12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ജയിച്ചത് ഏത് പ്രചാരണം?

ജയിച്ചത് ഏത് പ്രചാരണം?

ഉമ്മന്‍ചാണ്ടി ഏറെ വക്രബുദ്ധിയുള്ള കോണ്‍ഗ്രസ് നേതാവാണെന്ന് പിണറായി വിജയന്‍ കഴിഞ്ഞദിവസം പറയുകയുണ്ടായി. പിണറായി വിജയന്റെ ബുദ്ധിക്ക് ഇത് മനസ്സിലാക്കാന്‍ ടി.പി. ചന്ദ്രശേഖരന്‍ വധംവരെ സമയം വേണ്ടിവന്നു എന്നതാണ് ശരി. എന്തായാലും നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയന്റെ ഉമ്മന്‍ചാണ്ടി വായനയെ ഒന്നുകൂടി ഉറപ്പിച്ചിട്ടുണ്ടാവണം. നെയ്യാറ്റിന്‍കരയില്‍ ഇടത്-വലത് മുന്നണികള്‍ക്കിടയില്‍ നടന്നത് ബുദ്ധിശൂന്യതയുടെയും വക്രബുദ്ധിയുടെയും തുറന്ന ഏറ്റുമുട്ടലായിരുന്നു. അതിവക്രബുദ്ധി ജയിക്കുക സ്വാഭാവികം മാത്രമാണ്. സി.പി.എം നേരിടുന്ന പ്രശ്നം അതിന്റെ നേതൃത്വം അടിക്കടി വിഡ്ഢിത്തങ്ങള്‍ ചെയ്യുന്നു എന്നതാണ്. ഉമ്മന്‍ചാണ്ടി ആന്‍ഡ് പാര്‍ട്ടി ആര്‍. ശെല്‍വരാജിനെ ചാടിച്ചെടുത്തത് യു.ഡി.എഫിന് നെയ്യാറ്റിന്‍കരയില്‍ ജയിക്കാനായിരുന്നില്ല , പിറവത്ത് ജയിക്കാനായിരുന്നു. പക്ഷേ, കേരളത്തിലെ ബുദ്ധിജീവികളുടെ പാര്‍ട്ടിയായ സി.പി.എം നെയ്യാറ്റിന്‍കരയെ യു.ഡി.എഫിന് താലത്തില്‍വെച്ച് നല്‍കുകയായിരുന്നു. പിറവത്ത് ജയിക്കണമെന്ന് പിണറായി തീരുമാനിച്ചിട്ടില്ലായിരുന്നു. എന്നാല്‍, നെയ്യാറ്റിന്‍കര പിടിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പിണറായി വിജയന് നിര്‍ബന്ധമുണ്ടായപ്പോഴേക്കും സി.പി.എമ്മുകാര്‍ക്കുപോലും അത്ര നിര്‍ബന്ധമില്ലാതാവുകയാണുണ്ടായത്.
നെയ്യാറ്റിന്‍കര നല്‍കുന്ന ഏറ്റവും അപകടകരമായ പാഠം സി.പി.എമ്മിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് മറിഞ്ഞുവെന്നതാണ്. ബി.ജെ.പി പിടിക്കുക കോണ്‍ഗ്രസ് വോട്ടുകളാകുമെന്നായിരുന്നു പൊതുവില്‍ കണക്കുകൂട്ടിയത്. ഇതിനര്‍ഥം സി.പി.എമ്മിനെ പിന്തുണക്കുന്ന ജനക്കൂട്ടത്തിന്റെ അടുത്ത ഓപ്ഷന്‍ ബി.ജെ.പിയാണെന്നാണ്. വടക്കന്‍ കേരളത്തില്‍ നേരത്തേ തന്നെ ഈ പ്രതിഭാസം തിരിച്ചറിയപ്പെട്ടതാണ്. കുറേക്കൂടി വര്‍ഗീയ ചേരിതിരിവുകള്‍ കുറഞ്ഞ എന്നു വിശ്വസിക്കപ്പെടുന്ന, സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം മുസ്ലിംലീഗ് മുഖ്യ എതിരാളിയല്ലാത്ത തെക്കേയറ്റത്തും സ്ഥിതി ഇതുതന്നെയാണെന്നാണ് നെയ്യാറ്റിന്‍കര ഫലം വ്യക്തമാക്കുന്നത്. വടക്കുനിന്ന് വ്യത്യസ്തമായി സമുദായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേരോട്ടവും ചില്ലപ്പടര്‍പ്പുകളുമുള്ള സ്ഥലമാണ് തെക്ക്.
തങ്ങളുടെ പിന്നില്‍ അണിനിരന്ന ആള്‍ക്കൂട്ടത്തിന്റെ ഈ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനുമല്ല പാര്‍ട്ടി നേതൃത്വം പരിശ്രമിക്കാറുള്ളത്. ഈ ദുര്‍വികാരങ്ങളെക്കൂടി തങ്ങളുടെ താല്‍ക്കാലിക രാഷ്ട്രീയ, തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി ഉപയോഗപ്പെടുത്താനാണ്. 1956ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുതന്നെ ഇത്തരമൊരു നിരൂപണം നിലവിലുണ്ട്. 87ലെ ശരീഅത്ത് വിവാദത്തിലും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും ഇ.എം.എസ് നമ്പൂതിരിപ്പാട് മൂലധനവത്കരിക്കാന്‍ ശ്രമിച്ചതും ഈ ഭൂരിപക്ഷ വര്‍ഗീയ മനഃശാസ്ത്രത്തെയാണ്.
പക്ഷേ, സി.പി.എം ഓര്‍ക്കേണ്ട ഒരു കാര്യം 87 അല്ല 2012 എന്നതാണ്. അന്നത്തേതില്‍നിന്നു വ്യത്യസ്തമായി ഫാഷിസം വലിയ ഒരു രാഷ്ട്രീയ ശക്തിയായി, ഭീഷണിയായി രാജ്യത്തിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെയും മുന്നിലുണ്ട് എന്നതാണ്. ആര് വര്‍ഗീയ പ്രചാരണം നടത്തിയാലും അതിന്റെ ഗുണഫലം ലഭിക്കുക ബി.ജെ.പിക്കാണ്. ഇത് ദേശീയ ചരിത്രത്തില്‍ സൂര്യവെളിച്ചം പോലെ തെളിഞ്ഞ കാര്യമാണ്. രാജീവ് ഗാന്ധി ഭരണത്തിന്റെ ആദ്യനാളുകളില്‍ ദൂരദര്‍ശനിലൂടെ രാമായണം, മഹാഭാരതം സീരിയലുകള്‍ സംപ്രേഷണം ചെയ്തതിന്റെയും ബാബരി മസ്ജിദ് വളപ്പില്‍ ശിലാന്യാസം നടത്തിയതിന്റെയും രാഷ്ട്രീയ ഗുണഫലമനുഭവിച്ചത് കോണ്‍ഗ്രസ് അല്ല, ബി.ജെ.പിയാണ്. ഇത്തരം കോണ്‍ഗ്രസ് ഒരുക്കിക്കൊടുത്ത പശ്ചാത്തലസൗകര്യങ്ങളാണ് ബി.ജെ.പിയെ രണ്ടു സീറ്റുകളില്‍നിന്ന് രാജ്യഭരണത്തിലേക്കെത്തിച്ചത്. വര്‍ഗീയത കളിക്കുന്നതില്‍ കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയോട് മത്സരിക്കുന്നത് ശുദ്ധ വിഡ്ഢിത്തമാണ്. ബി.ജെ.പി പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് ഏതോ അര്‍ഥത്തില്‍ മതേതര പാര്‍ട്ടികള്‍ പറഞ്ഞാല്‍ അതംഗീകരിക്കുന്ന ജനം ആ പാര്‍ട്ടികളെ വിട്ട് ബി.ജെ.പിയെ തെരഞ്ഞെടുക്കും.
അഞ്ചാംമന്ത്രി വിവാദത്തില്‍ സി.പി.എമ്മും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും നടത്തിയ ലീഗ് വിരുദ്ധ പ്രചാരണത്തിന്റെ കൊയ്ത്താണ് ഒ.രാജഗോപാല്‍ നേടിയെടുത്ത മുപ്പതിനായിരത്തിലധികം വോട്ടുകള്‍. അഞ്ചാംമന്ത്രി വിവാദത്തില്‍ വിതച്ചത് ആരൊക്കെയാണെങ്കിലും കൊയ്തത് ബി.ജെ.പിയാണ്. കേരളത്തില്‍ മുസ്ലിംകള്‍ അന്യായമായി അവകാശങ്ങള്‍ നേടിയെടുക്കുന്നുണ്ടെങ്കില്‍ അതിനെതിരെ പിന്തുണക്കേണ്ടത് ഇടതുപക്ഷത്തെയല്ല, ബി.ജെ.പിയെയാണെന്ന് ജനങ്ങള്‍ക്കറിയാം.
കേരളത്തില്‍ ഫാഷിസം ചുവടുറപ്പിക്കാത്തത് അതിനെതിരായ രാഷ്ട്രീയ പ്രചാരണങ്ങള്‍ ശക്തമാണെന്നതുകൊണ്ടു കൂടിയാണ്. നെയ്യാറ്റിന്‍കരയില്‍ ഇരുമുന്നണികളും പ്രത്യേകിച്ച് എല്‍.ഡി.എഫ് സവര്‍ണ ഫാഷിസത്തെ നേരിടാന്‍ ശ്രമിച്ചില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇടതുപക്ഷം യു.ഡി.എഫിനെതിരെ വര്‍ഗീയ പ്രചാരണം നടത്തിയപ്പോള്‍ ബി.ജെ.പി അതിന്റെ ഗുണഭോക്താവായി. ഗുജറാത്തില്‍ സംഭവിക്കുന്നത് ഇതാണ്. കോണ്‍ഗ്രസ് ഒരിക്കലും അവിടെ മോഡിയെ രാഷ്ട്രീയമായി നേരിടാന്‍ ശ്രമിക്കാറില്ല എന്നതിന്റെ കൂടി ഫലമാണ് മോഡിയുടെ ആവര്‍ത്തിക്കപ്പെടുന്ന ഭരണം. അതുകൊണ്ടാണ് ഒ. രാജഗോപാല്‍ എന്ന സംഘ് പരിവാര്‍ നേതാവിന് ആദര്‍ശ രാഷ്ട്രീയത്തിന്റെയും വികസനത്തിന്റെയും പാര്‍ട്ടിക്കതീതനായ രാജേട്ടനാവാന്‍ കഴിഞ്ഞത്.
ബി.ജെ.പിയുടെ ഈ നേട്ടത്തിന് പശ്ചാത്തലമൊരുക്കിയ അഞ്ചാംമന്ത്രി വിവാദം യുക്തിരഹിതമായ ഒരു വര്‍ഗീയ പ്രചാരണമായിരുന്നു. എന്‍.എസ്.എസാണ് ഈ കാമ്പയിന് നേതൃത്വം നല്‍കിയത്. കേരളത്തിലെ ഭരണത്തിലെ സാമുദായിക സന്തുലിതാവസ്ഥ അപകടത്തിലാവുന്നു എന്നതായിരുന്നു പെരുന്ന കേന്ദ്രമായ പ്രചാരണം.
രാജ്യത്തിന്റെ ഭരണത്തിലും ഭരണനിര്‍വഹണത്തിലും നിലനില്‍ക്കുന്ന മുന്നാക്ക ജാതി കേന്ദ്രീകൃത അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഭരണഘടനതന്നെ മുന്നോട്ടുവെച്ച പരിഹാരപദ്ധതിയാണ് സംവരണം. ഈ സംവരണത്തിനെതിരെ ബഹുജനാഭിപ്രായ രൂപവത്കരണം, നിയമ പോരാട്ടം, സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിക്കല്‍, സംവരണ അട്ടിമറികള്‍ക്ക് നേതൃത്വംനല്‍കല്‍ എന്നിവ മുഖ്യസാമൂഹിക പ്രവര്‍ത്തനമായി സ്വീകരിച്ച സംഘടനയാണ് എന്‍.എസ്.എസ്. അവര്‍ സാമുദായിക സന്തുലിതാവസ്ഥയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതുതന്നെ അപഹാസ്യമാണ്.
ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷ സമുദായത്തെക്കാള്‍ പ്രാതിനിധ്യം നേടുന്നു എന്നതായിരുന്നു പ്രചാരണത്തിന്റെ മര്‍മം. ന്യൂനപക്ഷ സമുദായം എന്നത് കേരളത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ചുരുങ്ങിയ ചില സന്ദര്‍ഭങ്ങളൊഴിച്ച് ഒരു നിര്‍മിതിയാണ്. പ്രത്യേകിച്ച് സാമൂഹിക രാഷ്ട്രീയ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ക്രൈസ്തവ സമൂഹത്തെയും മുസ്ലിംസമൂഹത്തെയും ചേര്‍ത്ത് ഒറ്റ യൂനിറ്റാക്കി മതന്യൂനപക്ഷ സമൂഹം എന്നുപറയുന്നത് യാഥാര്‍ഥ്യങ്ങള്‍ക്കെതിരാണ്. ക്രൈസ്തവസമൂഹം ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയവരും മുസ്ലിംകള്‍ ഏറെ പിന്നിലുള്ളവരുമാണ്. മുസ്ലിംകളുടെ അധികാര പങ്കാളിത്തത്തെ തടയാന്‍ ക്രിസ്ത്യാനികളുടെ പങ്കാളിത്തത്തിന്റെ കൂടി കണക്കുചേര്‍ത്ത് പറയുന്ന രീതിയാണിത്. ക്രൈസ്തവ സമൂഹത്തിന്റെ ഭരണപങ്കാളിത്തമല്ല ഇതിലൂടെ ഉന്നം വെക്കുന്നത്. നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഐക്യമുന്നണിക്ക് ഉറപ്പുള്ള രണ്ട് സീറ്റിലും ക്രൈസ്തവരാണ് മത്സരരംഗത്തുള്ളത്. കേരളത്തില്‍ ക്രൈസ്തവരും മുസ്ലിംകളും ഒരു ഘടകമായിത്തീരുന്ന ഏകതലം മതവിശ്വാസ പ്രചാരണ സ്വാതന്ത്രൃവും ചെറിയ അളവില്‍ മതന്യൂനപക്ഷങ്ങള്‍ എന്ന നിലക്കുള്ള വിദ്യാഭ്യാസ സ്ഥാപന അവകാശവുമായി ബന്ധപ്പെട്ടും മാത്രമാണ്. ബാക്കി അധികാരപങ്കാളിത്ത കാര്യത്തിലും സാമൂഹിക മുന്നാക്ക- പിന്നാക്ക കാര്യങ്ങളിലും മുന്നാക്ക ക്രൈസ്തവരും നായര്‍ സമുദായവും തമ്മിലാണ് പാരസ്പര്യവും പൊരുത്തവുമുള്ളത്. ഇക്കാര്യങ്ങളില്‍ അവരെയാണ് ഒരു ഘടകമായി പരിഗണിക്കേണ്ടത്. ഈ രണ്ട് സമുദായങ്ങള്‍ ഏകദേശം മിക്കപ്പോഴും ഒന്നിച്ചുനിന്നവരുമാണ്. അതിനുപകരം ക്രൈസ്തവ -മുസ്ലിം ന്യൂനപക്ഷം എന്നത് അധികാര പങ്കാളിത്ത കാര്യത്തില്‍ ഒരു വ്യാജനിര്‍മിതിയാണ്. ഈ വസ്തുതകളെല്ലാം പകല്‍പോലെ നിലനില്‍ക്കെ അപ്രതീക്ഷിതവും അതിഭീകരവുമായ ആക്രമണമാണ് സ്വന്തക്കാരില്‍നിന്നടക്കം ലീഗിന് നേരിടേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പ് ഫലത്തിനുശേഷം കോണ്‍ഗ്രസും ഇടതുപക്ഷവും ആലോചിക്കേണ്ടത് ഈ ആക്രമണത്തിന്റെ ഗുണഭോക്താക്കള്‍ ആരാണ് എന്നതാണ്. എന്‍.എസ്.എസിന്റെ മികവായി പറയാറുള്ളത് വര്‍ഗീയതയിലേക്ക് വഴുതിവീഴാത്ത സാമുദായികത എന്നതാണ്. ആ സങ്കല്‍പം തെറ്റാണെന്നാണ് നെയ്യാറ്റിന്‍കര ഫലം തെളിയിച്ചിരിക്കുന്നത്. ആവശ്യമുള്ള ഘട്ടത്തില്‍ ശുദ്ധവര്‍ഗീയമാവാനും സാധ്യതകളുള്ളതാണ് എന്‍.എസ്.എസിന്റെ സാമുദായികത. അവരുടെ സമദൂരത്തിന്റെ വൃത്തപരിധിക്കകത്ത് യു.ഡി.എഫും എല്‍.ഡി.എഫും മാത്രമല്ല, സംഘ്പരിവാരവുമുണ്ട്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സി.പി.എം മുസ്ലിംലീഗിനെ നാട്ടക്കുറിയാക്കിയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം മുഖ്യമായും നടത്തുന്നത്. ഇത് പുതിയ കാലാവസ്ഥയില്‍ വിജയിപ്പിക്കാന്‍ എളുപ്പമുള്ള ഒരു ജനപ്രിയ ചിത്രമാണ്. ഈ ചിത്രം ബോക്സ് ഓഫിസില്‍ എത്രവിജയം കൊയ്താലും അതിന്റെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ബി.ജെ.പിയായിരിക്കും. ലീഗ് തകര്‍ന്നാല്‍ വളരുക മുസ്ലിംതീവ്രവാദമാണെന്ന ഒരു അയുക്തിക മിത്ത് കേരളത്തിന്റെ പൊതുമനസ്സില്‍ കുറച്ചുകാലംകൊണ്ട് കൊത്തിവെക്കാന്‍ മുസ്ലിംവിരുദ്ധ ശക്തികള്‍തന്നെ ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ , മുസ്ലിംലീഗിനെതിരായ അന്യായപ്രചാരണങ്ങള്‍ ലീഗിനെ തകര്‍ക്കില്ലെന്നു മാത്രമല്ല, അത് ഭൂരിപക്ഷ വര്‍ഗീയതക്ക് നല്ല പച്ചിലവളമായി തീരുകയാണ് ചെയ്യുക.
ലീഗ് വേട്ട വരുംദിനങ്ങളില്‍ വര്‍ധിക്കുമെന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് തന്റെ ഔദ്യോഗിക വസതിയുടെ പേരുമാറ്റിയതിനെച്ചൊല്ലിയുണ്ടായ വിവാദം. പുതുതായി നിര്‍മിക്കപ്പെട്ട മന്ത്രിമന്ദിരങ്ങള്‍ക്ക് ടൂറിസം വകുപ്പ് ചില നദീനാമങ്ങള്‍ നല്‍കിയിരുന്നു. അബ്ദുറബ്ബിന് അനുവദിക്കപ്പെട്ട വീടിന് നല്‍കപ്പെട്ടിരുന്ന പേര് 'ഗംഗ' എന്നായിരുന്നു. അദ്ദേഹം അതുമാറ്റി തന്റെ സ്വന്തം വീടിന്റെ പേരായ 'ഗ്രെയ്സ്' എന്ന് താല്‍ക്കാലികമായി പുനര്‍നാമകരണം ചെയ്തു. ഇതിനെതിരെ കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എ വി.ടി. ബലറാം ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഇന്ത്യയുടെ ജലചരിത്രമാണ് ഗംഗ എന്ന് നെഹ്റു പറഞ്ഞിട്ടുണ്ട്. ഗംഗയില്‍ അനുഗൃഹീതമായിട്ടല്ലാത്തതൊന്നുമില്ല. (ഖമംമവമൃഹമഹ ചലവൃൗ മെശറ വേമ േ'ഏമിഴമ ശ െവേല ഘശൂൗശറ ഒശtെേr്യ ീള ശിറശമ. ഠവലൃല ംമ െിീവേശിഴ റശഴെrമരലളൗഹ മയീൗ േഏമിഴമ) അനുഗൃഹീതം എന്നതൊക്കെ വിശ്വാസവുമായി ബന്ധപ്പെട്ട സങ്കല്‍പങ്ങളാണ്. വിശ്വാസമാവട്ടെ ദേശീയ കാര്യമല്ല. വ്യക്തിപരമായ വിഷയമാണ്. ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസത്തെ ദേശീയ സംസ്കാരമായി അവതരിപ്പിക്കുന്നതിന്റെ പേരാണ് സംഘ്പരിവാറിന്റെ സാംസ്കാരിക ദേശീയത. അതുകൊണ്ടാണ് യുവമോര്‍ച്ച നേതാവ് ഫേസ് ബുക്കില്‍ ഇതിനോട് പ്രതികരിച്ചത് . 'ഗംഗ ഇന്ത്യയുടെ ദേശീയ പൈതൃകത്തിന്റെ പേരാണ്. അതിനെ സ്വന്തം വീടിന്റെ പേരായി ഇഷ്ടപ്പെടാത്തവര്‍ ദേശീയ പൈതൃകത്തിന് പുറത്താണ്.' ടൂറിസം വകുപ്പ് നല്‍കിയ പേര് മാറ്റുന്നതിന്റെ അനൗചിത്യം വേണമെങ്കില്‍ ചോദ്യംചെയ്യാം. പകരം ഗംഗ ഇന്ത്യയുടെ ദേശീയ പൈതൃകമായതുകൊണ്ടും അനുഗൃഹീതമായതുകൊണ്ടും മാറ്റാന്‍ പാടില്ല എന്നത് സംഘ്പരിവാറിന്റെ യുക്തിയാണ്. ഒരാളുടെ വീടിന്റെ പേര് തീരുമാനിക്കാനുള്ള അധികാരം അയാള്‍ക്ക് വകവെച്ചുകൊടുക്കുക എന്നതാണ് ശരിയായ ജനാധിപത്യം. വീടിന്റെ പേരിലടക്കം ഇടപെടുന്ന ദേശീയത ഫാഷിസമാണ്. ഈ വിവാദത്തെ തെരുവില്‍ ഏറ്റെടുത്തത് സംഘ്പരിവാര്‍ സംഘടനകളാണ്.
അവര്‍ മന്ത്രിയുടെ പരിപാടികളിലേക്ക് മാര്‍ച്ച് നടത്തി. വിഷയങ്ങള്‍ എളുപ്പത്തില്‍ വര്‍ഗീയവത്കരിക്കപ്പെടും എന്ന ജാഗ്രത ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, ന്യൂനപക്ഷ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന മതേതരവാദികള്‍ക്കും ഉണ്ടാവേണ്ടതാണ്.
മുസ്ലിം സമുദായ ചിഹ്നങ്ങള്‍ ആവോളമുള്ള, മുസ്ലിം സമുദായാംഗങ്ങള്‍ മാത്രം മുഖ്യമായും അണിനിരന്ന പാര്‍ട്ടി എന്നത് മാത്രമല്ല ലീഗിന്റെ പരിമിതി. അത്തരമൊരു പാര്‍ട്ടിയാണ് ഞങ്ങളെന്ന അപകര്‍ഷബോധം വലിയ അളവില്‍ കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണത്. ലീഗിന്റെ മേന്മയായി എതിരാളികള്‍ എന്നും പ്രശംസിക്കാറുള്ള കാര്യത്തിന്റെ യാഥാര്‍ഥ്യവും ഇതാണ്. ആശയപരമായും പ്രായോഗികമായും സ്വന്തം കാലിന്റെ കരുത്തിനേക്കാള്‍ അന്യരുടെ കൈത്താങ്ങിലാണ് ലീഗ് എന്നും നിലനിന്നുപോന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com