ ഫുതൂഹ് ഉള്‍പ്പടെ ഇസ്ലാമിക കക്ഷികളെ പ്രതിനിധാനം ചെയ്യുന്ന സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തിലും 24 ശതമാനം വോട്ടുകള്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ തന്നെ അദ്ദേഹം കരസ്ഥമാക്കി. രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ ഇസ്ലാമിക കക്ഷികളുടെയും രാജ്യത്തെ കോപ്റ്റിക് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിയതിനു ശേഷമാണ് അദ്ദേഹം മുബാറകിന്റെ കടുത്ത അനുയായിയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയുമായിരുന്ന അഹമ്മദ് ശഫീഖിനെതിരെ മത്സരിക്കാനൊരുങ്ങിയത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പു പ്രചാരണങ്ങളും ഇത് പ്രതിഫലിപ്പിക്കുന്നതായിരുന്നു. രാജ്യത്തെ മുബാറക് അനുയായികളും മുബാറക് വിരുദ്ധ ജനകീയ പ്രക്ഷോഭകരും തമ്മിലുള്ള മത്സരമായാണ് തെരഞ്ഞെടുപ്പ് ചിത്രീകരിക്കപ്പെട്ടത്.
തീര്‍ത്തും അപ്രതീക്ഷിതമായാണ് മുര്‍സി പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയുടെ മുഖ്യധാരയിലെത്തുന്നത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ ഉപ കാര്യദര്‍ശിയുമായ ഖൈറാത്ത് ശാത്വിറിന് തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യത കല്‍പിച്ചതോടെയാണ് ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന മുര്‍സി മത്സരത്തിന്റെ ഒന്നാം നിരയിലെത്തുന്നത്. മുബാറക് ഭരണകാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നകാരണത്താലായിരുന്നു ശാത്വിറിന് കമീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ മുര്‍സിക്ക് രാജ്യത്തെ വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന പൂര്‍ണ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മുര്‍സിക്ക് അനുകൂലമായി വിധിയെഴുതുകയായിരുന്നു. ബ്രദര്‍ഹുഡ് വിലയിരുത്തിയതുപോലെ ആ രാജ്യത്തെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഒരു പുതുയുഗം തന്നെയാണ്, വിപ്ലവം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും. 1951 ആഗസ്ററ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുര്‍സി ഈസാ അല്‍ അയ്യാത്തിന്റെ ജനനം. കൈറോ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുര്‍സി 1982ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവര്‍ഷം പ്രഫസറായി സേവനമനുഷ്ഠിച്ചു.
1985ല്‍ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുര്‍സി ബ്രദര്‍ഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തില്‍ സജീവമാകുന്നതും. 2000- 05 കാലത്ത് ബ്രദര്‍ഹുഡിന്റെ പിന്തുണയോടെ പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച മുര്‍സി ഇക്കാലയളവിനുള്ളില്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011ല്‍ ഫ്രീഡം ആന്‍ഡ്് ജസ്റ്റിസ് പാര്‍ട്ടി രൂപവത്കരിക്കുന്നതുവരെ ബ്രദര്‍ഹുഡിന്റെ നേതൃസഥാനത്തായിരുന്നു മുര്‍സി. വര്‍ഷങ്ങള്‍ നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനമുന്നേറ്റത്തിന്റെ മുന്നില്‍നിന്ന ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായി.
ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘവും ഭീകരവുമായ പീഡനങ്ങള്‍ക്ക് വിധേയമായ മുസ്ലിം ബ്രദര്‍ഹുഡിന് ഇത് മധുരപ്രതികാരത്തിന്റെ സന്ദര്‍ഭവും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com