കഴിഞ്ഞയാഴ്ച ഒരിക്കല്‍കൂടി ശ്രീനഗറില്‍ പോയി. കശ്മീര്‍ താഴ്വരയില്‍ നിരാശയുണര്‍ത്തുന്ന കാഴ്ചകളെ എനിക്ക് കാണാനായുള്ളൂ. കശ്മീര്‍ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ ജേണലിസം വിദ്യാര്‍ഥികളുമായി തുറന്നു സംസാരിക്കാന്‍ അവസരം ലഭിച്ചു എന്നതു മാത്രമാണ് പ്രത്യാശ ഉളവാക്കിയ ഏകകാര്യം. 2010ലെ മൃഗീയമായ കുരുതിയുടെ നടുക്കം കശ്മീരികളുടെ ഹൃദയത്തെ ഇപ്പോഴും മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പലരും ആ നോവുകള്‍ കുടഞ്ഞുകളയാന്‍ കിണഞ്ഞു ശ്രമിക്കുന്നു. എന്നാലും ഓര്‍മകളുടെ വേട്ടയാടലുകളില്‍നിന്ന് ആര്‍ക്ക് രക്ഷപ്പെടാനാകും?
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ എന്റെ മൂന്നാമത്തെ ശ്രീനഗര്‍ സന്ദര്‍ശനമായിരുന്നു ഇത്. കുണ്ടും കുഴിയും നിറഞ്ഞ നിരത്തുകള്‍. ടാറിങ് ഇളകിപ്പോയ കവലകള്‍. മാലിന്യക്കൂനയുടെ ഉയരവും വ്യാപ്തിയും കുറേക്കൂടി വര്‍ധിച്ചിരിക്കുന്നു. തെരുവുനായകളുടെ കാര്യം പറയാതിരിക്കുകയാകും ഭേദം. ന്യൂദല്‍ഹിയിലേതിനേക്കാള്‍ തടിയും വണ്ണവുമുള്ള നായകളാണ് ശ്രീനഗറിലെ ഗലികളില്‍ വിഹരിക്കുന്നത്. ഒന്നോ രണ്ടോ പൗണ്ട് മാംസമല്ല മനുഷ്യ ശരീരത്തിലെ മുഴുവന്‍ ഇറച്ചിയും കടിച്ചുപറിക്കാന്‍ ത്രാണിയുള്ളവയാണ് അവയെന്ന് ഉള്‍ക്കിടിലത്തോടെ തോന്നിപ്പോകുന്നു. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും രാഷ്ട്രീയ മേലാളന്മാരും ഇതൊന്നും കാണാറില്ലെന്നോ? ചുറ്റുമതില്‍ കെട്ടി ഭദ്രമാക്കിയ ബംഗ്ളാവുകളില്‍ പാറാവുകാരുടെ കാവലില്‍ കഴിയുന്ന അവര്‍ എന്തിന് പേടിക്കണം? വഴിനടക്കുന്നവരുടെ വേദനയെക്കുറിച്ച് അവര്‍ എന്തിനോര്‍മിക്കണം?
ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ ദിനേന ശ്രീനഗര്‍ സന്ദര്‍ശിക്കാറുണ്ട്. (കശ്മീരിലെ ഇതര പട്ടണങ്ങളിലും ടൂറിസ്റ്റുകള്‍ക്ക് ഒട്ടും കുറവില്ല) നഗരം നടന്നുകാണുന്ന പരദേശ സഞ്ചാരികള്‍ എത്ര മോശമായ ആതിഥ്യമര്യാദക്കാണ് ഇരയാകുന്നത്. അതേ, ഏതു നേരത്തും വാ പിളര്‍ന്നെത്താവുന്ന നായകളാണ് ഇവിടത്തെ പ്രധാന ആതിഥേയര്‍! വാഹനങ്ങളിലേറുന്ന സഞ്ചാരികളാകട്ടെ ഗതാഗതക്കുരുക്കുകളുടെ തുടര്‍വിഘ്നങ്ങളാല്‍ പൊറുതിമുട്ടുകയും ചെയ്യുന്നു.
2002ല്‍ ശ്രീനഗര്‍ സന്ദര്‍ശിച്ച അനുഭവം ഇപ്പോഴും ഓര്‍മിക്കുന്നു. അന്നൊക്കെ മണിക്കൂറുകളോളം നഗരത്തിലൂടെ സുഗമമായി ഞാന്‍ നടന്നിരുന്നു. ഇപ്പോഴാകട്ടെ അത്തരം നടത്തങ്ങള്‍ തീര്‍ത്തും അസാധ്യം. കാര്‍ഗില്‍ മേഖലയില്‍നിന്ന് ശ്രീനഗറില്‍ പഠിക്കാനെത്തിയ അബ്ദുല്‍ ഹുസൈന്‍ എന്ന പയ്യന്‍ സ്വാനുഭവം എന്നോട് വിവരിക്കുകയുണ്ടായി. പയ്യനെ പട്ടി കടിച്ചു. തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത രാത്രിയില്‍ പയ്യന്‍ ഒരുവിധം ആശുപത്രിയില്‍ എത്തി. കരുതിവെച്ചിരുന്ന പോക്കറ്റ് മണി ചെലവിട്ടായിരുന്നു ചികിത്സയത്രയും.
കശ്മീരിന്റെ സ്വൈരം തകര്‍ക്കാന്‍ പാകിസ്താനില്‍നിന്നോ ചൈനയില്‍നിന്നോ അയക്കപ്പെട്ടവയല്ല ഈ തെരുവു നായ്ക്കള്‍!. അതിര്‍ത്തികള്‍വഴി നുഴഞ്ഞു കയറിയതുമല്ല. അതിനാല്‍ നമ്മുടെ ഗവണ്‍മെന്റ് സെക്രട്ടറിയോ മന്ത്രിയോ അയല്‍ദേശത്തുപോയി ചെലവേറിയ ഉഭയകക്ഷി സംഭാഷണങ്ങള്‍ നടത്താതെതന്നെ ഈ പ്രശ്നത്തിന് പരിഹാരം തേടാം. എന്റെ അഭിപ്രായത്തില്‍ തെരുവുനായ ശല്യം രണ്ട് രീതിയില്‍ പരിഹരിക്കാം. കൊല്ലുന്നത് പാരിസ്ഥിതിക പാപമായതിനാല്‍ നഗരത്തില്‍ പ്രത്യേക വളപ്പ് കെട്ടിയുണ്ടാക്കി ഇവറ്റകളെ അവിടെ പാര്‍പ്പിക്കുക. അല്ലെങ്കില്‍ പിടികൂടി ശ്വാന പ്രണയികള്‍ക്ക് പാരിതോഷികമായി സമ്മാനിക്കുക.
പഴയ സ്മൃതിചിത്രങ്ങള്‍
മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായി ജലീല്‍ അന്ദ്രാബിയെ വധിച്ച കേസിലെ പ്രതി മേജര്‍ അവതാര്‍ സിങ് സ്വന്തം കുടുംബാംഗങ്ങളെ വെടിവെച്ചുകൊന്ന് അമേരിക്കയില്‍ ജീവനൊടുക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണാന്‍ കഴിഞ്ഞു. ആ വാര്‍ത്ത കാണ്‍കെ മനസ്സ് ചില പഴയ ഓര്‍മകളിലേക്ക് മടങ്ങി. ജലീലിന്റെ വിധവ റിഫാഅത്ത്, സഹോദരന്‍ അര്‍ഷദ് തുടങ്ങിയവരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 'കശ്മീര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന എന്റെ പുസ്തകത്തില്‍ ആ അനുഭവവും ഞാന്‍ പ്രതിപാദിക്കുന്നുണ്ട്. ഒരുകാലത്ത് ആഹ്ലാദം കളിയാടിയിരുന്ന ആ വീട് ശ്മശാന മൂകമായി കിടന്നു. വധിക്കപ്പെട്ട അഭിഭാഷകന്റെ മൂന്നു മക്കള്‍, വിധവ, ജ്യേഷ്ഠന്‍ തുടങ്ങിവരുമായി ഞാന്‍ സംസാരിച്ചു. വിധവ റിഫാഅത്ത് കൂടുതല്‍ മിണ്ടാന്‍ നില്‍ക്കാതെ ഉള്‍മുറിയിലേക്ക് വലിഞ്ഞു. ജ്യേഷ്ഠന്‍ അര്‍ഷാദാണ് ആ കഥ വിവരിക്കാന്‍ തയാറായത്.
മഖ്മൂല്‍ ഭട്ടിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ സംഭവത്തോട് അഭിഭാഷകനായ ജലീല്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. (ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാവായ ഭട്ട് ഒരു ഇറ്റാലിയന്‍ പ്രതിനിധിയുടെ കൊലയുമായി ബന്ധപ്പെട്ടാണ് ശിക്ഷിക്കപ്പെട്ടത്.) 'വധശിക്ഷയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ജലീലിനെ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചെങ്കിലും പൊലീസ് ഞങ്ങളുടെ വീട് റെയ്ഡ്ചെയ്ത് പിതാവിന്റെ ലൈസന്‍സുള്ള തോക്ക് കണ്ടുകെട്ടി.' 1990ല്‍ ഹുര്‍റിയത്ത് രൂപം കൊണ്ടപ്പോള്‍ ജലീല്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചു. 1995ല്‍ യു.എന്‍ മനുഷ്യാവകാശ സബ്കമീഷന്‍ ജനീവയില്‍ സമ്മേളിച്ചപ്പോള്‍ അതില്‍ അദ്ദേഹം പ്രതിനിധിയായി സംബന്ധിച്ചു. തുടര്‍ന്ന് അദ്ദേഹം അമേരിക്കയിലും പര്യടനം നടത്തി. കശ്മീരിലെ പൗരാവകാശ ലംഘനങ്ങളില്‍ അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാതെ അമേരിക്കയില്‍ തന്നെ കഴിയാന്‍ അദ്ദേഹത്തെ പലരും ഉപദേശിച്ചു. അതു കൂട്ടാക്കാതെ തിരിച്ചെത്തിയ അദ്ദേഹം പലതവണ വേട്ടയാടപ്പെട്ടു. 1996 മാര്‍ച്ചില്‍ അറസ്റ്റു ചെയ്യപ്പെട്ടു. കൊല്ലപ്പെട്ട വാര്‍ത്തയാണ് പിന്നീട് ലോകം ശ്രവിച്ചത്. ജലീലിന്റെ കൊലയില്‍ പ്രധാന പങ്കുവഹിച്ചത് മേജര്‍ അവതാര്‍ സിങ്ങാണെന്ന് പൊലീസ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി...
വീണ്ടും അനുഭവാഖ്യാനങ്ങള്‍
പ്രായം സമ്മാനിക്കുന്ന പക്വത ചില സത്യങ്ങള്‍ വെട്ടിത്തുറന്നു പറയാനുള്ള ആര്‍ജവവും മനുഷ്യര്‍ക്ക് കൈവരുത്തുന്നു. ഇന്ത്യയിലെ പ്രായമേറിയ പക്വമതികള്‍ സര്‍വീസ് സ്റ്റോറിയോ ആത്മകഥയോ രചിക്കുന്നതായി കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരുകാര്യം ഉറപ്പിക്കാറുണ്ട്. ചില രാഷ്ട്രീയ സത്യങ്ങള്‍ അതിന്റെ ഉള്ളടക്കമായി പ്രത്യക്ഷപ്പെടാതിരിക്കില്ല. മുന്‍ കരസേനാ മേധാവി ജനറല്‍ ജെ.ജെ. സിങ്ങിന്റെ 'എ സോള്‍ജയേഴ്സ് ജനറല്‍' എന്ന ആത്മാഖ്യാനം വായിച്ചപ്പോഴും എന്റെ നിരീക്ഷണം തെറ്റിയില്ല. ഹാര്‍പര്‍ കോളിന്‍സാണ് ഈ കൃതിയുടെ പ്രസാധകര്‍.
കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിയുടെ 'അണ്‍ലീഷിങ് ഇന്ത്യ- ദി ഫയര്‍ ഓഫ് നോളജ്' എന്ന അനുഭവക്കുറിപ്പുകളും ഒന്നാന്തരം. രാഷ്ട്രീയ തിരക്കുകള്‍ക്കും ഭരണനിര്‍വഹണ ചുമതലകള്‍ക്കുമിടയില്‍ അദ്ദേഹത്തിന് എങ്ങനെ ഇത്രയേറെ എഴുതാന്‍ സാധിക്കുന്നു? ഇതിനുമുമ്പേ നാല് തടിയന്‍ വാല്യങ്ങള്‍ രചിച്ച് അദ്ദേഹം നമ്മെ അദ്ഭുതപ്പെടുത്തിയതുകൊണ്ടു മാത്രമാണ് എന്റെ ഈ ചോദ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍