ബൈറൂത്: സിറിയയുടെ വടക്കന്‍ മേഖലയില്‍ പ്രതിപക്ഷ പ്രക്ഷോഭകരുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ദരാഅസാ നഗരത്തിലും അല്‍അതാരിബിലെ സൈനിക കേന്ദ്രത്തിലുമായിരുന്നു സംഘട്ടനങ്ങള്‍. യു.എന്‍ പ്രത്യേക ദൂതന്‍ കോഫി അന്നന്‍െറ വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍പറത്തി സിറിയയില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ച സിറിയയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 28 സുരക്ഷാസൈനികരടക്കം 39 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെയായി 15,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇറാന് അന്ത്യശാസനം നല്‍കേണ്ടെന്ന് റഷ്യ
മോസ്കോ: ആണവപ്രശ്നത്തില്‍ ഇറാന് അന്ത്യശാസനം നല്‍കണമെന്ന പാശ്ചാത്യ നിര്‍ദേശത്തോട് യോജിപ്പില്ലെന്ന് റഷ്യ. ഇറാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഞൊടിയിടകൊണ്ട് പരിഹരിക്കാമെന്ന വ്യാമോഹം പാശ്ചാത്യര്‍ ഉപേക്ഷിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി.കഴിഞ്ഞയാഴ്ച മോസ്കോയില്‍ നടന്ന ആണവ ചര്‍ച്ച പൂര്‍ണ പരാജയമല്ല. ആ ചര്‍ച്ച സദ്ഫലങ്ങളാണ് സൃഷ്ടിച്ചത്. ചര്‍ച്ച ഇസ്തംബൂളില്‍ തുടരാനും തീരുമാനമായി. ഈ സാഹചര്യത്തില്‍ അന്ത്യശാസനം നല്‍കുന്നത് നയതന്ത്ര നീക്കങ്ങളെ പരാജയപ്പെടുത്തുമെന്ന് ലാവ്റോവ് മുന്നറിയിപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍