Thu, 06/21/2012 - 00:12 ( 48 weeks 1 dayago)
ഒളിമ്പിക്സ് ടീം പ്രഖ്യാപനം: ഇന്ന് അവസാന ദിനം; പിന്‍വാങ്ങല്‍ ഭീഷണിയുമായി പേസ്
ന്യൂദല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്സ് ടെന്നിസ് ടീം പ്രഖ്യാപനവുമായി തുടരുന്ന വിവാദങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. ലണ്ടന്‍ ഒളിമ്പിക്സിലെ ഡബ്ള്‍സ് പങ്കാളിയെ ചൊല്ലിയുള്ള വിവാദത്തിനിടെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഒളിമ്പിക്സില്‍നിന്നും പിന്‍വാങ്ങുമെന്ന ഭീഷണിയുമായി ലിയാണ്ടര്‍ പേസ് രംഗത്തെത്തി.
മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും പേസിനൊപ്പം കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ജൂനിയര്‍ താരത്തെ പങ്കാളിയാക്കി മറ്റൊരു ടീമിനെ ഒളിമ്പിക്സിനിറക്കാനുള്ള നീക്കത്തിനിടെയാണ് പേസിന്റെ പിന്‍വാങ്ങല്‍ ഭീഷണി. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന് (എ.ഐ.ടി.എ) എഴുതിയ കത്തിലാണ് പേസ് മഹാമേളയില്‍നിന്നും പിന്‍വാങ്ങാനുള്ള സന്നദ്ധത അറിയിച്ചത്. ഡബ്ള്‍സില്‍ ഇന്ത്യക്കുവേണ്ടി രണ്ട് ടീമിനെ അയച്ച് പ്രശ്നം പരിഹരിക്കണമെന്ന കായിക മന്ത്രിയുടെ നിര്‍ദേശം സ്വീകാര്യമല്ലെന്നും ജൂനിയര്‍ താരത്തിനൊപ്പം ഒളിമ്പിക്സില്‍ മത്സരിക്കാനില്ലെന്നും അറിയിച്ചാണ് പേസ് അസോസിയേഷന് കത്തു നല്‍കിയത്. മിക്സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സക്കൊപ്പം പങ്കാളിയാവാന്‍ താനാണ് യോഗ്യനെന്നും പേസ് കത്തില്‍ ഉന്നയിച്ചു. മഹേഷ് ഭൂപതിയോ രോഹന്‍ ബൊപ്പണ്ണയോ പങ്കാളിയായി ചേരുന്നതാണ് ഉചിതം. ജൂനിയര്‍ താരങ്ങളുമൊന്നിച്ച് കളിക്കുന്നതിന് സാധ്യതയില്ല -പേസ് കത്തില്‍ ഉന്നയിച്ചു.
ലണ്ടന്‍ ഒളിമ്പിക്സിനുള്ള പുരുഷ ഡബ്ള്‍സ് ടീമിനെ എ.ഐ.ടി.എ ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണ് പേസിന്റെ കത്ത്. ഒളിമ്പിക്സ് കമ്മിറ്റി മുമ്പാകെ പേരുകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണിന്ന്. ഡബ്ള്‍സ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നിലനിര്‍ത്തിയാണ് പേസ് ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പിച്ചത്. എന്നാല്‍, രോഹന്‍ ബൊപ്പണ്ണ-മഹേഷ് ഭൂപതി സഖ്യത്തിന് നേരിട്ട് യോഗ്യത ലഭിച്ചിട്ടില്ല. മിക്സഡ് ഡബ്ള്‍സില്‍ ഫ്രഞ്ച് ഓപണ്‍ ജേതാക്കളായ സാനിയ മിര്‍സ-ഭൂപതി സഖ്യം മികച്ച ഫോമിലാണിപ്പോള്‍.
കളിക്കാര്‍ വ്യക്തി താല്‍പര്യം മാറ്റിനിര്‍ത്തി രാജ്യതാല്‍പര്യത്തിന് മുന്‍ ഗണന നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രിയും എ.ഐ.ടി.എ ഹോണററി പ്രസിഡന്റുമായ എസ്.എം കൃഷ്ണ ആവശ്യപ്പെട്ടു. കളിക്കാരോട് വ്യക്തിപരമായി ചര്‍ച്ചനടത്തി വിവാദം അവസാനിപ്പിക്കാന്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ഖന്നക്ക് മന്ത്രി നിര്‍ദേശം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍