തലയോലപ്പറമ്പ്: രണ്ട് യുവാക്കളുടെ അതിദാരുണ അന്ത്യം വടകര നിവാസികള്‍ക്ക് തീരാവേദനയായി. ഒരു ദുരന്ത വാര്‍ത്ത മനസ്സില്‍ ഏല്‍പ്പിച്ച നൊമ്പരം മായും മുമ്പേ മറ്റൊന്നുകൂടി ഗ്രാമത്തെ ശോകമൂകമാക്കി. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ജനസാഗരത്തെ സാക്ഷിയാക്കി രണ്ട് യൗവനങ്ങള്‍ക്ക് ഗ്രാമം അന്തിമോപചാരം നല്‍കി. വിദ്യാര്‍ഥികളും സുഹൃത്തുക്കളും അയല്‍വാസികളുമായ വടകര താഴ്ത്തുകിഴക്കേടത്ത് എന്‍. ഷണ്‍മുഖന്‍െറ മകന്‍ ശ്യാംകുമാര്‍ (20), കതിരുംകോട വിക്രമന്‍െറ മകന്‍ യദുകൃഷ്ണനുമാണ് (16) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ഏഴിന് വീടിന് വിളിപ്പാടകലെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. ശ്യാംകുമാര്‍ സംഭവസ്ഥലത്തും യദുകൃഷ്ണന്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയുമാണ് മരിച്ചത്. മൂന്നാഴ്ച മുമ്പാണ് ശ്യാംകുമാര്‍ ബൈക്ക് വാങ്ങിയത്. ഒരുമാസം മുമ്പ് വടകര സ്വദേശികളായ സഹോദരങ്ങള്‍ സഞ്ചരിച്ച സുമോ പുഴയില്‍ വീണ് രണ്ടുപേര്‍ മരിച്ചിരുന്നു. ആ ദുരന്തവാര്‍ത്തയില്‍നിന്ന് ഗ്രാമം മോചിതമാകും മുമ്പ് വീണ്ടും ദുരന്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍