തിരുവനന്തപുരം: അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷ (ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് -ടെറ്റ്) നീളുന്നു. പരീക്ഷാ നടത്തിപ്പ് ചുമതല പരീക്ഷാഭവന് നല്‍കാന്‍ ധാരണയായെങ്കിലും ഇതുസംബന്ധിച്ച ഉത്തരവിറക്കാത്തതാണ് പരീക്ഷയെ അനിശ്ചിതത്വത്തിലാക്കിയത്. പുതിയ നിയമനത്തിന് ഈ പരീക്ഷ നിര്‍ബന്ധമാക്കിയതിനാല്‍ അധ്യാപക നിയമനങ്ങളും നടക്കാതായി.
എന്‍.സി.ഇ.ആര്‍.ടി നിര്‍ദേശമനുസരിച്ച് കേരളത്തില്‍ അധ്യാപക നിയമനത്തിന് യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കാന്‍ യു.ഡി.എഫ് സര്‍ക്കാറാണ് തീരുമാനിച്ചത്. ഇതിന്‍െറ നടപടികള്‍ക്കായി സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എജുക്കേഷനല്‍ റിസര്‍ച് ആന്‍ഡ് ട്രെയിനിങ്ങിനെ (എസ്.ഇ.ആര്‍.ടി) ഏല്‍പിച്ചു. ജൂണ്‍ 15ന് വിജ്ഞാപനമിറക്കാനും ജൂലൈ 15ന് പരീക്ഷ നടത്താനും എസ്.സി.ഇ.ആര്‍.ടി തീരുമാനിച്ചു. ഇതിനായി സിലബസ് തയാറാക്കലും മറ്റ് നടപടികളും പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ ഇതിനിടെയാണ് പരീക്ഷാ നടത്തിപ്പിന്‍െറ ചുമതല എസ്.സി.ഇ.ആര്‍.ടിയില്‍ നിന്ന് മാറ്റി പരീക്ഷാഭവനെ ഏല്‍പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലാ പരീക്ഷകളും പരീക്ഷാഭവന്‍ വഴി നടത്തണമെന്ന നിലപാടിനെത്തുടര്‍ന്നാണത്രെ ഈ മാറ്റം. അതേസമയം പരീക്ഷയുടെ അക്കാദമിക കാര്യങ്ങളുടെ ഉത്തരവാദിത്തം എസ്.സി.ഇ.ആര്‍.ടിയില്‍ നിലനിര്‍ത്തുകയും ചെയ്തു. പരീക്ഷാനടത്തിപ്പ് ചുമതല മാറ്റാന്‍ തീരുമാനിച്ചതോടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ എസ്.സി.ഇ.ആര്‍.ടി നിര്‍ത്തിവെച്ചു. എന്നാല്‍ പരീക്ഷാഭവന് ചുമതല കൈമാറുന്നതിനുള്ള ഉത്തരവ് ഇതുവരെ ഇറക്കിയിട്ടില്ല. അതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരീക്ഷാഭവന് കഴിയുന്നില്ല. ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് ജൂലൈയില്‍ പരീക്ഷ നടത്തുക പ്രയാസകരമാകും. ആഗസ്റ്റില്‍ നടത്താമെന്ന പ്രതീക്ഷയിലാണ് പരീക്ഷാഭവന്‍. അതിന് ഇപ്പോഴെങ്കിലും ഉത്തരവിറങ്ങുകയും വേണം.
രണ്ട് സ്ഥാപനങ്ങളുടെയും ചുമതല നിശ്ചയിച്ച് ഉത്തരവിറക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. ചോദ്യപേപ്പര്‍ തയാറാക്കല്‍ അടക്കമുള്ള ചുമതല പരീക്ഷാഭവനാണെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ചോദ്യമടക്കം മുഴുവന്‍ ജോലികളും തങ്ങള്‍ നിര്‍വഹിക്കുമെന്നും പരീക്ഷാ നടത്തിപ്പ് മാത്രമാണ് പരീക്ഷാഭവനുള്ളതെന്നും എസ്.സി.ഇ.ആര്‍.ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. നിലവില്‍ സര്‍വീസിലുള്ള അധ്യാപകരെ പരീക്ഷയില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇസംബന്ധിച്ചും ഉത്തരവിറങ്ങിയിട്ടില്ല. പുതിയ നിയമനത്തിന് മാത്രമാണ് പരീക്ഷ നിര്‍ബന്ധമാക്കുന്നത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ വിശദീകരണം. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയില്ലെങ്കില്‍ നിലവിലുള്ളവരും പരീക്ഷ എഴുതേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍