തേഞ്ഞിപ്പലം: ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തിലുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ആദ്യ ഡിഗ്രി ഫലം പ്രസിദ്ധീകരിച്ചു. ഫൈനല്‍ സെമസ്റ്റര്‍ ബി.കോം ഫലമാണ് വ്യാഴാഴ്ച രാത്രി പുറത്തുവിട്ടത്. 87.42 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പറും ഗ്രേഡും www.universityofcalicut.info വെബ്സൈറ്റില്‍ ലഭ്യമാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷ 4,737 പേരാണ് എഴുതിയത്. ഇതില്‍ 4,141 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 200ഓളം പേരുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. കോളജുകളില്‍നിന്ന് അറ്റന്റന്‍സ് പ്രോഗ്രസ് സര്‍ട്ടിഫിക്കറ്റും ഇന്റേണല്‍ മാര്‍ക്കും ലഭിക്കാത്തതിനാലാണിത്. ഇവ ലഭിക്കുന്ന മുറക്ക് ഈ ഫലങ്ങളും പ്രസിദ്ധീകരിക്കും.
വിദ്യാര്‍ഥികളുടെ ആറ് സെമസ്റ്ററുകളുടെയും ഗ്രേഡ് കാര്‍ഡ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഒറിജിനല്‍ ഗ്രേഡ്കാര്‍ഡും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും പിന്നീട് വിതരണം ചെയ്യുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.ഡി. സെബാസ്റ്റ്യന്‍ അറിയിച്ചു. മാര്‍ക്കുകള്‍ക്ക് പകരം ഗ്രേഡുകളായതിനാല്‍ റാങ്കുകാരും ഈവര്‍ഷംമുതല്‍ ഉണ്ടാവില്ല.
കേരളത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയാണ് ആദ്യ ഡിഗ്രി ഫലം പുറത്തുവിട്ടത്. ബി.എസ്സി, ബി.കോം, ബി.ബി.എ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍