അരനൂറ്റാണ്ടുമുമ്പ് ഒരു പതിനാലാം രാവുദിച്ചത് ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ വേറിട്ട ഒരു വ്യക്തിയുടെ പിറവിക്കരച്ചിലുമായാണ്. പാതിരാത്രിയിലെ സ്വാതന്ത്രൃത്തിനു ശേഷമുള്ള പതിനാലാം രാവ്. മേഘാലയയിലെ ഗാരോ കുന്നുകള്‍ക്കിടയിലെ ചമ്പാത്തിഗ്രാമത്തില്‍ പൂര്‍ണചന്ദ്രന്‍ നിറനിലാവു പൊഴിക്കുന്ന രാത്രിയില്‍ പിറന്ന കുഞ്ഞ് രാജ്യത്തിന്റെ അഭിമാനമാവുമെന്ന് പ്രവചിച്ചത് കുടുംബ ജ്യോത്സ്യന്‍. പൂര്‍ണോ അഗിതോക് സാങ്മ ജ്യോത്സ്യന്റെ മാനം കാക്കുമോ എന്നറിയില്ല. നേരത്തെ ലോക്സഭാ സ്പീക്കറായിരുന്നു. അത് രാജ്യത്തിന്റെ അഭിമാനം എന്നൊന്നും പറയാന്‍ പറ്റാത്ത കസേരയാണ്. അപ്പോള്‍ ജ്യോത്സ്യന്‍ പറഞ്ഞതിനനുസരിച്ച് ഉയരാന്‍ ശ്രമിക്കണം. അതുകൊണ്ട് രാഷ്ട്രപതിയാവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയുടെ പോലും പിന്തുണയില്ല. എന്നാലെന്താ, ആത്മവിശ്വാസത്തിന് തെല്ലുമില്ല കുറവ്. ലോക്സഭയിലേക്കും നിയമസഭയിലേക്കും 11 വട്ടം മത്സരിച്ചയാളാണ്. തോറ്റിട്ടില്ല. തോറ്റ ചരിത്രം കേട്ടിട്ടില്ല. മനഃസാക്ഷി വോട്ടു കിട്ടും. ബി.ജെ.പിയും മമതയും പിന്തുണക്കും.
രാഷ്ട്രപതിയാവാനുള്ള മോഹത്തിന്റെ നറുനിലാവുദിക്കുന്നതിനു മുമ്പ് പൂര്‍ണോ സാങ്മ നാഷനലിസ്റ്റ് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ നേതാവായിരുന്നു. പാര്‍ട്ടിക്ക് പ്രത്യേകിച്ച് പ്രത്യയശാസ്ത്രമൊന്നുമില്ല. സോണിയ വിദേശിയായതുകൊണ്ട് വിദേശികളില്ലാത്ത പത്തരമാറ്റ് തനിത്തങ്കം പോലുള്ള പരിശുദ്ധ കോണ്‍ഗ്രസ് ഉണ്ടാക്കുകയെന്ന ഉദാത്തമായ ലക്ഷ്യം മാത്രമായിരുന്നു അന്ന്. നേതാവ് എന്നു പറയാന്‍ അധികമാരുമില്ല. ശരദ്പവാറും സാങ്മയും താരിഖ് അന്‍വറും ഒക്കെത്തന്നെ. ആ ത്രിമൂര്‍ത്തികളിലൊന്നാണിപ്പോള്‍ കളം മാറിച്ചവിട്ടിയിരിക്കുന്നത്. പാര്‍ട്ടിക്ക് അത് ക്ഷീണം ചെയ്യും. ഈ പാര്‍ട്ടിയെ പൊതുവെ കണ്ടുവരുന്നത് മഹാരാഷ്ട്രയില്‍ മാത്രമാണ്. അവസരവാദമാണോ പാര്‍ട്ടിഭരണഘടനയിലെ മുഖ്യഇനം എന്ന് ആരും ചോദിച്ചുപോവും. അങ്ങ് കേന്ദ്രത്തില്‍ ഐക്യപുരോഗമനസഖ്യത്തോടൊപ്പം. ഇങ്ങ് കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം. അങ്ങ് നാഗാലന്‍ഡില്‍ ബി.ജെ.പിക്ക് ഒപ്പം. അങ്ങനെ പല തോണിയില്‍ കാലുവെച്ച് യാത്ര ചെയ്യുന്ന വിചിത്രസ്വഭാവമുള്ള ദേശീയപാര്‍ട്ടിയുടെ സ്ഥാപകനേതാവായിരുന്നു. ജ്യോത്സ്യന്റെ വാക്കുകള്‍ സത്യമാക്കാന്‍ രാജ്യത്തെ പ്രഥമപൗരനാവണം. അതിന് പാര്‍ട്ടി സമ്മതിച്ചില്ല. പൊതുസമ്മതനാണെങ്കില്‍ പിന്തുണക്കാമെന്ന് പവാര്‍ ഔദാര്യം കാട്ടിയിരുന്നു. അപ്പോള്‍പിന്നെ അഭിമാനമുള്ളവര്‍ എന്തു ചെയ്യണം. ആശയപരമായി വിചിത്രസ്വഭാവമുള്ള പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുകതന്നെ. എന്‍.സി.പിയില്‍നിന്ന് രാജിവെക്കുക എളുപ്പപ്പണിയാണ്.പത്തു പന്ത്രണ്ടുകൊല്ലം മാത്രം പ്രായമുള്ള പാര്‍ട്ടിയില്‍നിന്ന് സ്ഥാപക നേതാവ് രാജിവെക്കുന്നത് ഇത് രണ്ടാം തവണ. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പടുത്തപ്പോള്‍ അഭയം കണ്ടത് തൃണമൂല്‍ കോണ്‍ഗ്രസില്‍. പാര്‍ട്ടി വിട്ട് അവിടെ പോയി ചേര്‍ന്നു. മൂന്നുകൊല്ലം കഴിഞ്ഞ് മമതയുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റി വീണ്ടും സ്വന്തം പാര്‍ട്ടിയില്‍ മടങ്ങിയെത്തി. ഏതെങ്കിലും ഒരു പാര്‍ട്ടിയിലുണ്ടാവണമെന്നേയുള്ളൂ. അത് ഏതു പാര്‍ട്ടിയാണെന്ന കാര്യത്തില്‍ വലിയ നിര്‍ബന്ധമൊന്നുമില്ല.
മകള്‍ ഗ്രാമവികസന സഹമന്ത്രിയാണ്. 32 വയസ്സേയുള്ളൂ. അവളാണിപ്പോള്‍ ത്രിശങ്കുവില്‍ നില്‍ക്കുന്നത്. അച്ഛനു വോട്ടുചോദിച്ചാല്‍ പുറത്തുപോവുകയേ നിവൃത്തിയുള്ളൂ. അച്ഛന് അനുകൂലമായി പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് പാര്‍ട്ടി പറഞ്ഞുകഴിഞ്ഞു. മകളുടെ ധര്‍മസങ്കടം മാറ്റാന്‍ അച്ഛന് മുന്നില്‍ മാര്‍ഗങ്ങളില്ല. അവള്‍ക്ക് പ്രായപൂര്‍ത്തിയും പക്വതയുമായി. രണ്ടുവട്ടം എം.പിയുമായി. സ്വയം തീരുമാനിക്കാനും ഭാവി നിശ്ചയിക്കാനുമൊക്കെ അവള്‍ക്ക് കഴിവുണ്ട്. അവള്‍ പ്രചാരണം നടത്തി ജയിക്കേണ്ട അവസ്ഥയൊന്നും തനിക്ക് നേരിട്ടിട്ടില്ല. സാധാരണഗതിയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് പേരിനൊരു മത്സരമാണ്. ഇത്തവണ അത് കുറച്ച് ഗൗരവമുള്ള പോരാട്ടമാണ്. മൂന്നു മുന്നണികളിലുമുണ്ട് ഭിന്നതകള്‍.
ദീപ്ചോണ്‍ മാരക്, ചിംരി ദമ്പതികളുടെ മകനായി 1947 സെപ്റ്റംബര്‍ ഒന്നിന് ജനനം. വീട്ടിലെ സാമ്പത്തികസ്ഥിതി പരിതാപകരമായിരുന്നു. ചപാഹതി ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ദാരിദ്യ്രത്തിന്റെ പടുകുഴിയില്‍നിന്നു കരകയറ്റി ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യം ചെയ്തുകൊടുത്തത് സോണിയയുടെ നാട്ടുകാരനായ ക്രൈസ്തവ മിഷനറി ബുസോള്‍. ഫാദര്‍ ബുസോളിന്റെ കാരുണ്യമില്ലാതിരുന്നെങ്കില്‍ പിച്ച തെണ്ടി കഴിയേണ്ടി വരുമായിരുന്നുവെന്ന് ഒരു ഞെട്ടലോടെ ഓര്‍ക്കാറുണ്ട്. പ്രൈമറി സ്കൂളില്‍ ഒന്നാമനായ സാങ്മയെ ബുസോള്‍ ദാലുവിലെ മിഡില്‍ സ്കൂളില്‍ പഠിക്കാനയച്ചു. സകല ചെലവും വഹിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധിയായി അധികാരത്തിന്റെ ഇടനാഴികളില്‍ എത്തിയ രാഷ്ട്രീയ നേതാവിന്റെ തുടക്കം അങ്ങനെയായിരുന്നു.
ദാലു ഹൈസ്കൂളിലും ഷില്ലോങ് സെന്റ് ആന്റണീസ് കോളജിലും പഠിച്ച് ബിരുദാനന്തര ബിരുദം നേടി. അസമിലെ ദിബ്രുഗാര്‍ സര്‍വകലാശാലയില്‍നിന്ന് ഇന്‍ര്‍നാഷനല്‍ റിലേഷന്‍സില്‍ എം.എയും എല്‍.എല്‍.ബിയും. കുറച്ചുകാലം പത്രപ്രവര്‍ത്തനം നടത്തി. പിന്നീട് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കാലത്താണ് മേഘാലയ പൂര്‍ണ സംസ്ഥാനമാവുന്നത്. എഴുപതുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കാലത്ത് സഞ്ജയ് ഗാന്ധിയുമായി നല്ല അടുപ്പത്തിലായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഒരു നല്ല നേതാവിനെ കോണ്‍ഗ്രസ് ഉറ്റുനോക്കുന്ന കാലം. എ.ഐ.സി.സി സാങ്മയില്‍ പ്രതീക്ഷയര്‍പ്പിച്ചു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. 1975 മുതല്‍ 1980വരെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
കന്നിയങ്കം കുറിക്കുന്നത് 1977ല്‍. ആറാം ലോക്സഭയിലേക്ക് തുറ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥ കഴിഞ്ഞ് ഇന്ദിരക്കും കോണ്‍ഗ്രസിനുമെതിരെ പ്രതിഷേധത്തിന്റെ പ്രചണ്ഡവാതം വീശിയടിക്കുന്ന നാളുകളില്‍ എല്ലാ പ്രതികൂലസാഹചര്യങ്ങളെയും നിഷ്പ്രഭമാക്കി ലോക്സഭയിലെത്തി. 1980 മുതല്‍ 88 വരെ വ്യാപാരം മുതല്‍ ആഭ്യന്തരം വരെ വിവിധ വകുപ്പുകളില്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചു. ഇന്ദിര ഗാന്ധിയാണ് കേന്ദ്രമന്ത്രിസഭയിലേക്കു കൈപിടിച്ചുയര്‍ത്തിയത്.1988ല്‍ നാടു വിളിച്ചപ്പോള്‍ കൂടെപ്പോയി. 1990 വരെ അവിടെ മുഖ്യമന്ത്രിയായി. പിന്നീട് പാര്‍ട്ടി പിളര്‍ന്ന് മന്ത്രിസഭ വീണപ്പോള്‍ കേന്ദ്രത്തിലേക്കു മടങ്ങി. നരസിംഹറാവു മന്ത്രിസഭയില്‍ കാബിനറ്റ് പദവി കിട്ടി. ഉദാരവത്കരണത്തിന്റെ കാലത്ത് തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തു. പിന്നീട് വാര്‍ത്താവിതരണമന്ത്രിയായി. 49ാം വയസ്സില്‍ പതിനൊന്നാം ലോക്സഭയുടെ സ്പീക്കറായി.
പല വിധ റെക്കോഡുകളുടെയും അപൂര്‍വ ബഹുമതികളുടെയും ഉടമയാണ്. ഭരണകക്ഷിക്കാരനല്ലാത്ത ആദ്യ സ്പീക്കര്‍, വടക്കു കിഴക്കന്‍ ഭാഗത്തുനിന്നുള്ള ആദ്യ സ്പീക്കര്‍, ക്രിസ്ത്യന്‍ മതവിശ്വാസിയായ ആദ്യ സ്പീക്കര്‍, ആ കസേരയിലിരുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍. ആദിവാസികള്‍ക്കിടയില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിലെ ഉന്നതപദവികളിലെത്തിയ ഏക വ്യക്തി തുടങ്ങി അപൂര്‍വതകള്‍ ഏറെയുണ്ട്.
സൊറാദിനി സാങ്മയാണ് ഭാര്യ. നാലു മക്കള്‍. രണ്ടു പുത്രന്മാരും രണ്ടു പുത്രിമാരും. കുടുംബരാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചവന്‍ എന്നും വിശേഷണമുണ്ട്. ഇളയ മകള്‍ അഗത കേന്ദ്രമന്ത്രിയാണ്. ആണ്മക്കളായ കോണ്‍റാഡും ജയിംസും സംസ്ഥാന രാഷ്ട്രീയത്തില്‍ മുന്‍നിരയിലുണ്ട്. ജെയിംസ് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിപക്ഷനേതാവാണ്. കോണ്‍റാഡ് മേഘാലയത്തില്‍ ധനമന്ത്രിയായിരുന്നു. അഗതയുടെ ചേച്ചി ക്രിസ്റ്റിയും അമ്മ സൊറാദിനിയുമാണ് ഇപ്പോള്‍ ആ കുടുംബ്ധില്‍ രാഷ്ട്രീയത്തിലില്ലാത്തത്.
സാഹസികത എളുപ്പമാണ്, സംയമനം ആണ് ദുഷ്കരം എന്ന് ലോക്സഭയിലെ ആണവായുധ വിരുദ്ധ സംവാദത്തില്‍ പറഞ്ഞയാളാണ് വിജയം ശ്രമകരമായ ഒരു തെരഞ്ഞെടുപ്പിന് സ്വന്തം പാര്‍ട്ടിപോലും വിട്ട് അല്‍പം സാഹസികമായി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. പക്ഷേ, ചമ്പാത്തിഗ്രാമത്തിലെ ജ്യോത്സ്യന്റെ പ്രവചനം ഫലിക്കാനുള്ള സാധ്യത കാണുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍