12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

റിയോ ഡി ജനീറോ

റിയോ ഡി ജനീറോ

കള്ള്, ഉണക്കമീന്‍, മുളക് ചമ്മന്തി. തികച്ചും പ്രാകൃതനായിട്ടായിരുന്നു രംഗപ്രവേശം. കണ്ടപാടേ കാമിനി ചോദിച്ചു. 'ഓ! റിയോ ഡി ജനീറയുടെ ഹാങ് ഓവറായിരിക്കും'.
'അതേടീ ബ്രസീലില്‍ ഉച്ചകോടിക്ക് മുമ്പില്‍ എത്ത്നിക് ഫുഡ്, എത്ത്നിക്ക് ഡ്രിങ്ക്, എത്ത്നിക്ക് ഉടുതുണി.'
'ലോയിന്‍ കേ്ളാത്ത്?'
'തന്നെ, ശ്രീകണ്ഠേശ്വരത്തിന്റെ നിഘണ്ടുവില്‍ സാധനത്തിന് കൗപീനം, കോണകം എന്നിങ്ങനെ പര്യായങ്ങളും പറയും. ഒന്നെനിക്ക് മനസ്സിലായി. ശുദ്ധ സംഗീതം പോലെ ഒന്നത്രേ ശുദ്ധ കൗപീനവും! കാലദേശ ഭേദങ്ങളെ കവച്ചുവെച്ച് എവിടെയും ചെലവാകും.'
കൗതുകം കണ്ണില്‍ കത്തുന്നവളുടെ കണ്ണില്‍നിന്നും കണ്ണെടുക്കാതെ അവന്‍ ചോദിച്ചു. 'റിയോ റ്റ്വന്റി ഉച്ചകോടിയില്‍ എനിക്കെന്തായിരുന്നു പണിയെന്ന് നീ ചോദിച്ചില്ല ഇതുവരെ'.
'അതാണ് ചിന്തിച്ചുപോയത്. കാര്‍ബണ്‍ എമിഷന്‍ പരമാവധി നിരുത്സാഹപ്പെടുത്തുന്ന കാര്യം. ലോകരാജ്യങ്ങളെ ഓര്‍മപ്പെടുത്താന്‍ മന്‍മോഹന്‍ജി തലേക്കെട്ടും കെട്ടി അവിടെ പോയിരുന്നല്ലോ?'
'മൂപ്പര്‍ പറയുന്നതിനെ എതിരേല്‍ക്കും വിധം ഇടക്കിടെ സദസ്സില്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു കൊടുക്കാനാണ് എന്നെ കൊണ്ടുപോയത്. സഭാ കമ്പം ഉണ്ടാകാതിരിക്കാന്‍ ഇത്തിരി വീശിക്കൊള്ളാനും അനുവദിച്ചിരുന്നു.'
'എന്നിട്ടോ, പ്രതിരോധ വകുപ്പില്‍ നിന്നും അനുവദിച്ച കുപ്പികള്‍ കാലി! പിന്നെ ബ്രസീലിയന്‍ നാടനാണ് നാണം മാറാന്‍ തുണ നിന്നത്'
'നാണം ഏതു വഴി പോയെന്ന് കണ്ടോ?'
'എവിടെ?' വേദിയില്‍ നിന്ന പ്രധാനമന്ത്രിയെ കൈ മുദ്രകാട്ടി നിര്‍ത്തിച്ചു. സദസ്സില്‍ നിന്നായി പ്രസംഗം. ശരാശരി ഒരു ഇന്ത്യക്കാരന്‍ 1.7 ശതമാനം കാര്‍ബണ്‍ ഡൈ ഓക്സൈഡ് തന്റെ നിത്യവൃത്തിക്കിടയില്‍ അന്തരീക്ഷ മലിനീകരണത്തിന് ചെലവിടുമ്പോള്‍ ഷരാഷരി ഒഴു അമേഴിക്കാക്കാഴന്‍ 17.6 ശതമാനം കാര്‍ബണ്‍ മലിനീകരണം നടത്തുന്നു. ഇത് നിര്‍ത്തണം. നിര്‍ത്തണം. അപ്പോഴാണ് ഇരുന്നുറങ്ങിയിരുന്ന സദസ്യര്‍ ഉണര്‍ന്ന് നോക്കിയത്.'
'അപ്പോള്‍ നീ ഒരു കുറ്റാനേഷ്വകന്റെ നിലയും വിലയും മറന്ന് കള്ള് കുടിച്ച് കയ്യടി വാങ്ങാന്‍ ആക്ടിവിസ്റ്റിന്റെ വേഷവും ആടി'.
'സെക്യൂരിറ്റി എടുത്ത് പുറത്തിട്ടില്ലായിരുന്നെങ്കില്‍ അതിനപ്പുറവും ചെയ്യുമായിരുന്നു.'
'അപ്പോള്‍ അതു സംഭവിച്ചു?'
'പുറത്താക്കിയത് കാര്‍ബണ്‍ എമിഷനെക്കുറിച്ചു പറഞ്ഞതിനല്ലാ. അന്തര്‍ ദേശീയ ഉച്ചകോടിയില്‍ തുണികഴിച്ചിട്ടു നിന്നതിന്. അതാത്രേ കുറ്റം. നഗ്നസത്യം!'
'ദൈവമേ! നീ സൃഷ്ടിച്ച വേഷത്തില്‍ ഇവന്‍ അവിടെ നിന്നത്രേ!
'ക്ഷമിക്കണം, ഒരു കൗപീനം കൂട്ടുണ്ടായിരുന്നു. അതു തുണച്ചു. എടുത്ത് വഴിയില്‍ കൊണ്ട് എറിഞ്ഞപ്പോള്‍ അതാവേഷത്തില്‍ നൂറുകണക്കിന് വേഷങ്ങള്‍'
പ്രേയസ്സി കണ്ണിമയ്ക്കാതെ നോക്കി നിന്നപ്പോള്‍ കുറ്റാന്വേഷകന്‍ കത്തിക്കയറി.
'ഇപ്പോള്‍ നിന്റെ മനസ്സിലുള്ളത് എന്താണെന്ന് ഞാന്‍ പറയട്ടെ? ഈ പറയുന്നതൊക്കെ പ്രിയദര്‍ശനെപ്പോലെ ഏതെങ്കിലും ഇംഗ്ളീഷ് സിനിമയില്‍നിന്നും മോഷ്ടിച്ചതോ എന്നല്ലേ?
'ഇത്രയും അവിശ്വസനീയതക്ക് ഹോളിവുഡ് അമ്പതുകൊല്ലം കൂടി കാത്തിരിക്കണം'
'നീ വെനിസ്വേലേന്ന് കേട്ടിട്ടുണ്ടോ?'
'ഓര്‍ക്കാട്ടേരിയുടെ ലാറ്റിനമേരിക്കന്‍ പരിഭാഷയല്ലേ?'
'എങ്കില്‍ ഹ്യുഗോ ഷാവേസ് എന്നതുകൂടി ചുണയുണ്ടെങ്കില്‍ മലയാളത്തിലാക്ക്.
'പി. ജയരാജന്‍, ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍'.
'അത്രയ്ക്കായോ, എങ്കില്‍ വോള്‍ഫ് ഗാങ് ക്രാക്കര്‍ വോണ്‍ ഷ്വാര്‍ സെന്‍ഫീല്‍ഡ്'.
'കാനായി കുഞ്ഞുരാമന്‍'
'ഗുഡ്', ലോക പ്രശസ്ത ജര്‍മന്‍ ശില്‍പിയാണ് സാധനം. മൂപ്പര്‍ മുപ്പത്തഞ്ച് ടണ്‍ ഭാരമുള്ള ഒരു പടുകൂറ്റന്‍ കല്ല് വെനിസ്വലേന്ന് മോഷ്ടിച്ച് ജര്‍മനിയിലെ ഒരു പൂന്തോട്ടത്തില്‍ കൊണ്ടു നട്ടു. ഒരു ശില്‍പമെന്ന് അവിടെ അതിന് പേരുദോഷവും വരുത്തിവച്ചത്രേ'
'അത്രേയുള്ളോ'.
'അത് വെനിസ്വലെ എന്ന കമ്യൂണിസ്റ്റ് രാജ്യത്തെ സഖാക്കളുടെ 'പിമോണ്‍' എന്ന വിശ്വാസമനുസരിച്ച് അത് ക്യൂക്കാ സ്റ്റോണ്‍ ആയിരുന്നു. പറഞ്ഞുവരുമ്പോള്‍ രാജ്യം കാക്കുന്ന മുതുമുത്തശ്ശിയായി വരും. സീതയെ രാവണന്‍ കട്ടുകൊണ്ടുപോകുന്നത് ഇന്നാണെങ്കില്‍ ഗഡ്കരിയും അദ്വാനിയും എന്തു ചെയ്യും?'.
'ഉറക്കെ നിലവിളിക്കും'
'അതിലുമുറക്കെയായിരുന്നു എന്റെ നേതൃത്വത്തില്‍ സമ്മേളന ഗെയ്റ്റില്‍ വെനിസ്വലേക്കാര്‍ പരമ്പരാഗത വേഷത്തില്‍ നിലവിളിച്ചതും നെഞ്ചത്തലച്ചതും. ആ കല്ല് രാജ്യത്തുനിന്നും പോയശേഷം വെനിസ്വലയില്‍ വിളനാശം, കാലാവസ്ഥ വ്യതിയാനം, ദുരിതം, ഡെങ്കി, ചിക്കുന്‍ഗുനിയ, പകര്‍ച്ചപ്പനി, പോരാഞ്ഞിട്ട് ഹ്യുഗോ ഷാവേസിന് മാത്രമല്ല, മന്ത്രിസഭയിലുള്ള കമ്യൂണിസ്റ്റ് മന്ത്രിമാര്‍ക്കൊക്കെ ക്യാന്‍സര്‍; ആയതിനാല്‍ ഉടന്‍ ആ കല്ല് തിരികെ വെനിസ്വലയില്‍ എത്തിക്കണം'.
'നിനക്ക് ബാന്‍ കി മൂണിനെ കണ്ട് കാര്യം പറഞ്ഞുകൂടായിരുന്നോ?.
'ഓര് ഇറങ്ങി വന്നപ്പോള്‍ കൗപീനധാരിയായി നില്‍ക്കുന്ന എന്നെ കണ്ടപ്പോള്‍ കണ്ണുപൊത്തി, നാണം!'
'കഷ്ടായി'.
'എന്തു കഷ്ടം. എന്റെ നഗ്നതയുടെ നാനാര്‍ഥം നടുറോട്ടില്‍ വിവരിച്ചു. സമ്മേളന നഗരിയില്‍ നഗ്നനായത്. ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ) പ്രകാരം ഭൂമിയില്‍ 242 മില്യണ്‍ ടണ്‍ അധികഭാരം എന്തിന്റെയാണെന്ന് അറിയാമോടോ തനിക്ക്? മനുഷ്യരുടെ ദുര്‍മേദസ്സ്! ഒബിസിറ്റിയെന്നും പറയും. ഭൂമി താങ്ങുന്ന ഈ അധികഭാരമുള്ള മനുഷ്യരില്‍ അധികവും വസിക്കുന്നത് വികസിത രാജ്യങ്ങളിലാണ്. സ്ഥിതി വിവരക്കണക്ക് വച്ചുനോക്കിയാല്‍ മുന്‍പന്തിയില്‍ അമേരിക്ക. ഏറ്റവും കുറവ് ഏഷ്യന്‍, ആഫ്രിക്കന്‍ മൂന്നാംലോക രാജ്യങ്ങള്‍.
അധികഭാരമുള്ളവര്‍ക്ക് അധികം കലോറി ഊര്‍ജം വേണ്ടിവരും. അധിക ഊര്‍ജത്തിന് അധികഭക്ഷണം. അതുകൊണ്ട് മുതലാളിത്ത രാജ്യങ്ങള്‍ മൂര്‍ദ്ദാബാദ്. വെനിസ്വലേക്കന്ന് കട്ടോണ്ട് പോയ കല്ല് ജര്‍മനി തിരിച്ചുകൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ. അധിക ഭക്ഷണം തിന്നു ചീര്‍ക്കുന്ന മുതലാളിത്ത ലോകത്തെ തടിച്ചികളുടെയും തടിയന്മാരുടെയും ഭാരം അടിയന്തരമായി കുറക്കുക. ഒരുതരി അധികഭാരം തന്റെ ശരീരത്തില്‍ എവിടെയെങ്കിലും ഉണ്ടോന്ന് നോക്കടോ മൂണേ'.
'പിഗ്ഗ്ഗ്...' പിന്നില്‍ ടയറിന്റെ കാറ്റുപോയപോലെ ശബ്ദം! തിരിഞ്ഞുനോക്കിയപ്പോള്‍ ഫ്യൂസായ ബള്‍ബ് ഒരെണ്ണം തലപ്പാവ് കെട്ടി നില്‍ക്കുന്നപോലെ മന്‍മോഹന്‍സിങ്'.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com