ന്യൂദല്‍ഹി: ജനസംഖ്യാനുപാതികമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് മലയാളികളെ ഞെട്ടിപ്പിക്കുന്ന ഈ വിവരമുള്ളത്. രാജ്യത്തെ ഏറ്റവും അപകടം നിറഞ്ഞ നഗരം കൊച്ചിയാണെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ വ്യക്തമാക്കുന്നു.
2010 ലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലക്ഷം ജനസംഖ്യക്ക് ആനുപാതികമായാണ് കുറ്റകൃത്യങ്ങളെ കണക്കാക്കിയത്. ഇതുപ്രകാരം കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. ഇന്ത്യയില്‍ വര്‍ഷത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ശരാശരി കണക്ക് 187.6 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 424.1 ആണ്. 2009 നെ അപേക്ഷിച്ച് 2010 ല്‍ കൊച്ചിയിലെ കുറ്റകൃത്യങ്ങളില്‍ സ്ഫോടനാത്മകമായ വര്‍ധനയാണ് ഉണ്ടായതെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറാ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 193 ശതമാനം വര്‍ധനയാണ് കൊച്ചിയില്‍ ഉണ്ടായത്.
കുറ്റകൃത്യങ്ങളില്‍ രണ്ടാമത് നില്‍ക്കുന്ന മധ്യപ്രദേശ് കേരളത്തേക്കാള്‍ എത്രയോ പിന്നിലാണ്. 297.2 ആണ് മധ്യപ്രദേശിന്റെ ശരാശരി. 279.8 ശരാശരിയോടെ ദല്‍ഹി മൂന്നാം സ്ഥാനത്താണ്.
കലാപങ്ങളുടെയും തീവെപ്പുകളുടെയും എണ്ണത്തിലും കേരളം തന്നെയാണ് ഒന്നാമത്. ഇന്ത്യയുടെ ആകെ ശരാശരി 6.4 ആണെങ്കില്‍ കേരളത്തിന്റേത് 26 ആണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും കേരളം ബഹുദൂരം മുന്നിലാണ്. കേരളത്തിന്റെ ശരാശരി 27 ഉം ദല്‍ഹിയുടെത് 24 .6 ഉം ആണ്.
ഉയര്‍ന്ന സാക്ഷരതയും ആരോഗ്യ പരിപാലനവും ആയുര്‍ ദൈര്‍ഘ്യവും അവകാശപ്പെടുന്ന കേരളത്തില്‍ ഉത്തര്‍പ്രദേശിനെയും ദല്‍ഹിയെയും പോലും നാണിപ്പിക്കുന്ന രീതിയലാണ് കുറ്റകൃത്യങ്ങള്‍ വറധിച്ച് കൊണ്ടിരിക്കുന്നതെന്ന് എന്‍.സി.ആര്‍.ബി യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍