12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

കോരന് കഞ്ഞി കുമ്പിളിലുമില്ല!

കോരന് കഞ്ഞി കുമ്പിളിലുമില്ല!

കേരളത്തിലെ സാധാരണക്കാരായ ഗള്‍ഫ് മലയാളികളുടെ വീടുകളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം വിജയകരമായി തുടരുകയാണ്. സമരക്കാരെ നേരിടാനോ ബദല്‍ സംവിധാനങ്ങളേര്‍പ്പെടുത്താനോ സര്‍ക്കാര്‍തലത്തില്‍ കാര്യമായ നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ല. ഇന്ത്യയിലെ 50 ലക്ഷത്തോളം പ്രവാസികളില്‍ 20 ലക്ഷവും മലയാളികളാണെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ 30 ശതമാനവും വേനലവധിക്ക് നാട്ടിലെത്താന്‍ ബദ്ധപ്പെടുന്നവരാണ്. കുറഞ്ഞവരുമാനക്കാരായ മലയാളി പ്രവാസികളിലേറെപ്പേരും ആശ്രയിക്കുന്നത് താരതമ്യേന ചെലവുകുറഞ്ഞ എയര്‍ ഇന്ത്യ എക്സ്പ്രസിനെയാണ്. കാലേകൂട്ടി ടിക്കറ്റ് റിസര്‍വ്ചെയ്ത് നോമ്പും പെരുന്നാളും നാട്ടില്‍കൂടാമെന്ന് സ്വപ്നംകണ്ടുകഴിയുന്ന ഗള്‍ഫ് മലയാളികള്‍ക്ക് എയര്‍ ഇന്ത്യാ സമരം ഇരുട്ടടിയാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ അവസരത്തില്‍ വിദേശ വിമാനക്കമ്പനികള്‍ വിമാനച്ചാര്‍ജ് ഉയര്‍ത്തുക മാത്രമല്ല, അമിതചാര്‍ജ് കൊടുത്താലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്യുന്നു. സൗദി അറേബ്യന്‍ മേഖലകളിലുള്ളവരെയാണ് സമരം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ജൂലൈ 31 വരെ റിയാദില്‍നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തിയിരിക്കുന്നു. കൊച്ചി-മുംബൈ വിമാനങ്ങള്‍ റീഷെഡ്യൂള്‍ ചെയ്തതായി വാര്‍ത്തയുണ്ട്. എന്നാല്‍, കരിപ്പൂരില്‍നിന്നുള്ള വിമാനങ്ങള്‍ ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ത്തന്നെ. നേരത്തേ ടിക്കറ്റ് ബുക്ചെയ്തവര്‍ക്കും യഥാസമയം നാട്ടിലെത്താനാവുമെന്ന് ഉറപ്പൊന്നുമില്ല. ആയിരക്കണക്കിന് മലയാളികളുടെ മോഹങ്ങളും സ്വപ്നങ്ങളും ചവിട്ടിയരച്ചു കൊണ്ടാണ് പൈലറ്റുമാര്‍ സമരം തുടരുന്നത്.
കുറഞ്ഞവരുമാനക്കാരായ ഗള്‍ഫ് മലയാളികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുടുംബത്തെ കൂടെതാമസിപ്പിക്കാന്‍ പ്രയാസമാണ്. സാമ്പത്തിക വിഷമംകൊണ്ട് വര്‍ഷംതോറും നാട്ടിലെത്താനും പലര്‍ക്കും സാധിക്കാറില്ല. അത്തരക്കാരില്‍ പലരും കേരളത്തിലെ വേനലവധിക്ക് കുടുംബത്തെ അങ്ങോട്ടുകൊണ്ടു പോവുകയാണ് പതിവ്. ബന്ധുക്കളോ കൂട്ടുകാരോ നാട്ടില്‍പോകുന്ന അവസരങ്ങളില്‍ അവരുടെ പാര്‍പ്പിടം താല്‍ക്കാലികമായി കുറഞ്ഞ വാടകക്കെടുത്താണ് പലരും കുടുംബത്തെ കൂടെത്താമസിപ്പിക്കുന്നത്. അതുവരെ സമ്പാദിച്ചതെല്ലാം മുടക്കിയും പോരാത്തത് കടംവാങ്ങിയുമൊക്കെയാണ് കുടുംബത്തോടൊപ്പം ഒന്നിച്ചുകഴിയുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. വിസിറ്റിങ് വിസയിലെത്തുന്നവര്‍ നിശ്ചിത കാലാവധിക്കുള്ളില്‍ തിരിച്ചുപോയില്ലെങ്കില്‍ ഗള്‍ഫില്‍ നൂലാമാലകള്‍ പലതാണ്. ഭീമമായ തുകയാണ് അവര്‍ പിഴയൊടുക്കേണ്ടത്. രോഗികളും ഗര്‍ഭിണികളുമൊക്കെ വെക്കേഷന്‍ കഴിഞ്ഞ് വിസാകാലാവധിക്കുമുമ്പ് നാട്ടിലേക്ക് തിരിച്ചുവരാനാകാതെ സൗദി അറേബ്യയില്‍ കഷ്ടപ്പെടുകയാണ്. വിസിറ്റിങ് വിസയില്‍ ഗള്‍ഫിലെത്തു ന്നവര്‍ക്ക് ആശുപത്രികളില്‍ അഡ്മിഷന്‍ കിട്ടില്ല. ഗര്‍ഭകാലത്ത് കുറച്ചുദിവസം ഭര്‍ത്താക്കന്മാരോടൊപ്പം താമസിച്ച് പ്രസവമടുക്കുമ്പോഴേക്കും തിരിച്ചെത്താമെന്നാഗ്രഹിച്ചത് അവരുടെ തെറ്റ്. പ്രസവത്തിന് ആശുപത്രികളില്‍ പോകാന്‍ സാധിക്കില്ലെന്നുമാത്രമല്ല, പ്രസവശേഷം കുഞ്ഞിനെ നാട്ടിലെത്തിക്കാനും കടമ്പകള്‍ ഏറെ. അങ്ങോട്ടു തിരിക്കുമ്പോള്‍ ഇത്തരം കൊലച്ചതി ആരും പ്രതീക്ഷിച്ചതല്ല.
റമദാന്‍ മാസത്തില്‍ ഉംറക്കുപോകാന്‍ തയാറെടുക്കുന്നവരെയും പൈലറ്റ് സമരം കാര്യമായിത്തന്നെ ബാധിക്കുമെന്നുറപ്പാണ്. അറബികളുടെ വീട്ടിലെ ജോലിക്കാരികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ കുറഞ്ഞ വരുമാനക്കാരായ പലര്‍ക്കും രണ്ടു വര്‍ഷത്തിലൊരിക്കലാണ് അവധി കിട്ടുന്നത്. അവിടെ സ്കൂളില്‍ വേനലവധി ആരംഭിക്കുന്ന ജൂണിലാണ് അവര്‍ക്കും അവധി കിട്ടാറുള്ളത്. അവരെല്ലാം ആശ്രയിക്കുന്നത് എയര്‍ ഇന്ത്യയെത്തന്നെയാണ്. രണ്ടുവര്‍ഷത്തിനുശേഷം നാട്ടിലെത്താമല്ലോ എന്ന പ്രത്യാശയാണ്, വീട്ടുടമയുടെ കര്‍ക്കശമായ പെരുമാറ്റം നേരിടാനുള്ള മനസ്സുറപ്പ് അവര്‍ക്കു നല്‍കുന്നത്. കിട്ടുന്നതില്‍നിന്ന് മിച്ചംപിടിച്ച് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൊടുക്കാനുള്ള സമ്മാനങ്ങളും വാങ്ങി നേരത്തേകാലത്തേ നാട്ടിലേക്കുള്ള ടിക്കറ്റും ബുക്ചെയ്ത് കാത്തിരിക്കുന്നവരാണ് അവരില്‍ പലരും. വിചാരിച്ച സമയത്ത് നാട്ടിലെത്താന്‍ സാധിക്കില്ലെന്നറിയുമ്പോഴുള്ള അവരുടെ ഉള്ളുരുക്കം വിണ്ണിലെ താരങ്ങളായ പൈലറ്റുമാര്‍ അറിയേണ്ടതില്ലല്ലോ!
കേരളത്തില്‍ ഇന്ന് പല കുടുംബങ്ങളിലും പെണ്ണുകാണല്‍, വിവാഹം, സല്‍ക്കാരം തുടങ്ങിയ അടിയന്തരങ്ങളില്‍ പലതും ഗള്‍ഫുകാരുടെ വരവിനെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. പഴയകാലത്ത് ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഇവിടെ വിവാഹം പതിവില്ലായിരുന്നു. മഴമാറി മാനംതെളിയാനായി കാത്തിരിക്കുകയായിരുന്നു പതിവ്.
എന്നാല്‍, ഗള്‍ഫ് മലയാളികളുടെ വേനലവധി ഈ മാസങ്ങളിലായതിനാല്‍ മഴക്കാലവും ഇപ്പോള്‍ വിവാഹസീസണായി മാറിയിരിക്കുകയാണ്. വിവാഹം വീട്ടില്‍ നടത്തുന്ന പതിവ് ഇപ്പോഴില്ല. സാമ്പത്തികശേഷിയനുസരിച്ച് ഹോട്ടലുകളിലും വിവാഹമണ്ഡപങ്ങളിലും ജാതിമതഭേദമന്യേ അധികംപേരും വിവാഹം നടത്തുന്നത്. സാമാന്യം ഭേദപ്പെട്ട ഹോട്ടലുകളും വിവാഹവേദികളും കിട്ടണമെങ്കില്‍ കാലേക്കൂട്ടി ബുക് ചെയ്യണം. അങ്ങനെ വിവാഹം നിശ്ചയിച്ചവരില്‍ പലരും ഇന്ന് ഉത്കണ്ഠയിലാണ്. എയര്‍ ഇന്ത്യ കനിഞ്ഞില്ലെങ്കില്‍ പ്രിയപ്പെട്ടവരില്ലാതെ വിവാഹം നടത്തേണ്ടിവരുമോ എന്ന ഭീതിയിലാണ് അവരില്‍ പലരും. കുടുംബ്ധിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനായി അക്കരെ കടന്നവരെത്താതെ എന്താഘോഷം? ഇടത്തരക്കാരുടെയും താഴേത്തട്ടിലുള്ളവരുടെയും കാര്യമാണ് കഷ്ടം. അവരാണല്ലോ ഗള്‍ഫ് മലയാളികളില്‍ ഭൂരിപക്ഷം. സാധാരണക്കാരെപ്പറ്റി ഓര്‍ക്കാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഭരിക്കുന്നവര്‍ക്ക് നേരമെവിടെ?
'പ്രവാസി ഭാരതീയ ദിവസ്' 2013 ജനുവരി ഏഴു മുതല്‍ വിപുലമായ പരിപാടികളോടെ കേരളത്തില്‍വെച്ച് നടത്തുമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പ്രസ്താവിച്ചതായി വാര്‍ത്ത കണ്ടു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും. പ്രവാസി പുരസ്കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്യും. ഈ ചടങ്ങ് നടത്താന്‍ അതീവതാല്‍പര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്കും പ്രവാസികാര്യമന്ത്രിക്കും സ്വമനസ്സാലെ കത്തെഴുതുകയായിരുന്നു.
പുരസ്കാരം ലഭിക്കുന്ന പ്രവാസികളില്‍ സാധാരണക്കാരുണ്ടാകുമോ? ആഘോഷത്തില്‍ പങ്കെടുക്കുന്ന രണ്ടായിരത്തിലേറെ പ്രവാസികളില്‍ ഗള്‍ഫില്‍ ചോര നീരാക്കുന്ന സാധാരണക്കാര്‍ എത്രപേര്‍ ഉണ്ടാവും? അതിനുള്ള ഉത്തരം പ്രവാസികാര്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. മാറിയ സാമ്പത്തിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ പ്രവാസി വ്യവസായപ്രമുഖരെ ഇന്ത്യയിലേക്കാകര്‍ഷിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. യൂറോപ്പ്, യു.എസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ നേരിട്ടു ക്ഷണിക്കും. വിദേശത്തുനിന്നുള്ള പ്രമുഖ ഇന്ത്യന്‍ പൗരന്മാരായിരിക്കും മുഖ്യാതിഥികള്‍. നിരാലംബരായ ഗള്‍ഫ് മലയാളികളേ, നിങ്ങള്‍ ഇക്കട്ടിലു കണ്ട് പനിക്കണ്ട!
'പ്രവാസി ഭാരതീയ ദിവസ്' നടത്താന്‍ പ്രവാസികാര്യമന്ത്രിയും മുഖ്യമന്ത്രിയും കാണിക്കുന്ന താല്‍പര്യത്തിന്റെ ഒരംശം എയര്‍ ഇന്ത്യാ സമരം അവസാനിപ്പിക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍!


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com