നേസാര്‍(ഹരിയാന): അവളറിഞ്ഞിരുന്നില്ല, തന്നെ ജീവിതത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാജ്യമൊന്നടങ്കം ആ മരണക്കിണറിനുചുറ്റും പ്രാര്‍ഥനയോടെ നിന്നത്. പ്രതീക്ഷയുടെ നാലാംനാള്‍ മഹിയുടെ അടുത്ത് ഭൂമി തുരന്നെത്തിയ ജവാന്മാര്‍ക്ക് അവളുടെ ജീവനറ്റ ശരീരമേ വീണ്ടെടുക്കാനായുള്ളൂ. കുഴല്‍ക്കിണറില്‍ 70 അടി താഴ്ചയിലേക്കുവീണ് മണിക്കൂറുകള്‍ക്കുള്ളില്‍ അവള്‍ മരിച്ചിരിക്കാമെന്ന് മഹിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചതോടെ നാടിന്റെ തേങ്ങലായി മാറി ഈ കുരുന്ന്.
ഗുഡ്ഗാവിനടുത്ത മനേസാര്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി പിറന്നാള്‍ ദിനത്തിലാണ് നാലുവയസ്സുകാരി മഹി വീട്ടുമുറ്റത്തെ കുഴല്‍ക്കിണറില്‍ വീണത്. വ്യാഴാഴ്ച മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ ഇരുന്നൂറോളം വരുന്ന സൈനികര്‍ ഇടതടവില്ലാതെ പരിശ്രമിച്ചെങ്കിലും മഹി കുടുങ്ങിക്കിടന്ന സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്, കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചെങ്കിലും ഒരു വലിയ പാറ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചത്. സൈനികര്‍ രണ്ടു വിഭാഗമായി തിരിഞ്ഞായിരുന്നു ഓപറേഷന്‍. ഒരു സംഘം കയറില്‍ കാമറ കെട്ടി കുഴല്‍ക്കിണറിലിറക്കി കുട്ടിയെ നിരീക്ഷിക്കാന്‍ തുടങ്ങി. അവ്യക്തമായ ദൃശ്യങ്ങളില്‍ അനക്കമില്ലാത്ത കൈ കണ്ടു. കുഞ്ഞ് അബോധാവസ്ഥയിലാണെന്നായിരുന്നു ഈ ഘട്ടത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം. കിണറില്‍ പൈപ്പ് ഇറക്കി ഓക്സിജന്‍ നല്‍കുന്നുണ്ടായിരുന്നു അപ്പോഴൊക്കെ. അതേസമയം, മറ്റൊരു സംഘം കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിക്കാന്‍ തുടങ്ങി. കുട്ടി കുടുങ്ങിക്കിടക്കുന്ന ആഴത്തിലെത്തിയാല്‍, പുതിയ കിണറില്‍നിന്ന് തുരങ്കമുണ്ടാക്കി മഹിക്കരികിലെത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. കൃത്യതയോടെ ഈ പ്രവൃത്തിചെയ്യാന്‍ മേഖലയില്‍ നിരവധി കുഴല്‍ക്കിണറുകള്‍ കുഴിച്ച ഒരാളുടെ സഹായവും സൈനികര്‍ ഉപയോഗിച്ചു. ശനിയാഴ്ചയും പ്രവൃത്തി പുരോഗമിക്കവെ, ഇരു കിണറുകള്‍ക്കും ഇടയില്‍ വന്‍പാറ കണ്ടെത്തി. ഇതോടെ രക്ഷാപ്രവര്‍ത്തനം സ്തംഭിച്ചു. വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് പാറ തുരക്കുന്നത് കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന നിരീക്ഷണത്തെ തുടര്‍ന്ന് കൈകൊണ്ട് പാറനീക്കാന്‍ തീരുമാനിച്ചു. ഇതിനിടെ, മഹി കിടക്കുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്താന്‍ ദല്‍ഹി മെട്രോയുടെ വിദഗ്ധരെ വിളിച്ചുവരുത്തി. അവര്‍ നിര്‍ണയിച്ച ലക്ഷ്യത്തിലേക്ക് സൂക്ഷ്മതയോടെ പാറ തുരന്ന സൈനികരുടെ പ്രയത്നം ഇതിനിടെ നാലാംദിവസത്തേക്ക് കടന്നു. സമയം വൈകിയതോടെ നേര്‍ത്തുവന്ന പ്രതീക്ഷക്കിടയിലും മഹിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാര്‍ക്കും പുറമെ,രക്ഷാപ്രവര്‍ത്തനം തത്സമയം സംപ്രേഷണം ചെയ്ത് ദേശീയ ചാനലുകളടക്കം വന്‍ മാധ്യമപ്പടയും അപ്പോഴും അപകടസ്ഥലത്ത് തന്നെയുണ്ടായിരുന്നു.
ബുധനാഴ്ച മുതല്‍ ഒരുതുള്ളി വെള്ളം പോലും കിട്ടാതെ കിടക്കുന്ന കുട്ടിയുടെ നില സംബന്ധിച്ച് ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചു. ആശങ്കകള്‍ക്കിടയില്‍ ഞായറാഴ്ച ഉച്ചയോടെ, ഇരു കിണറിനും കുറുകെ തീര്‍ത്ത തുരങ്കത്തിലൂടെ നീങ്ങിയെത്തി മഹിയുടെ കൈയില്‍ പിടിച്ച ജവാന്‍ വേദനിപ്പിക്കുന്ന ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു.
ചലനമറ്റ ശരീരം ഉടന്‍ മുകളിലെത്തിച്ച് ഒരുക്കിനിര്‍ത്തിയ ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മഹിയുടെ ജീവന്‍ നേരത്തെ തന്നെ വേര്‍പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ പ്രാര്‍ഥനകളുമായി നാലുനാള്‍ കാത്തിരുന്ന നാടിന് ആ ദുരന്തം താങ്ങാനാവാത്തതായി. സ്ഥലമുടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍