Sun, 06/24/2012 - 23:36 ( 47 weeks 2 daysago)
പൂര്‍ണതയിലെത്താതെ 'ടിക്കാ ടിക്കാ'...
(+)(-) Font Size
പൂര്‍ണതയിലെത്താതെ 'ടിക്കാ ടിക്കാ'...

നിലവിലെ ജേതാക്കള്‍ പ്രതീക്ഷിച്ചിരുന്ന വിജയത്തിനവകാശികളായെങ്കിലും അതിന് ലോകചാമ്പ്യന്മാരുടെ വിജയത്തിളക്കമുണ്ടായില്ലെന്ന് മാത്രമല്ല, സ്പാനിഷ് അര്‍മോഡോകള്‍ക്ക് ഈ വിജയത്തിനായി ഏറെ അധ്വാനിക്കേണ്ടിയും വന്നു. എന്നാല്‍, ഈ വിജയത്തിന്, ഏറെ മാധുര്യമുണ്ടായിരുന്നു. യൂറോപ്യന്‍, ലോക ചാമ്പ്യന്മാരൊക്കെയായിരുന്നിട്ട് കൂടി ഇന്നുവരെ സ്പെയിന്‍കാര്‍ക്ക് ഫ്രാന്‍സിനെതിരെ ഒരു അംഗീകൃത അന്താരാഷ്ട്രമത്സരത്തില്‍ വിജയിക്കാനായിട്ടില്ലായിരുന്നു. സാബി അലന്‍സോയുടെ ഇരട്ടഗോളില്‍ നേടിയ 2-0 വിജയവുമായി, ആ നാണക്കേടവര്‍ പഴങ്കഥയാക്കി. യൂറോകപ്പില്‍ സെമിയിലെത്തിയ നിലവിലെ ചാമ്പ്യന്മാര്‍ കലാശപ്പോരില്‍ ഇടം തേടി ബുധനാഴ്ച പോര്‍ചുഗലിനെ നേരിടും.
അലന്‍സോയുടെ ഇരട്ടഗോളുകള്‍ക്ക് ഏറെ മാധുര്യമുണ്ടായി. റയല്‍ മഡ്രിഡിന്റെ ഈ മധ്യനിരക്കാരന്‍ സ്പാനിഷ് കുപ്പായവുമായി തന്റെ നൂറാം മത്സരത്തിനാണ് ബൂട്ട് കെട്ടിയത്. അങ്ങനെ സെഞ്ച്വറി മത്സരം ഇരട്ടഗോളുകളുമായി ഈ അപൂര്‍വ പ്രതിഭ ആഘോഷമാക്കി. സ്പെയിനിന്റെ എല്ലാ മുന്നേറ്റങ്ങള്‍ക്കും മുന്‍നിരക്കാരനായതും ഈ സെഞ്ചൂറിയനായിരുന്നു.
അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് ഫ്രഞ്ച് നിര അയല്‍ക്കാരെ നേരിട്ടത്. പരസ്പരം ബഹുമാനിക്കും മട്ടിലുള്ള ഒരു നീക്കം തന്നെയായിരുന്നു ഇരു ചേരിയില്‍നിന്ന് ആദ്യനിമിഷങ്ങളില്‍. എന്നാല്‍, ലോകചാമ്പ്യന്‍ കൂടിയായ ഫ്രഞ്ച് കോച്ച് ലോറാന്‍ ബ്ലാങ്കിന്റെ അണികളില്‍, എന്തോ അപാകതകള്‍ പ്രതിഫലിച്ചിരുന്നു. അതാകട്ടെ പാളയത്തില്‍ പടയുമായിട്ടാണവരുടെ രംഗപ്രവേശമെന്ന പ്രചാരണത്തിന് യഥാര്‍ഥ്യമുണ്ടെന്ന് തോന്നിക്കും വിധമായിരുന്നു അവരുടെ സ്റ്റാര്‍ട്ടിങ് നിര കാണപ്പെട്ടത്. മുന്‍ ദിവസങ്ങളില്‍ ഫ്രഞ്ച് മുന്നേറ്റങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്തിരുന്ന സമീര്‍ നസ്രിയുടെ പുറത്തിരിക്കലും ദിയാറയുടെ അഭാവവും ഈ സംശയം ബലപ്പെടുത്തുകയും ചെയ്തു. മാത്രമല്ല പിന്‍നിരയില്‍, മഞ്ഞക്കാര്‍ഡുകണ്ട് സസ്പെന്‍ഷനിലായ ഫിലിപ് മെക്സസിന് പകരം മത്സര പരിചയമില്ലാത്ത ഒളിമ്പിക് ലിയോണ്‍ താരം അന്റോണി റിവേലേറെയെ അണിനിരത്തിയതിന്റെ പൊരുളും വ്യക്തമല്ല. കോച്ച് നിയോഗിച്ചത് പിന്‍നിരയിലായിരുന്നുവെങ്കിലും ആദ്യവസാനം മുന്‍ നിരയിലായിരുന്നു റിവേലേറെ.
വിഖ്യാതമായ സ്പെയിനിന്റെ 'ടിക്കാ ടിക്കാ' ഫുട്ബാള്‍, കുറിയ പാസുകളുമായി കളിക്കളത്തില്‍ മനോഹരമായ ചിത്രം നെയ്തെടുത്തു മുന്നേറുന്ന രീതിയാണ്. എന്നാല്‍, ഫ്രഞ്ചുപടക്കെതിരെ ആദ്യ 20 മിനിറ്റുകള്‍ക്കുശേഷം ഇനിയസ്റ്റ, സാവിമാരുടെ പാസുകള്‍ പലതും പിഴച്ചപ്പോള്‍ സ്പാനിഷ് നീക്കങ്ങള്‍ക്ക് ഒഴുക്ക് കുറഞ്ഞു. അര്‍മാഡോകളുടെ വിശ്വസ്തനായ പിന്‍നിരക്കാരന്‍ സെര്‍ജിയോ റാമോസിന് തൊട്ടതൊക്കെ പിഴച്ചതും, കൈയാങ്കളിക്ക് മുന്‍ഗണന നല്‍കിയതുമൊക്കെ ചേര്‍ന്നപ്പോള്‍ നിലവിലെ ലോകചാമ്പ്യന്മാര്‍ ഒരു സാധാരണ പന്തുകളിടീമിന്റെ നിലവാരത്തിലേക്ക് താഴ്ന്നു.
മറുവശത്ത് ഫ്രഞ്ചുകാരുടെ മുന്നേറ്റങ്ങള്‍ക്കൊന്നും തീക്ഷ്ണത പോരാതെയും വന്നു. ഗ്ളാച്ചിയും യാന്‍ എം വില്ലയും നീട്ടി നല്‍കിയ പാസുകള്‍, പതിവില്ലാതെ റിബറിയും ബെന്‍സേമയും ഒത്തിണക്കത്തോടെ ആര്‍ബലോവയേയും പിക്വേയേയും ആല്‍ബയേയും കബളിപ്പിച്ച് മുന്നേറിയെങ്കിലും അതിശക്തനായ കസിയാസിന്റെ മുന്നില്‍ പകച്ചുപോയി. നസ്രിയുടെ അഭാവം, ഈ മുന്നേറ്റങ്ങള്‍ ഫലപ്രദമാകാത്തതിന് കാരണവുമായി. മാത്രമല്ല ഈ മത്സര പരമ്പര മുഴുവന്‍ നിരാശപ്പെടുത്തിയ താരവുമായി റയല്‍ മഡ്രിഡിന്റെ വമ്പന്‍ സ്കോറര്‍ -കരീം ബന്‍സേമ. ആ സുവര്‍ണ ബൂട്ടുകളില്‍ നിന്നൊരുഗോള്‍പോലും ഉതിര്‍ന്നതുമില്ല.
അംഗീകൃത ഫോര്‍വേഡുകളില്ലാതെ തന്നെയാണ് ലോക ചാമ്പ്യന്മാര്‍ അണിനിരന്നത്. 67 മിനിറ്റു നേരംവരെ മുന്‍നിരയിലുണ്ടായിരുന്ന സെസ് ഫാബ്രിഗാസ് നിരാശപ്പെടുത്തി. അതിനുശേഷം അവസരം ലഭിച്ച ടോറസിനും കാര്യമായൊന്നും ചെയ്യാനായില്ല.
തണുത്തുറഞ്ഞ ഫ്രഞ്ച് പ്രതികരണശേഷി കണ്ടറിഞ്ഞ ലോകചാമ്പ്യന്മാരുടെ മുന്നേറ്റങ്ങളൊക്കെ അവരുടെ പിന്‍നിരയില്‍നിന്ന് നയിച്ചിരുന്നത് ജോര്‍ഡി ആല്‍ബയായിരുന്നു. 19ാം മിനിറ്റില്‍ ആന്ദ്രേ ഇനിയസ്റ്റയുടെ കടന്നുകയറ്റവും ജോര്‍ഡി ആല്‍ബയേ ലക്ഷ്യംവെച്ച് നല്‍കിയ ത്രൂപാസും ഗോളിന് വിത്തിട്ടു. അതേ വേഗത്തില്‍ ഒരല്‍പ്പമുയര്‍ത്തി ആല്‍ബ ഓടിയെത്തിയ അലന്‍സോയെ ലക്ഷ്യമാക്കി പന്ത് ക്രോസ് ചെയ്തതും, ഞൊടിയിടയില്‍ ഈ പരിചയസമ്പന്നന്‍ ഉതിര്‍ത്ത ഹെഡര്‍ ഹ്യൂഗോ ലോറീസിനെയും കടന്നു ഫ്രഞ്ചുവലകുലുക്കിയതും അവിസ്മരണീയമായി.
രണ്ടാം പകുതിയിലും കാര്യമായ ചലനങ്ങളൊന്നും ഫ്രഞ്ച് നിരയില്‍നിന്നുണ്ടായില്ലെങ്കിലും ഡബൂച്ചിക്ക് പകരം 64ാം മിനിറ്റില്‍ മെനേസും അടുത്തമിനിറ്റില്‍ മലൂദക്ക് പകരം നസ്രിയും വന്നുവെങ്കിലും, നേരെമേറെക്കഴിഞ്ഞതും ലോകചാമ്പ്യന്മാര്‍ കളിയുടെ നിയന്ത്രണം കൈയിലെടുത്തതും ഫ്രാന്‍സിന് മുന്നേറാനുള്ള അവസരം ഇല്ലാതാക്കി.
85ാം മിനിറ്റില്‍ ദാവീദ് സില്‍വക്ക് പകരമെത്തിയ പെഡ്രോയെ, കോച്ച് ലറോന്‍ ബ്ലാങ്കിന്റെ വിശ്വസ്ഥനായ റെവീലറെ തന്നെ ഇഞ്ചറി ടൈമില്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍, ചവിട്ടി നിലത്തിട്ടതിന് കിട്ടിയ പെനാല്‍റ്റി അലോന്‍സോ രണ്ടാംഗോളായി ആഘോഷിച്ചപ്പോള്‍ സ്പെയിന്‍ സെമി ഉറപ്പിച്ചു.
ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് ഫ്രാന്‍സിനെ പിന്തള്ളിയ സ്പെയിനിന്റെ വിജയത്തിന് ആധികാരികതയുണ്ടായെങ്കിലും സ്പാനിഷ് പ്രതിരോധ-മധ്യനിരകളുടെ നിലവാരത്തകര്‍ച്ച വ്യക്തമാകുന്ന പ്രകടനങ്ങളായിരുന്നു ഇന്നവരുടെ ഭാഗത്തുനിന്നുമുണ്ടായത്. ഇതേ പ്രകടനവും തന്ത്രവും ശൈലിയുമായി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിനെ നേരിടാനാകുമോയെന്നത് മറ്റൊരുചോദ്യവുമാകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus