12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

കേരളം ഇങ്ങനെ പോയാല്‍

കേരളം ഇങ്ങനെ പോയാല്‍

കേരളമെന്നുകേട്ടാല്‍ ചോര തിളക്കണമെന്നത് കവിവാക്യം. എന്നാല്‍, കേരളത്തിന്റെ പേരു കേള്‍ക്കുമ്പോഴേ രക്തം തണുത്തുറഞ്ഞു മരവിക്കേണ്ട വിധമെത്തിയിരിക്കുന്നു കാര്യങ്ങള്‍ എന്നാവര്‍ത്തിക്കുന്നു കഴിഞ്ഞദിവസം നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്തുവിട്ട കണക്കുകള്‍. സാക്ഷരത, ആരോഗ്യപരിരക്ഷ, രാഷ്ട്രീയ പ്രബുദ്ധത എന്നിവയില്‍ കേരളമോഡല്‍ എന്ന നാട്യവുമായി ഞെളിഞ്ഞു നില്‍ക്കുന്ന നമ്മള്‍, കേരളീയരുടെ ഊതിവീര്‍പ്പിച്ച അഹങ്കാരത്തെ കുത്തിച്ചോര്‍ത്തുകയാണ് ദേശീയ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2010ലെ സ്ഥിതി വിവരമനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം എന്ന ദുഷ്പേര് കേരളത്തിനു സ്വന്തമായിരിക്കുന്നു. ആകെ ജനസംഖ്യയില്‍ ഒരു ലക്ഷത്തിന് എന്ന തോതില്‍ കുറ്റകൃത്യങ്ങളെ ആനുപാതികമായി വകയിരുത്തിയപ്പോള്‍ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ് കേരളത്തിന്റെ പേരില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷം നടക്കുന്ന കുറ്റകൃത്യങ്ങളുടെ ശരാശരി കണക്ക് 187.6 ആണെങ്കില്‍ കേരളത്തില്‍ ഇത് 424.1 ആണ്. പേരുദോഷത്തില്‍ രണ്ടാം സ്ഥാനത്തുള്ള മധ്യപ്രദേശിനേക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളം. 297.2 ആണ് മധ്യപ്രദേശിന്റെ ശരാശരി. 279.8 ശരാശരിയോടെ ദല്‍ഹി മൂന്നാം സ്ഥാനത്താണ്. കുറ്റകൃത്യങ്ങളുടെ മുന്‍നിരയിലെന്നു പൊതുധാരണയുള്ള ഉത്തര്‍പ്രദേശില്‍ ശരാശരി 87.5 മാത്രമേയുള്ളൂ.
കുറ്റം പറയരുതല്ലോ, കുറ്റകൃത്യങ്ങള്‍ തരംതിരിച്ചെണ്ണുമ്പോഴും ഓരോന്നിലും 'മികവ്' നിലനിറുത്തി തന്നെയാണ് കേരളം മുന്നില്‍ ഇടം പിടിച്ചിരിക്കുന്നത്. കലാപങ്ങളുടെയും തീവെപ്പുകളുടെയും എണ്ണത്തില്‍ ഇന്ത്യയുടെ ആകെ ശരാശരി 6.4 ആണെങ്കില്‍ കേരളത്തിന്റേത് 26. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും കേരളം മുന്നില്‍ തന്നെ. ഒരു ലക്ഷം മലയാളി സ്ത്രീകളില്‍ ഒരുവര്‍ഷം 27 പേരാണ് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്ത ഇടം എന്നു കുപ്രസിദ്ധിയാര്‍ജിച്ച ദല്‍ഹിയില്‍ ഇത് 24.6 ആണ്. അക്കാര്യത്തില്‍ കേരളം ദല്‍ഹിയെയും പിന്തള്ളി. പ്രാകൃതമെന്നു മുദ്രയടിക്കപ്പെടുന്ന ബിഹാര്‍ താരതമ്യേന സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ള സംസ്ഥാനമായാണ് കണക്കിലുള്ളത്. കൊലപാതകം, വധശ്രമം, ബലാത്സംഗം, തട്ടിക്കൊണ്ടുപോക്ക്, സ്ത്രീധനമരണം എന്നിവയെല്ലാം ചേര്‍ത്തുപറയുന്ന അക്രമാസക്ത കുറ്റകൃത്യങ്ങളിലും ദയനീയമാണ് കേരളത്തിന്റെ അവസ്ഥ. 2010 ല്‍ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2,41,986 സംഭവങ്ങളില്‍ 11,756 ഉം നടന്നത് കേരളത്തിലാണ്. കേരളത്തേക്കാള്‍ വലിയ രാജസ്ഥാനില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 10,577 ആണ്. കേരളത്തിന്റെ ഇരട്ടിയിലധികം വിസ്തൃതമെന്നു പറയാവുന്ന തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ അയല്‍സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും നമുക്ക് തല നിവര്‍ത്താനാവില്ല. രാജ്യത്തെ ഏറ്റവും അപകടം പിടിച്ച നഗരത്തിന്റെ അപഖ്യാതിയും നമുക്ക് സ്വന്തം. മെട്രോ നഗരമായ കൊച്ചിയാണ് അത് പതിച്ചെടുത്തിരിക്കുന്നത്. 2009 നെ അപേക്ഷിച്ച് 2010ല്‍ കൊച്ചിയിലെ കുറ്റകൃത്യങ്ങളില്‍ 193 ശതമാനത്തിന്റെ കിടിലന്‍ വര്‍ധനയാണ് ഉണ്ടായതെന്നും നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു.
രണ്ടുവര്‍ഷം മുമ്പുവരെയുള്ള കണക്കുകള്‍വെച്ചാണ് എന്‍.സി.ആര്‍.ബി ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. അതില്‍തന്നെ നിലമിറങ്ങി പരതിയാല്‍ യഥാര്‍ഥ വസ്തുതകളിലേക്ക് ഇനിയുമേറെ കാതം ദൂരമുണ്ടായിരിക്കും എന്നുറപ്പ്. റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നതനുസരിച്ച് പൊലീസിനു കിട്ടിയ 1,94,873 പരാതികളില്‍ 1,35,445 കേസുകള്‍ മാത്രമേ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളൂ. അഥവാ കിട്ടുന്ന പരാതികളില്‍തന്നെ 70 ശതമാനം മാത്രമാണ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിലേക്കു നീങ്ങിയത്. കേസ് രജിസ്റ്റര്‍ ചെയ്യുന്നിടം മുതല്‍ ആരംഭിക്കുന്ന അട്ടിമറി പ്രവണത അന്വേഷണത്തിന്റെ ഏതേതു ഘട്ടങ്ങളില്‍ എങ്ങനെയെല്ലാം സംഭവിക്കുമെന്ന് കേരളത്തിലെ പ്രമാദമായ കേസുകള്‍ മാത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാവും.
ഏതൊരു നാട്ടിന്റെയും ക്രമസമാധാന നിലയുടെ സൂചകമാണ് അവിടത്തെ കുറ്റകൃത്യങ്ങളുടെ തോത്. അതിനാല്‍, ദേശീയ ഔദ്യോഗിക ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് കേരളത്തിന് അത്യന്തം ഗര്‍ഹണീയമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ദൈവത്തിന്റെ സ്വന്തം നാടെന്നുപറഞ്ഞ് മാലോകരെ മാടിവിളിക്കുന്ന കേരളത്തിന്റെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാനുള്ള ധാര്‍മികബലത്തെ ചോദ്യംചെയ്യുന്നതാണ് എന്‍.സി.ആര്‍.ബിയുടെ കണക്കു പുസ്തകം. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സാക്ഷരതകളിലെല്ലാം ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്ന കേരളം പോലൊരു കൊച്ചു സംസ്ഥാനത്തില്‍ ക്രമസമാധാനം പാലിക്കാനും പൗരജീവിതത്തിനു സുരക്ഷിതത്വം നല്‍കാനും ഭരണകൂടത്തിനും അനുബന്ധ സംവിധാനങ്ങള്‍ക്കും സാധിക്കുന്നില്ലെന്നത് നാണക്കേടുതന്നെ. എന്നാല്‍, നാണത്തിനുമേലുള്ള നൂല്‍ബന്ധം പോലും അഴിച്ചുകളയുകയാണിപ്പോള്‍ കേരളം. ക്വട്ടേഷന്‍ കൊലപാതകികളുടെ പ്രായോജകര്‍ പാര്‍ട്ടികളുടെയും ഭരണസിരാകേന്ദ്രങ്ങളുടെയും അമരത്തിരിക്കുന്നതു കണ്ടും പൊലീസ് സേനയിലെ 605 പേര്‍ ക്രിമിനല്‍ കേസിലെ കക്ഷികളാണെന്ന് ഡി.ജി.പി തന്നെ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതും കേട്ട് മിഴിച്ചിരിക്കേണ്ട ഗതികേടിലാണ് നാട്. പൈശാചികതയുടെ ഈ പെരുങ്കളിയാട്ടത്തിനു പറ്റിയ പെരുമ്പറ തന്നെയായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
കാര്യങ്ങള്‍ ഈ വിധമാണ് മുന്നോട്ടു പോകുന്നതെങ്കില്‍ നാടിന്റെ നിലനില്‍പു തന്നെയാണ് അവതാളത്തിലാകുക. നിലനില്‍പിനാധാരമായി കേരളത്തിന് ആകെ അവശേഷിക്കുന്നത് സാധാരണ മനുഷ്യരുടെ ജീവിതനിലവാരം ഉയര്‍ന്നതിന്റെ ഫലമായി ഈ നാടിനു ലഭിച്ച സല്‍പേരാണ്. അതിന്റെ മറവിലാണ് പുറത്തുനിന്നു നാം നിക്ഷേപം ക്ഷണിക്കുന്നതും മാനവവിഭവശേഷി മറുനാടുകള്‍ക്ക് വില്‍ക്കുന്നതും ടൂറിസത്തിന്റെ അറ്റകൈ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതുമൊക്കെ. അതിന്റെയൊക്കെ ആധാരം ക്രമസമാധാനമാണ്. അത് വരുതിയില്‍ നിറുത്താനായില്ലെങ്കില്‍ പിന്നെ ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം പോലും രക്ഷിക്കില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com