ശ്രീകൃഷ്ണപുരം: അഞ്ചുവര്‍ഷം മുമ്പ് സ്വകാര്യ വ്യക്തി നിര്‍മിച്ച് നല്‍കിയ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് നോക്കുകുത്തിയാകുന്നു. 2007ല്‍ ഉദ്ഘാടനം ചെയ്ത സ്റ്റാന്‍ഡില്‍ ബസുകള്‍ കയറാതെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് സ്ഥലമായി മാറി.
സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ 40 സെന്‍റ് സ്ഥലത്ത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് സ്റ്റാന്‍ഡിന് തറക്കല്ലിട്ടത്. ദ്രുതഗതിയില്‍ പൂര്‍ത്തിയായശേഷം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന് സ്ഥിരം വരുമാനമാര്‍ഗമായ സ്റ്റാന്‍ഡിന് മുന്നിലാണ് ബസുകള്‍ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ബസില്‍ കയറാന്‍ യാത്രക്കാര്‍ സ്റ്റാന്‍ഡിന് മുന്നില്‍ പെരുവെയിലത്ത് നില്‍ക്കേണ്ടിവരുന്നു. പൊലീസ് സാന്നിധ്യം ഉണ്ടെങ്കില്‍ മാത്രമേ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറൂവെന്ന സ്ഥിതിയാണ്. ഇതിനെതിരെ ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഹൈകോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചിട്ടും ഫലമുണ്ടായില്ല.വര്‍ഷം കഴിയുന്തോറും സ്റ്റാന്‍ഡില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവാണ് സംഭവിക്കുന്നത്. ആദ്യവര്‍ഷം 95000 രൂപക്ക് ടെന്‍ഡര്‍ നല്‍കിയ സ്റ്റാന്‍ഡില്‍ നിന്ന് പിന്നീടുള്ള വര്‍ഷങ്ങളില്‍ ലഭിച്ചത് 75000വും 65000രൂപയുമായിരുന്നു. എല്ലാ സൗകര്യങ്ങളോടെയും നിര്‍മിച്ച സ്റ്റാന്‍ഡ് വിജനമായി കിടക്കുന്നതില്‍ ജനങ്ങള്‍ ക്ഷുഭിതരാണ്. സ്റ്റാന്‍ഡിലെ ബസ് വെയ്റ്റിങ് ഷെഡ് യാത്രക്കാര്‍ക്ക് തുറന്ന് കൊടുത്തിട്ടില്ല. പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി പഞ്ചിങ് സമ്പ്രദായം നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍