12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ലയങ്ങളില്‍ രോഗങ്ങള്‍ പെരുകുന്നു

മൂന്നാര്‍: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ എസ്റ്റേറ്റ് ലയങ്ങളില്‍ രോഗങ്ങള്‍ പെരുകുന്നു. കമ്പനി ലയത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതാണ്കാരണം.
ജീവനക്കാരെ കുറച്ചതുമൂലം പല എസ്റ്റേറ്റുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ട് മാസങ്ങളായി. ലയങ്ങളിലെ ഓടകള്‍, വീടുകളോട് ചേര്‍ന്ന തൊഴുത്തുകള്‍ തുടങ്ങിയവ ജീവനക്കാരുടെ അഭാവംമൂലം വൃത്തിയാക്കുന്നില്ല. ഇതിനാല്‍ കൊതുകുകള്‍ പെരുകുകയാണ്. പല എസ്റ്റേറ്റുകളിലും കക്കൂസുകള്‍ പോലും നിറഞ്ഞുകിടക്കുന്നു.
മഴ ശക്തിപ്രാപിച്ചതോടെ പനി ബാധിച്ച് നൂറുകണക്കിന് തൊഴിലാളികളാണ് ദിവസവും കമ്പനി ആശുപത്രിയിലത്തെുന്നത്. മലിനജലം ഇങ്ങനെ ഒഴുകുന്നത് ഈ മേഖലകളില്‍ ഡെങ്കിപ്പനി, കോളറ തുടങ്ങിയ മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാവുകയാണ്.
മൂന്നാറിലെ തോട്ടംമേഖലകളില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ജോലി നോക്കുന്നത്. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍നിന്ന് പലപ്പോഴും കമ്പനി അധികൃതര്‍ ഒഴിഞ്ഞുമാറുകയാണ്.
മൂന്നു റൂമുകള്‍ വീതമുള്ള പത്തുവീടുകള്‍ ചേര്‍ന്നതാണ് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങള്‍. പല വീടുകളും പണിതിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ല. കമ്പനിയുടെ കൈവശമുള്ള വീടുകളായതിനാല്‍ സര്‍ക്കാറിനു നേരിട്ട് അറ്റക്കുറ്റപ്പണി നടത്താനും കഴിയില്ല. മഴക്കാലമായതോടെ വീടുകള്‍ പലതും ചോര്‍ന്നൊലിക്കുകയാണ്. വീടിനോട് ചേര്‍ന്ന തൊഴുത്തുകളില്‍ നിന്നും കക്കൂസുകളില്‍ നിന്നും മലിനജലം അടുത്ത വീടുകളിലേക്കും സമീപ റോഡുകളിലേക്കും ഒഴുകുകയാണ്. ഈ വെള്ളത്തില്‍ ചവിട്ടിയാണ് തൊഴിലാളികളുടെ കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നത്.
മഴക്കാലരോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തേണ്ട ആരോഗ്യവകുപ്പ് അധികൃതര്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ സന്ദര്‍ശിക്കാതെയാണ് മടങ്ങുന്നത്.
ജീവനക്കാരുടെ അഭാവംമൂലം കമ്പനി അധികൃതര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുന്നത് തോട്ടം മേഖലയെ വന്‍പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com