ന്യൂദല്‍ഹി: കടുത്ത പ്രതിസന്ധി നേരിടുന്ന സമ്പദ് വ്യവസ്ഥയെ വീണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും പ്രഖ്യാപിക്കും. ഇതില്‍ അടിക്കടി ഇടിയുന്ന രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികളും ഉണ്ടാകും.
2011-12ലെ സാമ്പത്തിക വളര്‍ച്ച ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. ഏപ്രില്‍ മാസത്തെ വ്യവസായിക ഉല്‍പാദന വളര്‍ച്ച 0.1 ശതമാനം മാത്രമാണ്. നിക്ഷേപങ്ങളുടെ അഭാവമാണ് ഈ സാഹചര്യത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍. ഇതിന് കാരണമായത് പണത്തിന്റെ ലഭ്യത കുറഞ്ഞതും.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുക തുടങ്ങിയ നടപടികളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കൂടുതല്‍ വിദേശ നാണയം ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് എന്‍.ആര്‍.ഇ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുക, വിദേശ ഇന്ത്യക്കാരെ ലക്ഷ്യമാക്കി കടപ്പത്രങ്ങള്‍ ഇറക്കുക തുടങ്ങിയ നടപടികളും പ്രതീക്ഷിക്കുന്നു.
രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നതിനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും വൈകാതെ സര്‍ക്കാറും റിസര്‍വ് ബാങ്കും നടപടികള്‍ പ്രഖ്യാപിക്കുമെന്ന് ശനിയാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതിനകം തന്നെ കയറ്റുമതി വരുമാനം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കയറ്റുമതിക്കാരെ പ്രേരിപ്പിക്കുന്നതിനുള്ള നടപടികള്‍ എടുത്തതിനു പുറമെ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാന്‍ വാണിജ്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഓഹരി വിപണി വഴി കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് നിയന്ത്രണങ്ങളില്‍ ഇളവും വരുത്തി.
ബജറ്റ് കമ്മിയും വിദേശ വ്യാപാര കമ്മിയും കുറക്കുന്നതിനുള്ള നടപടികളും തിങ്കളാഴ്ച പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുമ്പത്തെ അളവില്‍ പുറം സഹായം പ്രതീക്ഷിക്കരുതെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. നമ്മുടെ നല്ല നടപടികള്‍ വഴിതന്നെ സമ്പദ്വ്യവസ്ഥയെ കരകയറ്റണം -ജി20, റിയോ ഉച്ചകോടികളില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങവേ പ്രത്യേക വിമാനത്തില്‍ വാര്‍ത്താലേഖകരോട് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ്വ്യവസ്ഥയെ വീണ്ടും വളര്‍ച്ചയുടെ പാതയില്‍ എത്തിക്കാന്‍ തിങ്കളാഴ്ച സര്‍ക്കാര്‍ ചില നടപടികള്‍ പ്രഖ്യാപിക്കുമെന്ന് മന്‍മോഹന്‍ സിങ് സൂചന നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍