Sat, 06/23/2012 - 23:50 ( 47 weeks 4 daysago)
ബാറ്റില്‍ റോയല്‍
(+)(-) Font Size
ബാറ്റില്‍ റോയല്‍

ഗ്രൂപ് ഡിയിലെ പ്രഥമ സ്ഥാനക്കാരായി കടന്നുവരുന്ന ഇംഗ്ളണ്ട് ഒരു പുത്തന്‍ ടീമിന്റെ രൂപവും ഭാവവുമാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ കാഴ്ചവെച്ചത്. റൂണിയുടെ അഭാവത്തിലിറങ്ങിയ യുവനിരയുടെ മുന്നേറ്റങ്ങള്‍ അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നുവെന്നും സംവത്സരങ്ങള്‍ക്ക് ശേഷമാണ് ഒരു ഇംഗ്ളീഷ് ടീം ഭാവനയോടെ കളത്തിലിറങ്ങുന്നതെന്നുമാണ് ആന്‍ഡി കരോളിന്റെയും ഡാനി വെല്‍ബെക്കിന്റെയും തിയോ വാല്‍ക്കോട്ടിന്റെയും മനസ്സില്‍ തങ്ങുന്ന ഗോളുകള്‍ കണ്ട് ഇംഗ്ളീഷ് പത്രങ്ങള്‍ ഒന്നടങ്കം പ്രതികരിച്ചത്.
എന്തായാലും ഒന്നുറപ്പാണ്. ഒരു പുതു വീര്യം ഇംഗ്ളീഷ് ടീമിന്, അവരുടെ പുതിയ കോച്ച് റോയ് ഹഡ്സണ്‍ പകര്‍ന്നു നല്‍കിയിരിക്കുന്നു. പതിനാറ് വര്‍ഷം ഇംഗ്ളണ്ട് പരിശീലക സ്ഥാനത്ത് വിദേശാധിപത്യമായിരുന്നു . സ്വീഡന്‍കാരന്‍ സ്വെന്‍ ഗൊരാന്‍ എറിക്സണും ഇറ്റലിയില്‍നിന്ന് ഫാബിയോ കപ്പേളയും ടീമിനെ കൈകാര്യം ചെയ്ത കാലത്തൊന്നുമില്ലാത്ത മികവും ഉണര്‍വും കെട്ടുറപ്പും അവര്‍ക്കുണ്ടായിരിക്കുന്നു.
മറുവശത്ത് ഇറ്റലിയും നിലയേറെ മെച്ചപ്പെടുത്തിയിരിക്കുന്നു. നിലവിലെ ജേതാക്കളെന്ന നിലയില്‍ കഴിഞ്ഞ ലോകകപ്പിനിറങ്ങി നാണംകെട്ട തോല്‍വികളുമായി മടങ്ങിയ നിരയല്ല ഇപ്പോഴത്തെ അസൂറിപ്പട. ഇന്ന് പ്രാന്‍ഡേലിയുടെ ശിക്ഷണത്തില്‍, ഏത് പ്രതിരോധ നിരയും തുരന്നു കയറാനുള്ള മനക്കരുത്തും പരമ്പരാഗത ശൈലിയിലുള്ള കടന്നു കയറ്റം പൂര്‍ണമായി നിഷേധിക്കപ്പെട്ട അവരുടെ പിന്‍നിരയും ഇത്തവണ അവര്‍ക്ക് മുതല്‍ക്കൂട്ടാണ്. ഒപ്പം ആന്‍ദ്രേ പിര്‍ലോയുടെ നിയന്ത്രണത്തിലുള്ള മധ്യനിരയും ഏറെ മെച്ചപ്പെട്ടിരിക്കുന്നു.
രണ്ട് ടീമുകള്‍ക്ക് ഒരുപാട് പ്ലസ്പോയന്റുകളുള്ളപ്പോള്‍ ഇത്തവണ അവസാന ക്വാര്‍ട്ടര്‍ പ്രവചനാതീതമാകുന്നു. ഇവര്‍ തമ്മില്‍ ഇതുവരെ ഏറ്റുമുട്ടിയതിന്റെ സ്ഥിതിവിവരക്കണക്കുകളും ഏതാണ്ട് സമമാണ്. ഇംഗ്ളണ്ട് ഏഴുതവണ വിജയിച്ചപ്പോള്‍ ഒമ്പതു വിജയവുമായി അസൂറിപ്പടയാണ് മുന്നില്‍. ആറു കളികള്‍ സമനിലയിലായി. എന്നാല്‍, ഗോള്‍ മികവില്‍ ഇംഗ്ളീഷുകാരാണ് അല്‍പം മുന്നില്‍. ഇറ്റലിക്കെതിരെ അവര്‍ 28 ഗോളുകള്‍ സകോര്‍ ചെയ്തപ്പോള്‍ 26 എണ്ണം മടക്കി വാങ്ങി. എന്നാല്‍, രസകരമായ മറ്റൊരു വിവരം ഇന്നുവരെ ഈ വമ്പന്‍ ടീമുകള്‍ ഒരിക്കല്‍പോലും ഒരു 'നോക്കൗട്ട്' മത്സരത്തില്‍ മുഖാമുഖം നിന്നിട്ടില്ലെന്നതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിന് പ്രസക്തിയേറെ.
ഇംഗ്ളീഷുകാരുടെ പ്രതിരോധനിര ശക്തവും സന്തുലിതവുമാണ്. ജോ ഹാര്‍ട്ട്, അവിശ്വസനീയമായ വിധം ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. നാളുകള്‍ക്കുശേഷമാണ് ഒരു ഇംഗ്ളീഷ് ഗോള്‍കീപ്പര്‍ വിശ്വസ്തനാകുന്നത്. പ്രതിരോധനിരയില്‍ യുവതാരങ്ങള്‍ക്കാണ് പ്രാമുഖ്യം. ഗെ്ളന്‍ ജോണ്‍സണ്‍, പഴയ ജനറല്‍ ജോണ്‍ ടെറി, മിന്നുന്ന ഗോളടിച്ച ജൊലാന്‍ ലസ്കോട്ട്, ആഷ്ലി കോള്‍ എന്നിവര്‍ കാക്കുന്ന ഡിഫന്‍സ് കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മികവ് തെളിയിച്ചിരുന്നുവെങ്കിലും രണ്ടിലും ഗോള്‍ വാങ്ങിക്കൂട്ടിയിരുന്നു. സ്വീഡനെതിരായ മത്സരത്തില്‍ കോളും ടെറിയും നിരവധി തവണ പരീക്ഷിക്കപ്പെടുകയും ചെയ്തു.
പ്രതിരോധ നിര തുലനം ചെയ്യുമ്പോള്‍ ഇറ്റലിക്കാര്‍ക്കാണ് മുന്‍തൂക്കം. എന്നാല്‍, ഗിയോര്‍ഗിയോ ചീല്ലിനിയുടെ പരിക്ക് അസൂറികളെ അസ്വസ്ഥരാക്കുന്നു. ക്യാപ്റ്റന്‍ കൂടിയായ ഗോളി ജിയാന്‍ലൂയിജി ബഫണ്‍ ഗ്രൂപ് തലത്തിലെ മൂന്നു മത്സരങ്ങളിലും കരുത്തു കാട്ടി. ഡിഫന്‍സില്‍ ബര്‍സാഗ്ലി, ഡി റോസി, ബോനൂച്ചി, ക്രിസ്റ്റ്യന്‍ മാഗിയോ എന്നിവരാകും ഇംഗ്ളീഷുകാര്‍ക്കെതിരെ കോട്ട കാക്കുക.
ഇംഗ്ളീഷ് മധ്യനിര നായകന്‍ സ്റ്റീഫന്‍ ജെറാര്‍ഡിന്റെ നേതൃത്വത്തില്‍ ഏറ്റവും കെട്ടുറപ്പുള്ളതാണെന്ന് തെളിയിച്ചാണ് സ്വീഡനെതിരെ മൂന്നു ഗോളുകളും നേടിയത്. കാരോള്‍-പാര്‍ക്കര്‍-മില്‍നര്‍-ജെറാര്‍ഡ് ടീമിന്റെ മുന്നേറ്റം തടയുക ചീല്ലിനിയുടെ അഭാവത്തില്‍ ബുദ്ധിമുട്ടുള്ളതാകും.
റൂണിയില്ലാതിരുന്ന ഇംഗ്ളീഷ് ടീമിന്റെ കടന്നു കയറ്റങ്ങള്‍ക്കായിരുന്നു കരുത്തും ശൗര്യവും ദിശാബോധവുമുണ്ടായിരുന്നത്. പ്രത്യേകിച്ച് ആന്‍ഡി കരോള്‍, തിയോവാല്‍ക്കോട്ട്, വെല്‍ബക്ക് സഖ്യത്തിന്റെ മുന്നേറ്റങ്ങള്‍. മൂന്നുപേരുടെയും ഒന്നിനൊന്നു മെച്ചമായ ഗോളുകളാണ് ഇംഗ്ളണ്ടിനെ അവസാന എട്ടിലെത്തിച്ചത്.
ഇറ്റലിക്കാരുടെ വേഗമാര്‍ന്ന നീക്കങ്ങള്‍ അന്റോണിയോ കസാനോ-മാറിയോ ബാലോറ്റെല്ലി കൂട്ടുകെട്ടില്‍നിന്നാണ്. ഇരുവരും അവരുടെ സ്കോറിങ് ബൂട്ടുകളോട് നീതികാട്ടുകയും ചെയ്തിട്ടുണ്ട്.
എല്ലാ അര്‍ഥത്തിലും തുല്യശക്തികളുടെ പോരാട്ടമാകും കലാശക്കളി നടക്കേണ്ട കിയേവില്‍ ഇന്നരങ്ങേറുക. ഒരു കലാശക്കളിയുടെ പ്രൗഢിതന്നെ അതിനുണ്ടാവുകയും ചെയ്യും. പരമ്പരാഗത വൈരികളായ ജര്‍മനിയെ സെമിയില്‍ നേരിടാന്‍ ഇറ്റലിക്കാണ് കൂടുതല്‍ സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus