12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

തഹ്രീര്‍ സ്ക്വയറില്‍ ആഹ്ലാദപൂരം

തഹ്രീര്‍ സ്ക്വയറില്‍ ആഹ്ലാദപൂരം

കൈറോ: അധികാരത്തിലെ പിടിവിടാതിരിക്കാനുള്ള സൈനിക ഭരണ കൗണ്‍സിലിന്റെ അവസാന കരുനീക്കങ്ങളെയും വിഫലമാക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സിയുടെ വിജയം തെരഞ്ഞെടുപ്പ് കമീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടപ്പോള്‍ തഹ്രീര്‍ ചത്വരം വീണ്ടും ആഹ്ലാദാവേശങ്ങളാല്‍ ഇളകിമറിഞ്ഞു. ഏകാധിപതി ഹുസ്നി മുബാറക് പോയവര്‍ഷം പടിയിറങ്ങിയപ്പോള്‍ പ്രകടമായ അതേ ആഹ്ലാദപൂരത്തിലായിരുന്നു ഇന്നലെ ഈജിപ്ഷ്യന്‍ ജനത.
'മുര്‍സി വിജയിച്ചു, വിപ്ലവം വിജയിച്ചു', 'ദൈവം മഹോന്നതന്‍' തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ജനങ്ങള്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നായകനായ മുര്‍സിയുടെ വിജയത്തെ വരവേറ്റത്.
'സൈനിക ഭരണം തുലയട്ടെ' എന്നാര്‍ത്തു വിളിച്ച ജനക്കൂട്ടം ഈജിപ്തിലുടനീളം പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ഏകാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള ഭരണമാറ്റത്തെ ദേശീയാഘോഷമായി കൊണ്ടാടുകയായിരുന്നെന്ന് അല്‍ ജസീറ ടെലിവിഷന്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തു.
വിജയം അട്ടിമറിക്കപ്പെട്ടുവെന്നും ഫലപ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുമെന്നുമുള്ള ആശങ്കള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ഞായറാഴ്ചത്തെ ഫലപ്രഖ്യാപനം.ജമാല്‍ അബ്ദുന്നാസര്‍, അന്‍വര്‍ സാദത്ത്, ഹുസ്നി മുബാറക് തുടങ്ങിയ ഭരണകര്‍ത്താക്കളുടെ കാലത്ത് നിരന്തരം പീഡിപ്പിക്കപ്പെട്ട മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രഗല്ഭരായ നിരവധി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ജീവനുകളാണ് മര്‍ദക ഭരണകൂടങ്ങള്‍ക്കു കീഴില്‍ പൊലിഞ്ഞുവീണത്. ധീരരക്തസാക്ഷികളുടെ ജീവബലികള്‍ പാഴായില്ലെന്ന വിളംബരം കൂടിയായിരുന്നു മുര്‍സിയുടെ വിജയപ്രഖ്യാപനം.ഏകാധിപത്യത്തിനെതിരായ ജനകീയ പ്രക്ഷോഭത്തില്‍ പങ്കാളിയായതിന്റെ പേരില്‍ എന്‍ജിനീയറിങ് പ്രഫസറായ മുര്‍സിയെ പട്ടാളം അറസ്റ്റ്ചെയ്ത് ജനുവരി 28ന് തുറുങ്കിലടക്കുകയുണ്ടായി. എന്നാല്‍, പ്രക്ഷോഭം കൊടുങ്കാറ്റായി മാറിയപ്പോള്‍ സൈന്യം ജയിലുകള്‍ ഉപേക്ഷിച്ച് ഓടിപ്പോയതോടെ മുര്‍സി സ്വതന്ത്രനാക്കപ്പെട്ടു.
ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ ദര്‍ശനം ആപത്കരമാണെന്ന് വിശേഷിപ്പിച്ച ഔദ്യോഗിക മാധ്യമങ്ങളുടെയും എതിര്‍ഗ്രൂപ്പുകളുടെയും പ്രചാരണങ്ങളെ മറികടന്നായിരുന്നു മുര്‍സി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com