12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

ഓടിത്തളര്‍ന്ന് നാല്‍പതാം പക്കം കീഴടങ്ങല്‍...

ഓടിത്തളര്‍ന്ന് നാല്‍പതാം പക്കം കീഴടങ്ങല്‍...

കോഴിക്കോട്: നാലു സംസ്ഥാനങ്ങളിലായി ആഴ്ചകള്‍ ഓടിത്തളര്‍ന്ന പി.കെ. കുഞ്ഞനന്തന്‍ ഒടുവില്‍ 40ാം പക്കം കീഴടങ്ങി. മേയ് 15ന് കുന്നുമ്മക്കര സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചനയില്‍ കുഞ്ഞനന്തന്റെ പങ്ക് സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് 17ന് അറസ്റ്റിലായ കുന്നോത്ത്പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി വടക്കയില്‍ മനോജ്, പാട്യം മുതിയങ്ങ കിഴക്കയില്‍ ഷനോജ്, 19ന് അറസ്റ്റിലായ കുന്നോത്ത്പറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം പി. ജ്യോതിബാബു എന്നിവരില്‍നിന്ന് ഗൂഢാലോചനയില്‍ കുഞ്ഞനന്തനുള്ള നിര്‍ണായക പങ്ക് വെളിപ്പെട്ടു. തുടര്‍ന്ന് 20ന് പൊലീസ് കുഞ്ഞനന്തനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാമചന്ദ്രന്റെ മൊഴി ലഭിച്ച 15 മുതല്‍ പൊലീസ് കുഞ്ഞനന്തനായി വല വീശിയെങ്കിലും പാര്‍ട്ടി ഗ്രാമത്തില്‍ ഇയാള്‍ പൂര്‍ണ സംരക്ഷണത്തില്‍ കഴിഞ്ഞു.
പാട്യം മുതിയണ്ണയിലെ ഷനോജ് അറസ്റ്റിലായതോടെയാണ് കുഞ്ഞനന്തനെ കാണാതാവുന്നത്. മേയ് 23ന് മൈസൂരില്‍നിന്ന് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗം പാനൂര്‍ അരയാക്കൂല്‍ ചെമ്പാട് പാലാത്ത് സിജിത് എന്ന അണ്ണനും കുഞ്ഞനന്തന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴികള്‍ നല്‍കി. രണ്ട് കൊലക്കേസടക്കം 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാഹി പന്തക്കല്‍ വിരാടിയില്‍ അജേഷ് എന്ന കജൂര്‍ കുഞ്ഞനന്തനെതിരെ നിര്‍ണായക മൊഴി നല്‍കി.
2010ല്‍ തലശ്ശേരി സി.പി.എം ഏരിയാ കമ്മിറ്റിയംഗം പി.പി. രാമകൃഷ്ണന്റെ വസതിയില്‍ നടന്ന ഗൂഢാലോചനയില്‍ താന്‍ പങ്കെടുത്തെന്നും പി.കെ. കുഞ്ഞനന്തന്റെ നിര്‍ദേശപ്രകാരമാണ് അന്ന് കിര്‍മാനി മനോജിന്റെ ക്വട്ടേഷന്‍ സംഘത്തില്‍ ചേര്‍ന്നതെന്നുമായിരുന്നു സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ കജൂരിന്റെ മൊഴി. ഇതേതുടര്‍ന്ന് കുഞ്ഞനന്തനെ പിടികൂടാന്‍ പൊലീസ് പരക്കംപാഞ്ഞു. നാട്ടില്‍ സുരക്ഷിതനല്ലെന്നു കണ്ട് ബംഗളൂരുവിലേക്ക് രക്ഷപ്പെട്ട കുഞ്ഞനന്തന്‍, അവിടെ തലശ്ശേരിക്കാരായ ഏതാനും ബേക്കറിയുടമകളെ സമീപിച്ചു. പൊലീസ് അന്വേഷിക്കുന്നതിനാല്‍ അഭയം നല്‍കാന്‍ പലരും തയാറായില്ല.
തുടര്‍ന്ന് ബംഗളൂരുവില്‍ ബേക്കറി നടത്തുന്ന പാനൂര്‍ കണ്ണമ്പള്ളി പാത്തിയില്‍ താഴകുനി കുമാരനെ (67) സമീപിച്ചു. നാട്ടിലെ അറിയപ്പെടുന്ന നേതാവായ ഇയാളെ രക്ഷിക്കാനായി കുമാരന്‍ തയാറാവുകയും ഇരുവരും ബല്‍ഗാം, പുണെ എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങുകയും ചെയ്തു. അവിടെ പാര്‍ട്ടി അനുഭാവികളുടെ വീടുകളില്‍ അന്തിയുറങ്ങി. പകല്‍ ബസുകള്‍ മാറിക്കയറി യാത്രചെയ്തു. പൊലീസ് പിന്നാലെയുണ്ടെന്ന് മണത്തറിഞ്ഞ കുഞ്ഞനന്തന്‍ കണ്ണൂരുതന്നെ സുരക്ഷിതമെന്ന് കരുതി കുമാരനൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് ജൂണ്‍ അഞ്ചിന് നാട്ടിലെത്തിയ കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കുഞ്ഞനന്തന്‍ സമര്‍ഥമായി രക്ഷപ്പെട്ടു. പയ്യന്നൂര്‍ വരെ ഒപ്പമുണ്ടെന്നായിരുന്നു കുമാരന്റെ മൊഴി.
കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തിയിലെ പല പാര്‍ട്ടി ഗ്രാമങ്ങളും പൊലീസ്അ രിച്ചുപെറുക്കി. ഇതിനിടെ കുഞ്ഞനന്തന്‍ കാസര്‍കോട് ചീമേനിയിലെ കുണ്ട്യത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവിടെ മാധ്യമ പ്രവര്‍ത്തകരാണ് പൊലീസിന് വിനയായത്. പൊലീസിന്റെ രഹസ്യവിവരം ചോര്‍ത്തിയ കണ്ണൂരിലെ ചാനല്‍ സംഘങ്ങള്‍ ചീമേനിയിലേക്ക് കുതിച്ചു. കാറുകള്‍ എത്തിപ്പെടാത്ത ഗ്രാമത്തില്‍ ഒന്നിലധികം ചാനല്‍ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കണ്ട് പ്രവര്‍ത്തകര്‍ കുഞ്ഞനന്തനെ മറ്റൊരിടത്തേക്ക് മാറ്റി. കാസര്‍കോട് സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പൊലീസ് കുണ്ട്യത്തെ വീട് വളഞ്ഞപ്പോഴേക്കും തെളിവിന്റെ പൊടിപോലുമില്ലാതെ കുഞ്ഞനന്തന്‍ രക്ഷപ്പെട്ടിരുന്നു.
രണ്ടുതവണ മാറ്റിവെച്ച മുന്‍കൂര്‍ ജാമ്യ ഹരജി തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതോടെയാണ് ഗത്യന്തരമില്ലാതെ പാര്‍ട്ടി നിര്‍ദേശ പ്രകാരം കുഞ്ഞനന്തന്‍ കീഴടങ്ങിയത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റംഗം, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം എന്നിവര്‍ക്കെതിരെ പൊലീസിന് മൊഴികള്‍ ലഭിച്ചിട്ടുണ്ട്. ഇവ കുഞ്ഞനന്തനില്‍നിന്നുകൂടി വീണുകിട്ടാന്‍ കാത്തിരിക്കയാണ് പൊലീസ്.

കോടതിമുറിയില്‍ കുലുക്കമില്ലാതെ കുഞ്ഞനന്തന്‍
വടകര: കുഞ്ഞനന്തന്‍ വടകര ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിമുറിയില്‍ നിന്നത് കൂസലില്ലാതെ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒളിവില്‍ കഴിഞ്ഞതിന്റെ ലക്ഷണംപോലും മുഖത്തുണ്ടായിരുന്നില്ല. തന്നെ സൂക്ഷിച്ചുനോക്കുന്നവരോട് ചിരിക്കാന്‍ മടിച്ചില്ല. എന്നാല്‍, പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷം കോടതിരേഖകളില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ അടുത്തുനിന്ന ചിലര്‍ 'എവിടെപ്പോയി നിന്റെ പര്‍ദ'യെന്ന് പരിഹസിച്ചു. ഇവരെയും പുഞ്ചിരിയോടെ നോക്കി. ഇതോടെ ഇത്തരക്കാരെ പൊലീസ് മാറ്റിനിര്‍ത്തുകയായിരുന്നു.
നേരത്തേ ഒളിവില്‍ കഴിയുമ്പോള്‍ പര്‍ദ ധരിച്ചാണ് സ്ഥലം മാറിയതെന്ന് പ്രചാരണമുണ്ടായിരുന്നു. പൊലീസ് വലയത്തില്‍ പുറത്തേക്കിറങ്ങവെ നിറഞ്ഞ ചിരിയോടെ വലിയ ആഹ്ലാദത്തിലാണ് കണ്ടത്. കോടതിക്കു മുന്നില്‍ തടിച്ചുകൂടിയ ജനത്തെ കണ്ട് സി.പി.എം പ്രവര്‍ത്തകരെന്ന് കരുതി കൈയുയര്‍ത്തി അഭിവാദ്യം ചെയ്യാനും ശ്രമിച്ചു. എന്നാല്‍, അപ്പോഴേക്കും ജനങ്ങളില്‍നിന്ന് തെറിവിളി ഉയര്‍ന്നിരുന്നു.
പെട്ടെന്ന് കുഞ്ഞനന്തന്റെ മുഖം മാറുന്നതും കണ്ടു. പൊലീസ് ചുറ്റും ചേര്‍ന്ന് ഏറെ ശ്രമപ്പെട്ട് വാഹനത്തില്‍ കയറ്റി. ഇതിനിടയില്‍ പലരും തല്ലാനോങ്ങി.
വൈദ്യപരിശോധനക്ക് വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കോടതിയില്‍ കണ്ട പ്രസന്നമുഖം പാടേ മാറിയിരുന്നു.

പാര്‍ട്ടി തന്ത്രം മെനഞ്ഞു; പൊലീസിന് പണി കുറഞ്ഞു
കോഴിക്കോട്: പി.കെ. കുഞ്ഞനന്തനെ പൊലീസിന് 'പിടികൊടുപ്പിക്കാതെ' കോടതിയില്‍ ഹാജരാക്കാന്‍ പാര്‍ട്ടി തന്ത്രം മെനഞ്ഞപ്പോള്‍ ഗുണംലഭിച്ചത് പൊലീസിന്. ഒരു മാസത്തിലേറെയായി പലയിടത്തായി ഒളിവില്‍ കഴിഞ്ഞുവന്ന കുഞ്ഞനന്തനെ പാര്‍ട്ടി ഗ്രാമത്തില്‍ചെന്ന് പിടികൂടുകയെന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം സാഹസികമായിരുന്നു. പാര്‍ട്ടി വിശ്വസ്തരുടെ വീടുകളില്‍ മാറിമാറി കഴിഞ്ഞ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്ന് ഇന്റലിജന്‍സ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ്, മാളത്തിലൊളിച്ച ഇയാളെ പുകച്ചുപുറത്തുചാടിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പൊലീസിനെ കബളിപ്പിച്ച് കോടതിയില്‍ കീഴടങ്ങിയ കുഞ്ഞനന്തനെ ഒരു മണിക്കൂറിനകം നിഷ്പ്രയാസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.
കോടതിയില്‍ കീഴടങ്ങിയാല്‍ ഉടനെ പൊലീസിന് വിട്ടുകൊടുക്കാതെ റിമാന്റ് ചെയ്യുമെന്നും ജയിലിലെത്തി മറ്റു പ്രതികളുമായി ആലോചിച്ച് മൊഴികള്‍ മെനയാമെന്നുമായിരുന്നു കുഞ്ഞനന്തന്റെ കണക്കുകൂട്ടലത്രെ. എന്നാല്‍, പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ പദ്ധതി പാളി. അറസ്റ്റ്, റിമാന്‍ഡ് റിപ്പോര്‍ട്ട് തുടങ്ങി ഒരു ദിവസത്തെജോലി ഒഴിവാക്കാനായതിന്റെ ആശ്വാസത്തിലാണ് പൊലീസ്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമ്പോള്‍, തന്നെ പൊലീസ് മര്‍ദിച്ചുവെന്ന് മൊഴി നല്‍കാനിടയുള്ളതും പൊലീസിന് ഒഴിവാക്കാനായി. ഫലത്തില്‍, ഒരു ബുദ്ധിമുട്ടുമില്ലാതെ കൈയില്‍ കിട്ടിയ കുഞ്ഞനന്തനെ പത്തു ദിവസം പൊലീസിന് ചോദ്യംചെയ്യാനാവും.
ഇതിനിടെ പരമാവധി മൊഴി ഊറ്റിയെടുക്കാമെന്ന വിശ്വാസത്തിലാണ് പൊലീസ്. പതിവ് മര്‍ദന ആരോപണം നേരിടാന്‍ എല്ലാ ദിവസവും വൈദ്യ പരിശോധന നടത്തി റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ അവധിയിലുള്ള എ.ഡി.ജി.പി വിന്‍സന്‍ എം. പോള്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുഞ്ഞനന്തനുനേരെ നാട്ടുകാരുടെ രോഷം അണപൊട്ടി
വടകര: ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് 50 ദിവസം തികഞ്ഞ ശനിയാഴ്ച ഇതുവരെയില്ലാത്ത രോഷമാണ് നാട്ടുകാര്‍ വടകര കോടതിവളപ്പില്‍ പ്രകടിപ്പിച്ചത്. ടി.പി വധത്തിലെ ഗൂഢാലോചനയിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന സി.പി.എം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ കീഴടങ്ങിയതറിഞ്ഞ് കോടതി വളപ്പിലെത്തിയ ജനത്തിന്റെ രോഷം നിയന്ത്രണാതീതമായിരുന്നു. തെറിവിളിയും ആക്രോശവുംകൊണ്ട് കോടതിവളപ്പ് മുഖരിതമായി.
കുഞ്ഞനന്തന്‍ ഹാജരാകുമെന്ന് പ്രചാരണമുള്ളതിനാല്‍ പൊലീസും മാധ്യമപ്രവര്‍ത്തകരും കോടതിവളപ്പില്‍ കാത്തുനിന്നിരുന്നു. ശനിയാഴ്ച കോടതിയില്‍ എത്തുമ്പോള്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരും കോടതിവളപ്പില്‍ തമ്പടിച്ചിരുന്നു. കൊടി സുനിയെയും ടി.കെ. രജീഷിനെയും കോടതിയില്‍ എത്തിക്കുമ്പോള്‍ തെറിവിളിയും ആക്രോശവും മാത്രമാണ് കണ്ടത്. എന്നാല്‍, കുഞ്ഞനന്തനെ തല്ലാനുള്ള തയാറെടുപ്പിലായിരുന്നു നാട്ടുകാര്‍. പൊലീസിന്റെ ഇടപെടല്‍കൊണ്ടാണ് സംഘര്‍ഷം ഒഴിവായത്. വൈദ്യപരിശോധനക്കായി വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍, വൈദ്യപരിശോധന കഴിയുമ്പോഴേക്ക് ആശുപത്രി വളപ്പില്‍ നിരവധി പേരെത്തി. ഇവിടെയും ജനം പതിവിലും കവിഞ്ഞ രോഷത്തോടെയാണ് പെരുമാറിയത്.

കുലുങ്ങാത്ത കുഞ്ഞനന്തനും വീണു
പാനൂര്‍: മധ്യസ്ഥ രാഷ്ട്രീയത്തിലൂടെ വളര്‍ന്ന നേതാവ് കൊലപാതക കേസില്‍ നിയമത്തിനുമുന്നില്‍ കീഴടങ്ങിയതിന്റെ നാടകീയത നാട്ടിന് ആശ്ചര്യമായി. കൊളവല്ലൂര്‍ അംശം പാറാട് ദേശത്തെ പടിഞ്ഞാറേ കുഞ്ഞിക്കാട്ടില്‍ കുഞ്ഞനന്തന്‍ എന്ന പി.കെ. കുഞ്ഞനന്തന്‍ നാട്ടില്‍ സി.പി.എമ്മിന്റെ എല്ലാമെല്ലാമായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ അഭാവവും പ്രസംഗിക്കാനുള്ള കഴിവ് കുറഞ്ഞതുമാണ് കുഞ്ഞനന്തന് ഏരിയാ കമ്മിറ്റിക്കപ്പുറം വളരാന്‍ തടസ്സമായത്. എന്നാല്‍, ഏരിയാ തലത്തിലിരുന്നുതന്നെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ കുഞ്ഞനന്തന്റെ പതനം സി.പി.എമ്മിലെ ചില വമ്പന്മാരുടെ മുഖം ചുളിപ്പിക്കുന്നു. 1970കളില്‍ പ്രാദേശിക തലത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തോടെയാണ് കുഞ്ഞനന്തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1980ല്‍ ലോക്കല്‍ കമ്മിറ്റിയംഗമായി. 1981ല്‍ പാനൂര്‍ ഏരിയാ കമ്മിറ്റി രൂപവത്കരണകാലത്ത് ഏരിയാ കമ്മിറ്റിയംഗമായി. പാനൂര്‍ മേഖലയില്‍ പി.ആര്‍. കുറുപ്പിന്റെ അപ്രമാദിത്വം നിലവിലുണ്ടായിരുന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെറുത്തുനില്‍പ്പില്‍ മുഖ്യപങ്കുവഹിച്ചു.
പാര്‍ട്ടി ഏല്‍പ്പിക്കുന്നതും അല്ലാതെയുമുള്ള മധ്യസ്ഥം പറയലില്‍ അഗ്രഗണ്യനായിരുന്നു കുഞ്ഞനന്തന്‍. 1980ല്‍ കുന്നോത്തുപറമ്പിലെ കെ.പി. നാണു മാസ്റ്റര്‍ വധം, 2000ത്തിലെ സുബൈര്‍ വധം, നിസാര്‍ വധം എന്നിവയിലും ഗൂഢാലോചനയില്‍ കുഞ്ഞനന്തന് പങ്കുണ്ടെന്ന് എതിര്‍പാര്‍ട്ടിക്കാര്‍ അടക്കം പറഞ്ഞിരുന്നു. എന്നാല്‍, ഇന്നുവരെ ഒരു കേസിലും കുഞ്ഞനന്തന്‍ പ്രതിചേര്‍ക്കപ്പെട്ടില്ല. പാനൂരിലെ ചില രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസൂത്രണത്തില്‍ കുഞ്ഞനന്തന് പങ്കുണ്ടെന്ന് ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ പ്രസംഗിക്കാറുണ്ടെങ്കിലും ടി.പി വധം വരെ കുഞ്ഞനന്തന്‍ ഇത്തരം ഗണത്തില്‍പെടുന്ന ആളാണെന്ന് പൊതുവേ ജനം വിശ്വസിച്ചിരുന്നില്ല.
ഉന്നത പാര്‍ട്ടി നേതാക്കള്‍ക്കുപുറമെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും കുഞ്ഞനന്തന് നല്ല ബന്ധമുണ്ട്. ഒരുമാസം മുമ്പേ കുഞ്ഞനന്തന്‍ ഒളിവില്‍ പോകുമ്പോള്‍ പതിവുപോലെ തങ്ങളുടെ കുഞ്ഞനന്തേട്ടന്‍ സന്തത സഹചാരിയായി വരുമെന്ന് പ്രതീക്ഷിച്ചവരുണ്ട്. കാരണം മുമ്പും ഇത്തരം ആരോപണം ഉയര്‍ന്നപ്പോള്‍ കുഞ്ഞനന്തന്‍ കുലുങ്ങിയിട്ടില്ല. പക്ഷേ, ടി.പി വധക്കേസ് എല്ലാം തകിടംമറിച്ചുകളഞ്ഞു.

പാനൂരിന്റെ രാഷ്ട്രീയ സംഘര്‍ഷ ചരിത്രത്തില്‍ പുതിയ അധ്യായം
പാനൂര്‍: പി.കെ. കുഞ്ഞനന്തന്റെ കീഴടങ്ങല്‍ പാനൂരിന്റെ രാഷ്ട്രീയ സംഘര്‍ഷ ചരിത്രത്തില്‍ പുതിയ അധ്യായമായി. 1970 മുതല്‍ കഴിഞ്ഞ 40 വര്‍ഷക്കാലത്തിനിടെ പാനൂര്‍, കൊളവല്ലൂര്‍, ചൊക്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 50ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഇതിലൊന്നും തന്നെ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതൃനിരയില്‍നിന്ന് ആരെയും പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല. എന്നാല്‍, കോഴിക്കോട് ജില്ലയില്‍ നടന്ന ടി.പി. വധത്തിലാണ് പാനൂര്‍ മേഖലയില്‍ നേതൃത്വത്തില്‍നിന്ന് ഒരാള്‍ പൊലീസ് കസ്റ്റഡിയിലാവുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയായ കൊലപാതകങ്ങള്‍ നടന്നപ്പോഴൊക്കെ ലിസ്റ്റ് പ്രതികളെന്ന വിഭാഗത്തില്‍പെട്ടവരെയാണ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം മാത്രമേ അന്വേഷണം നടത്തിയിരുന്നുള്ളൂ. പ്രതികള്‍ കോടതിയില്‍ കീഴടങ്ങുന്നതോടെ അന്വേഷണവും നിലക്കുകയാണ് പതിവ്. രാഷ്ട്രീയ നേതാക്കളുടെ ഇച്ഛക്കനുസരിച്ച് ലിസ്റ്റ് പ്രതികളെ ലഭിക്കുന്നത് പൊലീസും ഒരനുഗ്രഹമായി കരുതിയിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരാന്‍ ഇന്ന് പൊലീസ് നടത്തുന്ന കഠിന പ്രയ്തനം അന്നേ ആരംഭിച്ചിരുന്നെങ്കില്‍ മേഖലയിലെ നിരവധി ജീവനുകള്‍ രക്ഷപ്പെടുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com