Thu, 06/21/2012 - 20:19 ( 47 weeks 6 daysago)
ശ്യാംലാല്‍ സുവര്‍ണനേട്ടം കൊയ്തത് ജീവിതഭാരം വകവെക്കാതെ
ചിറ്റൂര്‍: ശ്യാംലാല്‍ എന്ന കരസേനാ ഹവില്‍ദാര്‍ അയര്‍ലന്‍ഡിലെ സമോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത് ജീവിതപ്രാരബ്ധം വകവെക്കാതെ. നാലേകാല്‍ സെന്റ് ഭൂമിയില്‍ വീടെന്ന് വിളിക്കുന്ന ഷെഡിലാണ് ചിറ്റൂര്‍ പൊല്‍പുള്ളി അത്തിക്കോട് നെടുമ്പുരയില്‍ ശ്യാംലാലിന്റെ മാതാപിതാക്കളും സഹോദരനും കഴിയുന്നത്. ലോറി ഡ്രൈവറായ പിതാവ് മോഹന്‍ലാലും ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന സഹോദരന്‍ പ്രമോദ്ലാലും അമ്മ രമയും അടങ്ങിയ കുടുംബ്ധിന്റെ പ്രതീക്ഷ കൂടിയാണ്, ഇന്ത്യക്ക് അഭിമാനമായ ശ്യാംലാല്‍.
105 കിലോഗ്രാം വിഭാഗത്തില്‍ 329 കിലോ ഭാരം ഉയര്‍ത്തിയാണ് ഈ 23കാരന്‍ സ്വര്‍ണം നേടിയത്. ഹൈസ്കൂള്‍ പഠനത്തിന് ചിറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിയതോടെയാണ് ശ്യാംലാല്‍ കായികരംഗത്തേക്ക് കടക്കുന്നത്. 400 മീറ്റര്‍ അത്ലറ്റിക്സ്, ഹര്‍ഡില്‍സ്, ലോങ്ങ്ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട് എന്നിവയില്‍ പരിശീലനം തുടങ്ങിയെങ്കിലും ശ്യാമിന് ഇണങ്ങുന്നത് വെയ്റ്റ്ലിഫ്റ്റിങ്ങാണെന്ന് പരിശീലകര്‍ തിരിച്ചറിഞ്ഞു. 2005ല്‍ തൃശൂര്‍ സായ് കേന്ദ്രത്തില്‍ ചേര്‍ന്നു. മൂന്ന് മാസത്തിനുശേഷം കോഴിക്കോട്ടേക്ക് മാറി.
സബ് ജൂനിയര്‍ 77 കിലോ വിഭാഗത്തില്‍ ഒന്നാമതെത്തിയതോടെ ആദ്യമായി ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. എന്നാല്‍, 27 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 24ാമനാകാനേ കഴിഞ്ഞുള്ളൂ. 2007ല്‍ ചെന്നൈയില്‍ നടന്ന ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. അതേ വര്‍ഷം സംസ്ഥാന ജൂനിയര്‍, സീനിയര്‍ ചാമ്പ്യനുമായിരുന്നു. പിന്നാലെ ഭുവനേശ്വറില്‍ നടന്ന സീനിയര്‍ വിഭാഗത്തില്‍ വെങ്കലവും നേടി.
2008ല്‍ സംസ്ഥാന സീനിയര്‍ മത്സരത്തില്‍ സ്വന്തം റെക്കോഡ് തിരുത്തിയ ശ്യാം പഞ്ചാബില്‍ നടന്ന സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. അടുത്തവര്‍ഷം ഇതേ മത്സരത്തില്‍ സ്വന്തം റെക്കോഡ് ഭേദിച്ചു. 2011ല്‍ ബംഗളൂരുവില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി. 2011 മേയ് എട്ടിനാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ആര്‍മി ഹവില്‍ദാരായി ചേര്‍ന്നത്. ആ വര്‍ഷം പുണെയില്‍ നടന്ന ആര്‍മി ചാമ്പ്യന്‍ഷിപ്പില്‍ ശ്യാംലാലിന്റെ വക റെക്കോഡ് മഴയായിരുന്നു. തുടര്‍ന്ന് സര്‍വീസസ് ചാമ്പ്യഷിപ്പില്‍ മൂന്ന് സ്വര്‍ണം നേടിയ ശ്യാം രാജ്യത്തെ മികച്ച വെയ്റ്റ്ലിഫ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടു. മുട്ടിന് പരിക്കേറ്റ് മൂന്ന്മാസം വിശ്രമത്തിലായതിനാല്‍ മാര്‍ച്ച്-ഏപ്രിലില്‍ നടന്ന ഒളിംപിക്സ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാനായില്ല. വിശ്രമത്തിന്ശേഷം ഒന്നരമാസത്തെ കഠിനപരിശീലനത്തിനൊടുവിലാണ് കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്ക് അഭിമാനനേട്ടം സമ്മാനിച്ചത്.
സാമ്പത്തിക പ്രയാസവും സ്പോണ്‍സര്‍മാരുടെ അഭാവവും കാരണം പല അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഹവില്‍ദാര്‍ പരിശീലന കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ അടിസ്ഥാന ശമ്പളം മാത്രമാണ് കിട്ടുന്നത്. സഹോദരന്‍ പ്രമോദും വെയ്റ്റ്ലിഫ്റ്റിങ്ങ് രംഗത്തുണ്ട്. കഴിഞ്ഞവര്‍ഷം ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ സംസ്ഥാനതലത്തില്‍ മെഡല്‍ നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍