Sun, 06/24/2012 - 23:16 ( 51 weeks 2 daysago)
കിരീടത്തിലേക്ക് കോട്ട കാക്കാന്‍ പിക്വെ
(+)(-) Font Size
കിരീടത്തിലേക്ക് കോട്ട കാക്കാന്‍ പിക്വെ
യൂറോ ബ്യൂറോ

ആക്രമണാത്മക തന്ത്രങ്ങളിലൂന്നിയ സ്പെയിനിന്റെ പാസിങ് ഗെയിം ലോക ഫുട്ബാളിന്റെ പ്രശംസക്കു നടുവിലാണിപ്പോള്‍. പ്രതിഭാധനരടങ്ങിയ മധ്യനിരയും അതികേമന്മാരായ സ്ട്രൈക്കര്‍മാരുമെല്ലാം മുന്നേറ്റങ്ങളുടെ ഇഴയടുപ്പത്തിനായി വിയര്‍പ്പൊഴുക്കുമ്പോള്‍ എതിര്‍ പ്രതിരോധം മുള്‍മുനയിലാവുന്നത് സ്വഭാവികം. കളം ഭരിക്കുന്ന ഈ കേളീശൈലിയില്‍ സ്പെയിന്‍ കിരീടങ്ങളില്‍നിന്ന് കിരീടങ്ങളിലേക്ക് കുറതിക്കുമ്പോള്‍ അവരുടെ പിന്‍നിര പകര്‍ന്ന നല്‍കുന്ന ഊര്‍ജം കാണാതിരുന്നു കൂടാ. കാര്‍ലെസ് പുയോളും ജെറാഡ് പിക്വെയും ചേര്‍ന്ന് കോട്ടകാക്കുമ്പോള്‍ ശാവിക്കും ഇനിയസ്റ്റക്കുമൊക്കെ ആധിയില്ലാതെ ആക്രമിച്ചുകയറാനാവുന്നു. ലോകകപ്പും യൂറോകപ്പും നേടിയതിനു പിന്നാലെ ഇത്തവണ യൂറോകപ്പില്‍ കിരീടം കാക്കാന്‍ സ്പെയിന്‍ ഇറങ്ങുമ്പോള്‍ പ്രതിരോധനീക്കങ്ങളുടെ നായകന്‍ അചഞ്ചലമായ ചങ്കുറപ്പുകാട്ടുന്ന പിക്വെയാണ്. പരിക്കേറ്റ പുയോളില്ലാതെ പടക്കിറങ്ങുന്ന സ്പാനിഷ് നിരയില്‍ പിക്വെക്ക് ഇന്ന് ഉത്തരവാദിത്വം കൂടുതലുണ്ട്.
1987 ഫെബ്രുവരി രണ്ടിന് 'കറ്റലാനിയന്‍' തലസ്ഥാനമായ ബാഴ്സലോണയിലാണ് 'ജെറാഡ് പിക്വേ ബര്‍നബ്യോ' ജനിച്ചത്. പന്തുതട്ടി പഠിച്ചത് കറ്റലാനിയന്‍ ദേശീയതയുടെ പ്രതീകമായ ബാഴ്സലോണയിലെ കളിക്കളങ്ങളില്‍ത്തന്നെ. ബാല്യത്തിലേതന്നെ സാധാരണയിലധികം ഉയരവും ആരോഗ്യവും, അഴകുമുണ്ടായിരുന്ന ജെറാഡ് എഫ്.സി ബാഴ്സലോണയുടെ ബി ടീമില്‍ അംഗമായി. ആ വര്‍ഷം തന്നെ 5.25 ദശലക്ഷം യൂറോ നല്‍കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഈ ഡിഫന്‍ഡറെ സ്വന്തമാക്കി. 2004 ഒക്ടോബര്‍ 26ന് ക്യൂ അലക്സാണ്ട്ര എന്ന താഴേത്തട്ടിലുള്ള ടീമിനെതിരെ, ഇംഗ്ളീഷ് എഫ്.എ കപ്പ് മത്സരത്തില്‍ മാഞ്ചസ്റ്ററിനെതിരെ കന്നി മത്സരം. 2006 മാര്‍ച്ച് 29ന് വെസ്റ്റ്ഹാം യുനൈറ്റഡിന് എതിരായിരുന്നു ആദ്യ പ്രീമിയര്‍ ലീഗ് അരങ്ങേറ്റം. അന്നുമുതല്‍ അനിഷേധ്യമായി, പിക്വേയുടെ പ്രതിരോധനിരയിലെ സ്ഥാനം. ആ വര്‍ഷം തന്നെ 'ഗോളടിക്കുന്ന ബാക്' എന്ന പേരുമായി രണ്ടുഗോളുകള്‍ ഒരുമത്സരത്തില്‍തന്നെ നേടി, മറ്റൊരു നേട്ടവും സ്വന്തമാക്കി. 2009വരെ മാഞ്ചസ്റ്ററുമായുള്ള കരാര്‍ നീട്ടിയെങ്കിലും, ഗൃഹാതുരത്വം കാരണം അടുത്ത സീസണില്‍, സ്പെയിനിലെ റയല്‍ സരഗോസയിലേക്ക് 'താല്‍ക്കാലികമായി' മാറി. 2007 നവംബറില്‍ തിരിച്ച് മാഞ്ചസ്റ്ററിലെത്തി. ഡയനാമോ കീവിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍, ഡിഫന്‍സിന്റെ പൂര്‍ണ ചുമതല ഏറ്റെടുത്തു. 4-0 വിജയത്തിലെത്തിയ ആ മത്സരത്തില്‍ രണ്ടാം ഗോളും പിക്വേയുടേതായിരുന്നു. അതാകട്ടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യമത്സരത്തിലെ പിക്വേയുടെ ഒന്നാം ഗോളുമായി.
പിന്നെ തിരിഞ്ഞുനോക്കിയിട്ടേയില്ല. 2008ല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് ജേതാവായ ജെറാഡ് പിക്വേ തൊട്ടടുത്തവര്‍ഷം തന്റെ ഹൃദയവികാരമായ ബാഴ്സക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി. തുടര്‍ച്ചയായി രണ്ടാം ചാമ്പ്യന്‍സ് ലീഗ് വിജയം, തൊട്ടടുത്ത വര്‍ഷങ്ങളില്‍ വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന ആദ്യതാരവുമായി പിക്വേ.
2006ല്‍ സ്പാനിഷ് അണ്ടര്‍ 19 ടീമില്‍ അംഗമായ പിക്വേയുടെ മികവില്‍ സ്പെയിന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായി. എന്നാല്‍, തൊട്ടടുത്തവര്‍ഷം അണ്ടര്‍ 20 നായകനായ ജെറാഡിന്റെ പിഴവുകൊണ്ടായിരുന്നു ചാമ്പ്യന്‍ഷിപ് കൈവിട്ടുപോയത്. ചെക് റിപ്പബ്ലിക്കിനെതിരെയുള്ള സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നായകന്‍ തന്നെ, അവസരം തുലച്ചുകളഞ്ഞത് ഫൈനല്‍ പ്രവേശം അസാധ്യമാക്കി.
2009 ഫെബ്രുവരി 11നായിരുന്നു ദേശീയടീമിലേക്കുള്ള കടന്നുവരവ്. ഇംഗ്ളീഷുകാര്‍ക്കെതിരായിരുന്നു കന്നി മത്സരം. സ്പെയിനിനുവേണ്ടി ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ ആറു തവണ ബൂട്ടുകെട്ടിയ പിക്വേ മൂന്നുമത്സരങ്ങളിലും ഗോള്‍ നേടിയിരുന്നു. തുര്‍ക്കിയെ വീഴ്ത്തി സ്പെയിന്‍ ദക്ഷിണാഫ്രിക്കയിലേക്ക് ടിക്കറ്റ് നേടിയ മത്സരത്തിലെ വിജയഗോളിനുടമയുമായി. ആക്രമണ, പ്രതിരോധനിരയിലെ പിക്വേയുടെ അജയ്യത, യൂറോപ്യന്‍ ചാമ്പ്യനും സ്പെയിനിന്റെ വിശ്വസ്തനുമായിരുന്ന കാര്‍ലോസ് മെര്‍ച്ചേനയുടെ സ്ഥാനം തെറിപ്പിച്ചു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ നായകന്‍ പുയോളിനൊപ്പം തോള്‍ ചേര്‍ന്നുനിന്ന് പിക്വേ, പിന്‍നിരയില്‍ കിരീടത്തിലേക്ക് കോട്ട കെട്ടി. 192 സെന്റിമീറ്റര്‍ ഉയരമുള്ള പിക്വേയുടെ അസാധാരണമായ ഹെഡറാണ് മറ്റ് ഡിഫന്‍ഡര്‍മാരില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്തുന്നത്. ഒപ്പം, എഴുപതുകളിലെ ഫ്രാന്‍സ് ബക്കന്‍ബവറുടെ അനിഷേധ്യശൈലിയും, ആക്രമണവും പ്രതിരോധവും ഒരേമട്ടില്‍ കൈകാര്യം ചെയ്യാനുള്ള മിടുക്കും. സാങ്കേതിക മികവില്‍ മുന്നില്‍നില്‍ക്കുന്ന പിക്വേ 2009-10 ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാനെതിരെ നേടിയ മിന്നുന്ന ഗോള്‍ ഇതിന് ഉദാഹരണമാണ്.
2010-11 വര്‍ഷത്തിലും പിക്വേ ചാമ്പ്യന്‍സ് ലീഗ് വിജയിയായി. രണ്ട് ടീമുകള്‍ക്കായി തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടിയ ആദ്യതാരവുമായി ഈ കറ്റലാനിയന്‍. സ്പെയിനിനുവേണ്ടി കൈമെയ് മറന്നുകളിക്കുന്ന ജെറാഡ് പിക്വേ ഒരിക്കലും ഒരു സ്പെയിന്‍കാരനാണെന്ന് സമ്മതിക്കില്ല. 'ഐ ആം എ കറ്റലാന്‍' എന്ന് അഭിമാനപൂര്‍വം പറയുന്ന ഈ ബാഴ്സലോണക്കാരന്റെ കരുത്തിലാണ് സ്പെയിന്‍ ലോകചാമ്പ്യന്മാരായെന്നത് മറ്റൊരുകൗതുകം.
ലോകമറിയുന്ന പോപ് ഗായിക ഷക്കീറയുമായി പ്രണയത്തിലാണിപ്പോള്‍ പിക്വെ. അര്‍ജന്റീനാ പ്രസിഡന്റിന്റെ മകന്റെ ഭാവിവധുവായി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന 34 കാരിയായ 'ഷക്കീറയെ 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് മത്സരങ്ങളുടെ അവതരണഗാനം ആലപിക്കാന്‍ ഫിഫ തെരഞ്ഞെടുത്തിരുന്നു. 2010ല്‍ സ്പെയിനിലെ പവിഴദ്വീപുകളിലൊന്നിലായിരുന്നു സൂപ്പര്‍ ഹിറ്റായിത്തീര്‍ന്ന, ഫുട്ബാള്‍ ഗീതം 'വക്ക വക്കാ'യുടെ ചിത്രീകരണം. സ്പാനിഷ് ടീം അംഗങ്ങളായ പിക്വേയും ശാവിയുമൊക്കെ ഫിഫയുടെ പ്രത്യേക അതിഥികളായിട്ടവിടെയുണ്ടായിരുന്നു. 34 കാരിയായ ഷക്കീറയും 24 കാരനായ പിക്വേയും പരിചയപ്പെടുന്നത് ഈ ഗാനചിത്രീകരണത്തിനിടയിലാണ്.
2010 ജൂലൈ നാലിന് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയനയില്‍ നടക്കേണ്ടിയിരുന്ന ഒരു വമ്പന്‍ സംഗീതപരിപാടി മുന്നറിയിപ്പ് കൂടാതെ അവസാനിപ്പിച്ച് ഷക്കീറ ചാര്‍ട്ടര്‍ ചെയ്ത ജറ്റില്‍ ഫ്രാങ്ക്ഫുര്‍ട് വഴി ബാഴ്സലോണയിലേക്ക് പറന്നത് മത്സരവേളയില്‍ പിക്വേക്ക് പരിക്കേറ്റ വിവരമറിഞ്ഞായിരുന്നു. മുന്‍കൂട്ടി പതിനായിരങ്ങള്‍ മുടക്കി ടിക്കറ്റ് കരുതിയിരുന്ന 27,000 കാണികളാണ് അന്ന് നിരാശരായത്.
കൊളംബിയയിലെ തുറമുഖ നഗരമായ ബാരന്‍ക്വീലയില്‍ 1977 ഫെബ്രുവരി രണ്ടിനാണ് ഷക്കീറ ജനിച്ചത്. ഇതിനൊരു സവിശേഷതയുണ്ട്. ജെറാഡും ഷക്കീറയും ജനിച്ചത് വ്യത്യസ്ത വര്‍ഷങ്ങളിലാണെങ്കിലും ഒരേദിവസമാണ്.drashrafmohamed@yahoo.com

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus