മുംബൈ: ഡോളറിനെതിരെ രൂപ പുതിയ റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞതോടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് രംഗത്ത്. ഇറക്കുമതിക്കാര്‍ക്ക് പുറമെ വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഡോളര്‍ വാങ്ങാന്‍ രംഗത്തുവന്നതോടെ വെള്ളിയാഴ്ച ഒരവസരത്തില്‍ ഡോളറിന് 57.30 രൂപ എന്ന നിലയിലേക്ക് വിനിമയ നിരക്ക് താഴ്ന്നു. 56.99ലായിരുന്നു കേ്ളാസിങ്.
മൂഡീസ് 15 രാജ്യാന്തര ബാങ്കുകളുടെ സുരക്ഷാ നിലവാരം താഴ്ത്തിയത് യൂറോ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന സൂചനയാണെന്ന ആശങ്ക ശക്തമാണ്. രാജ്യാന്തര പണവിപണികളില്‍ യൂറോക്കും മറ്റ് കറന്‍സികള്‍ക്കുമെതിരെ ഡോളര്‍ മൂല്യവര്‍ധന നേടാന്‍ ഇത് കാരണമായി. ഡോളറിന്റെ ഈ കുതിപ്പും രൂപയുടെ മൂല്യത്തെ ബാധിച്ചു.
ഡോളറിനെതിരെ രൂപയുടെ മൂല്യം പുതിയ റെക്കോഡ് നിലവാരത്തിലേക്ക് താഴ്ന്നതോടെ എണ്ണ വിപണന കമ്പനികളോട് അവരുടെ വിദേശ നാണയ ആവശ്യത്തിന്റെ പകുതി ഒരു പൊതുമേഖലാ ബാങ്കില്‍ നിന്നു മാത്രം വാങ്ങാന്‍ ആര്‍.ബി.ഐ നിര്‍ദേശിച്ചു. നിലവില്‍ മത്സര സ്വഭാവുള്ള ലേലം വഴിയാണ് എണ്ണക്കമ്പനികള്‍ ഡോളര്‍ വാങ്ങുന്നത്. പല ബാങ്കുകളെ ഡോളറിനായി സമീപിക്കുമ്പോള്‍ രൂപയുടെ മൂല്യത്തിലെ വ്യതിയാനം വര്‍ധിക്കുകയാണെന്നാണ് ആര്‍.ബി.ഐ വിലയിരുത്തുന്നത്. മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് മാസം 800 കോടി ഡോളറാണ് അസംസ്കൃത എണ്ണ ഇറക്കുമതിക്കായി വേണ്ടത്.
രൂപ പതിവില്‍ കവിഞ്ഞ സമ്മര്‍ദം നേരിടുന്നതായി ആര്‍.ബി.ഐ വിലയിരുത്തുന്ന ദിവസങ്ങളില്‍ ഡോളര്‍ വാങ്ങാന്‍ വിദേശ നാണയ വിപണിയില്‍ ഇറങ്ങരുതെന്ന നിര്‍ദേശം മൂന്ന് എണ്ണക്കമ്പനികളും അംഗീകരിച്ചിട്ടുണ്ട്.
രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. എണ്ണക്കമ്പനികള്‍ ഡോളര്‍ വാങ്ങുന്നതിന് ആര്‍.ബി.ഐ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍