Sun, 06/24/2012 - 21:16 ( 47 weeks 6 daysago)
അത്ലറ്റിക് മീറ്റ്: കേരളത്തിന്റെ കുതിപ്പ്
ടിന്റുവിനും കുഞ്ഞുമുഹമ്മദിനും ജിതിന്‍ സി. തോമസിനും പ്രജുഷക്കും സ്വര്‍ണം
ഹൈദരാബാദ്: ദേശീയ സീനിയര്‍ ഇന്റര്‍സ്റ്റേറ്റ് അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന്റെ മുന്നേറ്റം. നാല് സ്വര്‍ണവും നാല് വെങ്കലവുമുള്‍പ്പെടെ 86 പോയിന്റുമായി കേരളം ഒന്നാമതെത്തി. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കേരളമാണ് മുന്നില്‍.
അതേസമയം, ശനിയാഴ്ച 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഹരിയാനയുടെ ധരംബീര്‍ സിങ്ങിനെ ഉത്തേജകമരുന്ന് പരിശോധനക്ക് വിസമ്മതിച്ചതിന് സസ്പെന്‍ഡ് ചെയ്തു. ഇദ്ദേഹത്തിന് ലഭിച്ച സ്വര്‍ണ മെഡല്‍ തിരിച്ചുവാങ്ങും. ഇതോടെ, 100 മീറ്ററില്‍ നാലാം സ്ഥാനത്തായിരുന്ന കേരളത്തിന്റെ ഷമീര്‍ മോന്‍ വെങ്കല മെഡലിനുടമയായി.
പുരുഷന്‍മാരുടെ 400 മീറ്ററില്‍ പി. കുഞ്ഞുമുഹമ്മദും ഹൈജംപില്‍ ജിതിന്‍ സി. തോമസും വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയും ലോങ്ജമ്പില്‍ എം.എ പ്രജുഷയുമാണ് കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ ഡെക്കാത്തലണില്‍ റനീഷ് വി.വിയും 800 മീറ്ററില്‍ സജീഷ് ജോസഫും വനിതകളുടെ ലോങ്ജമ്പില്‍ സുസന്‍ കെ. ജോയിയും 800 മീറ്ററില്‍ എസ്.ആര്‍. ബിന്ദുവും കേരളത്തിനുവേണ്ടി വെങ്കലം നേടി.
പുരുഷന്‍മാരുടെ 400 മീറ്ററില്‍ 46.20 സെക്കന്റിലാണ് കുഞ്ഞുമുഹമ്മദ് സ്വര്‍ണനേട്ടവുമായി ഫിനിഷ് ചെയ്തത്. പശ്ചിമബംഗാളിന്റെ എസ്.കെ മൊര്‍താസ വെള്ളിയും രാജസ്താന്റെ ആരോക്യ രാജീവ് വെങ്കലവും നേടി. വനിതകളുടെ 800 മീറ്റില്‍ കര്‍ണാടകക്കുവേണ്ടി മല്‍സരിച്ച മലയാളി താരം സിനിമോള്‍ പൗലോസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ടിന്റു ലൂക്ക സ്വര്‍ണം ചൂടിയത്. 2:01:36 ആണ് ടിന്റു കുറിച്ച സമയം.
പുരുഷന്‍മാരുടെ ഹൈജമ്പില്‍ 2.14 മീറ്റര്‍ ദൂരമാണ് സ്വര്‍ണം നേടിയ കേരളത്തിന്റെ ജിതിന്‍ സി. തോമസ് താണ്ടിയത്. കര്‍ണാടകയുടെ എസ്. ഹര്‍ഷിത് വെള്ളിയും തമിഴ്നാടിന്റെ നിഖില്‍ ചിത്തരസു വെങ്കലവും നേടി. വനിതകളുടെ ലോങ്ജമ്പില്‍ 6.24 മീറ്റര്‍ ചാടിയാണ് പ്രജുഷ സ്വര്‍ണം നേടിയത്. 6.14 മീറ്റര്‍ താണ്ടിയ മഹാരാഷ്ട്രയുടെ ശ്രദ്ധ ഗുലെ വെള്ളിയപ്പോള്‍ 6.13 മീറ്റര്‍ ദൂരം പിന്നിട്ടാണ് കേരളത്തിന്റെ സുസന്‍ കെ. ജോയ് വെങ്കലം നേടിയത്.
പുരുഷ വിഭാഗം ഹാമര്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ ചന്ദ്രോദയ നാരായണ്‍ സിങ് സ്വര്‍ണവും രാജസ്ഥാന്റെ നീരജ് കുമാര്‍ വെള്ളിയും പഞ്ചാബിന്റെ ദലേര്‍ സിങ് വെങ്കലവും നേടി. പുരുഷന്‍മാരുടെ ഡെക്കാത്തലണില്‍ മഹാരാഷ്ട്രയുടെ കെ. ദിലീപ്കുമാറിനാണ് സ്വര്‍ണം. ഉത്തര്‍പ്രദേശിന്റെ ചന്ദ്രഹാസ് കുശ്വാഹ വെള്ളി നേടി.
വനിതകളുടെ 400 മീറ്ററില്‍ പശ്ചിമ ബംഗാളിന്റെ ദേബശ്രീ മജുംദാറിനാണ് സ്വര്‍ണം. ഒഡിഷയുടെ സരസ്വതി ഛന്ദ് വെള്ളിയും പഞ്ചാബിന്റെ രത്തന്‍ദീപ് കൗര്‍ വെങ്കലവും നേടി. കേരളത്തിന്റെ സി. ആര്യ നാലാമതായാണ് ഫിനിഷ് ചെയ്തത്.
പുരുഷന്‍മാരുടെ 800 മീറ്ററില്‍ രാജസ്ഥാന്റെ ഗമന്‍ഡ റാം സ്വര്‍ണവും ഛത്തിസ്ഗഢിന്റെ ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും കേരളത്തിന്റെ സജീഷ് ജോസഫ് വെങ്കലവും നേടി. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ മണിപ്പൂരിന്റെ സഞ്ജിത് ലുവാങ് സ്വര്‍ണവും തമിഴ്നാടിന്റെ രാമചന്ദ്രന്‍ വെള്ളിയും ഹരിയാനയുടെ ജയ്വീര്‍ വെങ്കലവും നേടി. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ ചേസില്‍ ഉത്തര്‍രപദേശിന്റെ പ്രിയങ്ക സിങ് പട്ടേല്‍ സ്വര്‍ണവും ഹരിയാനയുടെ കിരണ്‍ തിവാരി വെള്ളിയും ഉത്തര്‍പ്രദേശിന്റെ ചിന്താ യാദവ് വെങ്കലവും നേടി. വനിതകളുടെ ഷോട്പുട്ടില്‍ പഞ്ചാബിന്റെ പത്വന്ത് കൗര്‍ സ്വര്‍ണം നേടി. ആന്ധ്രപ്രദേശിന്റെ പി. ഉദയലക്ഷ്മിക്കാണ് വെള്ളി. പശ്ചിമ ബംഗാളിന്റെ സുപണ ഘോഷ് വെങ്കലം നേടി.
ഓവറോള്‍ പോയിന്റ് നിലയില്‍ കേരളത്തിന് പിന്നില്‍ 61 പോയിന്റുമായി ഉത്തര്‍പ്രദേശാണ്. 45 പോയിന്റുള്ള പശ്ചിമബംഗാളാണ് മൂന്നാം സ്ഥാനത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍