ന്യൂദല്‍ഹി: പിരിച്ചുവിട്ട പൈലറ്റുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ നിരാഹാര സമരം തുടങ്ങി. പിരിച്ചുവിട്ട 11 പൈലറ്റുമാരാണ് ദല്‍ഹി ജന്തര്‍ മന്തറില്‍ നിരാഹാരമിരിക്കുന്നത്. നോട്ടീസ് നല്‍കാതെ കൂട്ടത്തോടെ രോഗാവധിയെടുത്ത് സമരം ചെയ്തതിന് 101 പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ മാനേജ്മെന്റ് പുറത്താക്കിയത്. സമരം അവസാനിപ്പിക്കാതെ പുറത്താക്കിയവരെ തിരിച്ചെടുക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, 48 ദിവസം പിന്നിടുമ്പോഴും തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് പൈലറ്റുമാര്‍. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പൊതുപിന്തുണ സമാഹരിക്കുന്നതിന്റെ ഭാഗമയാണ് നിരാഹാര സമരവുമായി രംഗത്തുവന്നതെന്ന് ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് പ്രതിനിധി രോഹിത് കപാഹി പറഞ്ഞു. ലയനത്തിന് മുമ്പേ എയര്‍ ഇന്ത്യയിലുള്ള പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡിന്റെ കീഴിലുള്ള 300ഓളം പൈലറ്റുമാരാണ് സമര രംഗത്തുള്ളത്. എയര്‍ ഇന്ത്യ പുതുതായി വാങ്ങിയ ബോയിങ് ഡ്രീം ലൈനര്‍ വിമാനം പറത്താനുള്ള പരിശീലനം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന്വന്ന പൈലറ്റുമാര്‍ക്കും നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്. ഇക്കാര്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. പൈലറ്റുമാര്‍ സര്‍ക്കാറുമായി ചര്‍ച്ചക്ക് ശ്രമിച്ചുവെങ്കിലും വ്യോമയാന മന്ത്രാലയവും എയര്‍ ഇന്ത്യ മാനേജ്മെന്റും സമരം പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന ഉറച്ച നിലപാടിലാണ്. എയര്‍ ഇന്ത്യ മാനേജ്മെന്റ് നല്‍കിയ ഹരജി അനുസരിച്ച് പൈലറ്റ് സമരം നിയമവിരുദ്ധമാണെന്ന് ദല്‍ഹി ഹൈകോടതി വിധിച്ചിട്ടുണ്ട്. കോടതി വിധി ലംഘിച്ച് സമരം തുടരുന്ന പൈലറ്റുമാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികളും തുടങ്ങിയിട്ടുണ്ട്. അതേസമയം, സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ താറുമാറായ നിലയിലാണ്. കാരണം ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡിലുള്ളവര്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരാണ്. മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് സെക്ടറിനെ സമരം സാരമായി ബാധിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കരാറില്‍ പൈലറ്റുമാരെ നിയമിക്കുമെന്ന് മന്ത്രി അജിത്ത് സിങ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നുമുണ്ടായിട്ടില്ല. എയര്‍ ഇന്ത്യ മാത്രം സര്‍വീസ് നടത്തുന്ന ഗള്‍ഫിലെ പല റൂട്ടുകളിലും വിമാനം തുടര്‍ച്ചയായി മുടങ്ങിയതോടെ കടുത്ത യാത്രാകേ്ളശമാണ് നിലനില്‍ക്കുന്നത്. അതേസമയം, പൈലറ്റ് സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നഷ്ടം 530 കോടി കവിയുകയും ചെയ്തു. സര്‍ക്കാറിന്റെയും പൈലറ്റുമാരുടെയും പിടിവാശി നഷ്ടത്തിലായ ദേശീയ വിമാനക്കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍