12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

മുഖര്‍ജി സായ്വും കവാത്ത് മറന്നവരും

മുഖര്‍ജി സായ്വും കവാത്ത് മറന്നവരും

എത്ര ദയനീയം! സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിത്തുടങ്ങുന്നതിനു മുമ്പേ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തോറ്റു. മത്സരിച്ചു തോറ്റാല്‍ അതിലൊരു അഭിമാനമുണ്ട്. മത്സരിക്കാന്‍ പോലും നില്‍ക്കാതെ തോറ്റാല്‍? പ്രതിപക്ഷത്തിരിക്കുന്ന ബി.ജെ.പിക്കും ഇടതുപാര്‍ട്ടികള്‍ക്കും മറ്റു തെരഞ്ഞെടുപ്പില്‍നിന്ന് ഭിന്നമായി ഇക്കുറി സംഭവിച്ചുപോയ തോല്‍വി അതാണ്. പ്രഥമപൗരനെ നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രതിപക്ഷത്തിന് ഒരു സ്ഥാനാര്‍ഥി ഇല്ല. അത്രമേല്‍ സ്വീകാര്യനും സമ്മതനുമാണ് പ്രണബ് മുഖര്‍ജി എന്നതുകൊണ്ടാണോ? പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിയാലോചിച്ച്, അത്രത്തോളമെങ്കിലും അവരോട് ആദരം കാട്ടിയശേഷം പ്രണബിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതു കൊണ്ടാണോ? രണ്ടുമല്ല. പ്രണബ് സായ്വിനെ കണ്ടപ്പോള്‍ പ്രതിപക്ഷ പൊലീസുകാര്‍ കവാത്ത് മറന്നുനിന്നു. അത്രതന്നെ.
പലതും ചിന്തിച്ചതിനൊടുവില്‍ പി.എ. സാങ്മക്ക് പിന്തുണ നല്‍കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ടാവാം. എന്നുകരുതി സാങ്മ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയാവില്ല. സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചയാളെ രക്ഷയില്ലാതെ പിന്തുണക്കുന്ന അവസ്ഥ വേറെ; സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുവേറെ. രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട്. അതു കണ്ടില്ലെന്ന് നടിക്കാനും സാങ്മയെ പിന്തുണച്ചു തടിരക്ഷിക്കാനുമുള്ള അവകാശം, കടുത്ത നാണക്കേടിനിടയിലും ബി.ജെ.പിക്കുണ്ട്. ചെന്നുവീണ കുഴി അത്യഗാധം തന്നെ. സാങ്മയെ വീണുകിട്ടിയില്ലായിരുന്നെങ്കില്‍, ആരായിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ഥി? ഒപ്പമുള്ള സഖ്യകക്ഷികളെല്ലാം മൂടുതട്ടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്ക് പിന്നാലെ പോയി. അതിനിടയില്‍, സ്വന്തം സ്ഥാനാര്‍ഥിയെ ബി.ജെ.പി നിര്‍ത്തിയാല്‍? സഖ്യകക്ഷികളുടെ താങ്ങില്ലാത്ത ബി.ജെ.പിയെക്കുറിച്ച് മറ്റ് ആര്‍ക്കറിയില്ലെങ്കിലും എല്‍.കെ. അദ്വാനിക്ക് അറിയാതിരിക്കില്ല.
രണ്ടു ഡസന്‍ സഖ്യകക്ഷികളെ കയറിട്ടുമുറുക്കി എന്‍.ഡി.എയാക്കിയാണ് കേന്ദ്രത്തില്‍ അധികാരം പിടിച്ചത്. ഇപ്പോള്‍ അവരില്‍ എത്രപേര്‍ കൂടെയുണ്ടെന്നു ചോദിച്ചാല്‍, മറുപടി പറയാന്‍ മൈക്രോസ്കോപ് വേണ്ടിവരും. പ്രധാന സഖ്യകക്ഷിയായ ജനതാദള്‍-യു ഈ തെരഞ്ഞെടുപ്പില്‍ സ്വന്തം വഴിക്ക് പോയെങ്കിലും, ജയലളിതയുടെയും നവീന്‍ പട്നായകിന്റെയും പിന്തുണ ലഭിക്കുന്നതു വഴി പി.എ. സാങ്മക്ക് കിട്ടുന്ന ഒരു കരുത്തുണ്ട്. അതില്‍ സ്വന്തം തടിയും താങ്ങിനിര്‍ത്താം എന്നതാണ് അവസരോചിത പിന്തുണകൊണ്ട് ബി.ജെ.പി നേടുന്ന ലാഭം. ബി.ജെ.പിക്ക് നാണമുണ്ടെങ്കില്‍ അതല്ലാതെ, ഒന്നും നഷ്ടപ്പെടാനില്ല. ജയയും നവീന്‍ പട്നായകും ഒരുവേള, മമതയും തങ്ങളെ പിന്തുണക്കുന്ന ഒരുകാലം വീണ്ടുമെത്തുന്നതിനെക്കുറിച്ച് സ്വപ്നം കാണാന്‍, സ്വന്തം സ്ഥാനാര്‍ഥിയില്ലാതെ പോയ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അവസരം നല്‍കുന്നുണ്ട്. ജനതാദള്‍-യു ഏതു ലക്ഷ്മണരേഖയും മറികടക്കാന്‍ സ്വാതന്ത്രൃമുള്ള സഖ്യകക്ഷിയാണ്. മോഡിയെക്കുറിച്ച് അഭിപ്രായം പറഞ്ഞാലും എതിര്‍സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്താലും ജനതാദളിനെ ബി.ജെ.പിയും ആര്‍.എസ്.എസും സഹിക്കും.
തടിരക്ഷിക്കാന്‍ ബി.ജെ.പിക്കുള്ള അവകാശം പോലെതന്നെ, പ്രണബ് മുഖര്‍ജിയെ പിന്തുണച്ച് മമതയെ ചുരുട്ടിക്കെട്ടുന്ന ഏര്‍പ്പാടില്‍ സഹകാര്‍മികരാകാന്‍ സി.പി.എമ്മിനും അവകാശമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിലപാട് എന്നുപറയുന്നതിനൊരു പുതിയ നിര്‍വചനം തന്നെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ സി.പി.എം മുന്നോട്ടു വെച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്: 1. തെരഞ്ഞെടുപ്പു വരുമ്പോള്‍, മാലോകര്‍ക്കിടയില്‍ പൊതുവെ സ്വീകാര്യതയുള്ളവരെ പിന്തുണക്കുന്നതാണ് ശരി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുവെ സ്വീകാര്യന്‍ പ്രണബ് മുഖര്‍ജിയായതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടി പിന്തുണക്കുന്നു. 2. ഏതൊരു തെരഞ്ഞെടുപ്പിലും മത്സരം എന്നുപറയുന്നത് ജയപരാജയത്തിന്റെ പ്രശ്നമാണ്. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി ജയിപ്പിക്കാനുള്ള ശേഷി ഇന്നത്തെ ചുറ്റുപാടില്‍ പാര്‍ട്ടിക്കില്ലാത്തതു കൊണ്ടുകൂടിയാണ് ഇത്.
തെരഞ്ഞെടുപ്പ് ജയപരാജയത്തിന്റെ മാത്രം പ്രശ്നമല്ലെന്നും ആശയപ്രചാരണത്തിന്റെ, നിലപാടുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന്റെ കൂടി അവസരമാണെന്നുമാണ് പാര്‍ട്ടിക്കാരെ പാര്‍ട്ടി പഠിപ്പിച്ചു വെച്ചിട്ടുള്ളതെന്നാണ് അറിവ്. പക്ഷേ, അതിന്റെയൊന്നും പിറകെ പോകാന്‍ പാര്‍ട്ടി നേതൃത്വം നിന്നില്ല. തത്ത്വങ്ങള്‍ മാത്രമല്ല, അടവുനയം കൂടി ചേരുമ്പോഴാണ് അവിയല്‍ ഉണ്ടാകുന്നത്. തല്‍ക്കാല സാഹചര്യങ്ങളില്‍ തത്ത്വം പൊതിഞ്ഞുകെട്ടി വെക്കാം. അടവുനയം ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ എടുത്തുപയോഗിച്ചില്ലെങ്കില്‍ ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. പ്രണബ് മുഖര്‍ജിയെ എതിര്‍ക്കുന്ന മമതയെ ഒറ്റപ്പെടുത്തി പശ്ചിമ ബംഗാളില്‍ പ്രയോജനപ്പെടുത്താനുള്ള അടവുനയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുകയാണ്. ആണവകരാര്‍ പഴങ്കഥകളൊന്നും അടവുനയങ്ങളില്‍ പ്രസക്തമല്ല. ചരിത്രം വിളമ്പുന്നത് മുന്നോട്ടു വഴിനടത്താനാകണം; പിന്നാക്കം വലിക്കാനാകരുത്. അത്തരം മൂരാച്ചിമാര്‍ക്കും സി.പി.ഐ-ആര്‍.എസ്.പിക്കാര്‍ക്കുമൊപ്പം നില്‍ക്കുന്നതില്‍ ഭേദം, കോണ്‍ഗ്രസും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും തന്നെ.
കോണ്‍ഗ്രസുകാര്‍ക്കിടയില്‍ നിന്ന് കിട്ടിയ പിന്തുണയെ തോല്‍പിക്കുന്ന മാതിരി എതിര്‍പാളയത്തില്‍നിന്നു വന്ന ജയ്ജയ് വിളികളും, അതിനുള്ളിലെ പടയും പ്രണബ് മുഖര്‍ജിയെത്തന്നെ അമ്പരപ്പിച്ചു കളഞ്ഞു. നയപരമായും നേതാവെന്ന നിലയിലും മുഖര്‍ജി അത്രത്തോളം സര്‍വസമ്മതനൊന്നുമല്ല. തലക്കനം നിമിത്തം പ്രാപ്യനല്ലാത്ത മുഖര്‍ജിയെ ഒതുക്കാനും വെട്ടാനുമൊക്കെ താല്‍പര്യപ്പെടുന്നവരാണ് കോണ്‍ഗ്രസില്‍ കൂടുതല്‍. മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ പ്രതിപക്ഷത്തെ രണ്ടു പ്രധാന ചേരികള്‍ക്കുള്ളില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.
ഒരു മമത പോയാല്‍ ഒമ്പതു പിന്തുണക്കാര്‍ എന്ന നിലയിലാണ് പ്രതിപക്ഷത്തുള്ളവര്‍ ഓടിയടുത്തത്. അതു നല്‍കിയ ആത്മവിശ്വാസത്തില്‍, മരവിപ്പിച്ചു നിര്‍ത്തിയ പരിഷ്കാരങ്ങളൊക്കെ പൊടിതട്ടിയെടുക്കാമെന്ന മോഹം വരെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നു. ഇന്ധന സബ്സിഡി ചുരുക്കുന്നതിനെക്കുറിച്ചും ചില്ലറ വ്യാപാരരംഗത്ത് പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനം മരവിപ്പു മാറ്റി മുന്നോട്ടുനീക്കുന്നതിനുമൊക്കെ അവര്‍ ഒരുമ്പെട്ടു നോക്കുന്നു. മുഖര്‍ജിയെ തട്ടിന്‍പുറത്തേക്ക് കയറ്റിയിരുത്തിയ ശേഷമുള്ള കോണ്‍ഗ്രസിലും ഭരണത്തിലും ഉപദേശ-നിയന്ത്രണ വേഷങ്ങള്‍ ഏറ്റെടുക്കാന്‍ മത്സരിക്കുന്നു. മുഖര്‍ജി സായ്വിനെ കണ്ടിട്ടും കവാത്ത് മറക്കാത്ത ചുരുക്കം കൂട്ടര്‍ക്കിടയിലാണ് സി.പി.ഐയുടെയും ആര്‍.എസ്.പിയുടെയും സ്ഥാനം. 'മ്യാവൂ' എന്ന ശബ്ദമാണ് പുറത്തു വരുന്നതെങ്കിലും, വല്യേട്ടനില്‍നിന്ന് വ്യത്യസ്തരായി ചിന്തിക്കുന്നവര്‍ അതിലൂടെ ഉദ്ദേശിച്ചിട്ടുള്ളത് സിംഹഗര്‍ജനത്തിന്റെ അലയൊലിയാണ്. ഇടതുപാര്‍ട്ടികള്‍ക്കു മുമ്പില്‍ ഉണ്ടായിരുന്നത് നാലു വഴികളാണ്. പ്രണബ് മുഖര്‍ജിയെ പിന്തുണക്കുക, സാങ്മയെ പിന്തുണക്കുക, സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുക, തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുക എന്നിവയായിരുന്നു വഴികള്‍. നാലാമത്തെ വഴി തെരഞ്ഞെടുക്കുകയാണ് അവര്‍ ചെയ്തത്. അടവുനയത്തേക്കാള്‍ ഭേദം, മാറിയിരിപ്പു തന്നെ. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ ഒരുമയില്ലെങ്കില്‍, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആരുടെയും ഒരുമ ആവശ്യമില്ല. പക്ഷേ, ഇത്തരമൊരു മാറിച്ചിന്ത എത്രത്തോളം കൊണ്ടുനടക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിയുമെന്ന ചോദ്യം അതിനിടയില്‍ ബാക്കിനില്‍ക്കുന്നു.
രാഷ്ട്രീയത്തില്‍ അങ്ങനെയൊന്നുമില്ല. അവസരത്തിനൊത്ത് നിറംമാറുന്ന ഓന്തുരാഷ്ട്രീയത്തില്‍, നിലപാടുകളുടെ അഗാധപഠനങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രസക്തിയില്ലെന്ന് പറഞ്ഞാല്‍ കഴിഞ്ഞു. ദേശീയ പാര്‍ട്ടികളെന്ന് അഭിമാനിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും ദുര്‍ബലമായി നില്‍ക്കുന്നു.
പ്രാദേശിക കക്ഷികള്‍ കരുത്തുനേടുന്നു. അവരില്‍ കൂടുതല്‍ പേരെ വളഞ്ഞു പിടിക്കാതെ കോണ്‍ഗ്രസിന് വീണ്ടുമൊരു ഭരണത്തിലേക്ക് നടക്കാന്‍ കഴിയില്ല. ദുര്‍ബലമെന്ന് ഇതിനകം തെളിയിച്ച ബി.ജെ.പിക്ക് സഖ്യകക്ഷികളെ കൂടെ കൂട്ടാന്‍ കൂടുതല്‍ അധ്വാനിക്കണം. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളാകാനും കേന്ദ്രഭരണത്തില്‍ സ്വാധീനമുണ്ടാകാനും ആഗ്രഹിക്കുന്ന അക്കൂട്ടര്‍ രണ്ടുവള്ളത്തിലുമായി കാലൂന്നിക്കളിക്കുന്നതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പു നേരത്തെ കാഴ്ച. കൂടുതല്‍ കരുത്തരായ കോണ്‍ഗ്രസിന്റെ വള്ളത്തില്‍ കൂടുതല്‍ പേര്‍ കാലൂന്നി നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ കഴിഞ്ഞു. അടുത്ത ഓളത്തില്‍ ഏതു കാല്‍, ഏതു വള്ളത്തിലെന്ന് ഉറപ്പിക്കാന്‍ പറ്റില്ല. വള്ളത്തില്‍ തുള വീഴാത്തവര്‍ക്കും അവസരോചിതം തുഴയുന്നവര്‍ക്കും ജയം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com