12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

ദേശീയപാത 17 മരണപാത: പാഠം പഠിക്കാതെ ഡ്രൈവര്‍മാരും അധികൃതരും; നിരത്തില്‍ നിരപരാധികളുടെ രക്തം

മലപ്പുറം: ദേശീയപാത 17 ല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അതികൃതര്‍ ഉറക്കത്തില്‍. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിതവേഗതയും വാഹനപെരുപ്പവുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. പൂക്കിപറമ്പടക്കം നിരവധി വന്‍ അപകടങ്ങള്‍ മേഖലയില്‍ നടന്നിട്ടും മോട്ടോര്‍ വാഹനവകുപ്പും പൊലീസും പാത അപകടമുക്തമാക്കാന്‍ ക്രിയാത്മക നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ദേശീയപാതയില്‍ കോട്ടക്കലിനും ചേലേമ്പ്രക്കുമിടയില്‍ അപകടമൊഴിഞ്ഞ നേരമില്ല. ദേശീയപാതയിലെ കാച്ചടി, കരിമ്പില്‍, കക്കാട്, കൂരിയാട്, കൊളപറമ്പ്, തലപ്പാറ വലിയപറമ്പ്, ചേളാരി, ഇടിമൂഴിക്കല്‍, കാക്കഞ്ചേരി, പാലച്ചിറമാട് എന്നിവയെല്ലാം അപകടങ്ങള്‍ക്ക് പ്രസിദ്ധമാണ്. അമിതവേഗതയിലത്തെുന്ന വാഹനങ്ങള്‍ കൂടിയിടിച്ചും താഴ്ചയിലേക്ക് മറിഞ്ഞും പൊലിഞ്ഞത് നിരവധി വിലപ്പെട്ട ജീവനുകളാണ്. നാലു വര്‍ഷം മുമ്പ്് കൂരിയാട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേരാണ് മരിച്ചത്. ഇതിനുമുമ്പ് ഒരിക്കലും അപകടമുണ്ടാവാത്ത വെന്നിയൂര്‍ മേഖലയിലാണ് ശനിയാഴ്ചത്തെ അപകടം.
വളവും തിരിവുമില്ലാത്ത ഈ സ്ഥലത്ത് അശ്രദ്ധയും അമിതവേഗവും ഒന്നുകൊണ്ടുമാത്രമാണ് നാലുപേരുടെ ജീവന്‍ അപഹരിച്ച അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. തലപ്പാറ വെട്ടിയില്‍ നാലുദിവസം മുമ്പ് ലോറികള്‍ തമ്മിലിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റതാണ് ഇതിന് മുമ്പുണ്ടായ അപകടം. അപകടത്തെതുടര്‍ന്ന് മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെടുന്നതും തിരക്കേറിയ പാതയില്‍ പതിവാണ്. സംസ്ഥാനത്ത് എറ്റവുമധികം അപകടങ്ങള്‍ ഉണ്ടാക്കുന്ന ദേശീയപാതകളിലൊന്നാണ് ദേശീയപാത 17. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 2011ല്‍ ദേശീയപാത അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 1432 ആണ്. ട്രാഫിക് നിയമം കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായി കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, അപകടങ്ങള്‍ പെരുകിയ മലപ്പുറം ജില്ലയില്‍ ഈ സംവിധാനമില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടത്തൊന്‍ ആല്‍ക്കോ മീറ്റര്‍ വെച്ചുള്ള പരിശോധനക്കും പൊലീസ് മുന്നിട്ടിറങ്ങാറില്ല. അഞ്ചുവര്‍ഷത്തിനിടെ ജില്ലയിലെ റോഡുകളില്‍ പൊലിഞ്ഞത് 1700 ല്‍പരം ജീവനുകളാണ്. ജില്ലയിലെ വാഹനാപകട നിരക്ക് കുറക്കാനുള്ള നടപടികള്‍ ഫലം കാണുന്നില്ല. ശരാശരി കണക്കുപ്രകാരം പ്രതിദിനം പത്തോളം അപകടങ്ങളുണ്ടാവുകയും ഒരാള്‍ വീതം മരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 1700 ലധികം പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ മരണിച്ചത്.
ഈ വര്‍ഷം ഏപ്രില്‍വരെ നൂറിനടുത്ത് ജീവനുകള്‍ വാഹനാപകടത്തില്‍ പൊലിഞ്ഞു.
2011 ല്‍ 324 പേരും 2010 ല്‍ 326 പേരും 2009 ല്‍ 301 പേരും മരിച്ചതായി ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. 318, 265, 263, 279 എന്നിങ്ങനെയാണ് മുന്‍വര്‍ഷങ്ങളിലെ അപകട മരണനിരക്ക്. ദേശീയപാതയിലാണ് അപകടങ്ങളേറെയും. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതിലും മരിക്കുന്നതിലും ഒന്നാം സ്ഥാനം ബൈക്ക് യാത്രികര്‍ക്കാണ്. വാഹന പരിശോധന കര്‍ശനമാക്കാത്തതും മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രാഫിക് ബോധവത്കരണ പ്രവര്‍ത്തനങ്ങളും ജില്ലയിലിപ്പോള്‍ സജീവമല്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com