കൈറോ: വിപ്ലവാനന്തര ഈജിപ്തിലെ പ്രഥമ പ്രസിഡന്റായി മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സുപ്രീം പ്രസിഡന്‍ഷ്യല്‍ ഇലക്ട്രല്‍ കമീഷന്‍ (സ്പെക്) അധ്യക്ഷന്‍ ഫാറൂഖ് സുല്‍ത്താന്‍ ആഴ്ചയോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് താല്‍ക്കാലിക വിരാമംകുറിച്ച് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജൂണ്‍ 16,17 തീയതികളില്‍ നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മൊത്തം പോള്‍ ചെയ്ത 2.6 കോടി വോട്ടുകളില്‍ 51.73 ശതമാനം കരസ്ഥമാക്കിയാണ് 60കാരനായ മുര്‍സി വിജയം കൊയ്തത്. എതിര്‍ സ്ഥാനാര്‍ഥിയും കഴിഞ്ഞ വര്‍ഷം ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് ഹുസ്നി മുബാറകിന്റെ പ്രധാനമന്ത്രിയുമായിരുന്ന അഹ്മദ് ശഫീഖിന് 48 ശതമാനത്തോളം വോട്ടാണ് ലഭിച്ചത്. എട്ടു ലക്ഷത്തോളം വോട്ടുകള്‍ അസാധുവായതായും തെരഞ്ഞെടുപ്പു സംബന്ധിച്ച് 456 പരാതികള്‍ ലഭിച്ചതായും ഫാറൂഖ് സുല്‍ത്താന്‍ അറിയിച്ചു. എന്നാല്‍, ഇത് മുര്‍സിയുടെ പ്രസിഡന്റ് പദത്തെ ബാധിക്കില്ല. സ്വതന്ത്ര ഈജിപ്തിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരാളെ സ്വതന്ത്രമായ ബഹുകക്ഷി തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് പദത്തിലെത്തിച്ചതിന്റെ ആഹ്ലാദം രാജ്യത്തെങ്ങും അലതല്ലുകയാണ്. പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്ത സൈനിക ഭരണകൂടത്തിന്റെ (സ്കാഫ്) നടപടിക്കെതിരെ കൈറോയില്‍ നടന്നുവരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ ആഹ്ലാദപ്രകടനങ്ങളായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരടക്കമുള്ളവര്‍ കൈറോയിലേക്ക് ഒഴുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മേയ് 23, 24 തീയതികളില്‍ നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്ന 13 സ്ഥാനാര്‍ഥികളില്‍ ഒരാള്‍ക്കും 50 ശതമാനം വോട്ടു ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയവരെ സ്ഥാനാര്‍ഥികളാക്കിക്കൊണ്ട് ജൂണില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ആദ്യ ഘട്ടത്തില്‍, ബ്രദര്‍ഹുഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഖൈറാത്ത് അശ്ശാത്വിറിന്റെ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് കമീഷന്‍ നിരസിച്ചതോടെയാണ് ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന മുര്‍സി മുഖ്യധാരയില്‍ വരുന്നത്. ആദ്യ ഘട്ടത്തില്‍ 24 ശതമാനം വോട്ടു നേടിയ മുര്‍സി രണ്ടാം ഘട്ടത്തില്‍ 55 ശതമാനം വോട്ട് നേടുമെന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനിച്ചപ്പോള്‍തന്നെ ബ്രദര്‍ഹുഡ് അവകാശപ്പെട്ടിരുന്നു. സമാനമായ സര്‍വേ ഫലങ്ങളും ആ ദിവസങ്ങളില്‍ പുറത്തുവന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക ഭരണകൂടം നടത്തിയ ഇടപെടലുകള്‍ ജനകീയ വിപ്ലവത്തെ അട്ടിമറിക്കുമോ എന്ന ആശങ്ക രാജ്യത്ത് ഉയര്‍ത്തി. നിയമ സാധുതയില്ലെന്ന് കാണിച്ച് പാര്‍ലമെന്റ് പിരിച്ചുവിട്ട സ്കാഫ്, പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
ഇതിനിടെ, അഹ്മദ് ശഫീഖിനെ പ്രസിഡന്റാക്കാനും രഹസ്യ നീക്കം നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതേത്തുടര്‍ന്ന് ഈജിപ്തിലുടനീളം സൈനിക ഭരണകൂടത്തിനെതിരെ പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് ഞായറാഴ്ച സ്പെക് പ്രക്ഷോഭകര്‍ കാത്തിരുന്ന ഫലം പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ സൈനിക തലവന്‍ മാര്‍ഷല്‍ തന്‍ത്വാവി അഭിനന്ദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍