കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച നേരിയ ഭൂചലനമുണ്ടായി. ഉച്ചക്കുശേഷം 2.10നും 2.30നുമിടക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍സ്കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം കൊണ്ടോട്ടിക്കും കരിപ്പൂരിനും ഇടക്കാണ.് ആളപായമില്ല. സെക്കന്‍ഡുകള്‍ നീണ്ട ചലനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായി.
വള്ളിക്കുന്നിന് സമീപം ഒലിപ്രംകടവ് മുണ്ടിയന്‍കാവ് പറമ്പിന് സമീപം മൊടവന്‍പിലാക്കല്‍ ഉത്തമന്റെ ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. പരുത്തിക്കാട് അയനാംപടിക്ക് സമീപം തൊട്ടിത്തൊടി പ്രദീപന്റെ വീടിന്റെ ചുമര്‍ വിണ്ടുകീറി. പരപ്പനങ്ങാടി അങ്ങാടിപ്പുറം കടപ്പുറത്ത് രണ്ട് വീടുകളുടെ ചുമരുകളില്‍ വിള്ളലുണ്ടായി. മേശകളും കസേരകളും ഇളകുന്നതായി പലര്‍ക്കും അനുഭവപ്പെട്ടു. ജനല്‍പാളികള്‍ക്ക് ഇളക്കംതട്ടി. ഷെല്‍ഫുകളിലെ പാത്രങ്ങള്‍ പലയിടത്തും താഴെ വീണു. കോഴിക്കോട് നല്ലളം ആനറോഡ് കുറ്റിക്കാട്ടുപറമ്പില്‍ വില്ലാടത്ത് സൈനബയുടെ വീടിന്റെ ഓട് മേഞ്ഞ മേല്‍ക്കൂര നിലംപതിച്ചു. അയല്‍വാസി അബൂബക്കറിന്റെ വീടിന്റെ ചുമരിനും നാസര്‍ മന്‍സില്‍ മൊയ്തീന്‍ കോയയുടെ കിണറിന്റെ ആള്‍മറക്കും വിള്ളലുണ്ടായി. പാവങ്ങാട് റെയിലിനു സമീപം പുറായില്‍പറമ്പ് മുരളിയുടെ കിണര്‍ ഇടിഞ്ഞു. രാജാജി റോഡിലെ ഹോട്ടല്‍ പെരിയാറിന്റെ കെട്ടിടത്തിന് വിള്ളലുണ്ടായി. ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബിലെ ഉപകരണങ്ങള്‍ നിലത്തുവീണു.
മലാപ്പറമ്പ്, വെള്ളിമാടുകുന്ന്, സിവില്‍സ്റ്റേഷന്‍, കടലുണ്ടി, ചാലിയം, മണ്ണൂര്‍, ഫറോക്ക്, നല്ലളം, കൊളത്തറ, ബേപ്പൂര്‍, മീഞ്ചന്ത, മാത്തോട്ടം, കിണാശ്ശേരി, കക്കോടി, ഫാറൂഖ് കോളജ്, കുണ്ടുങ്ങല്‍, കുറ്റിച്ചിറ, പള്ളിക്കണ്ടി, പന്നിയങ്കര, രണ്ടാം ഗേറ്റ്, മാവൂര്‍റോഡ്, കുതിരവട്ടം, സെന്‍ട്രല്‍ മാര്‍ക്കറ്റ് തുടങ്ങി പ്രദേശങ്ങളില്‍ ചലനമുണ്ടായി. ചാത്തമംഗലം, മാവൂര്‍ ഗ്രാമപഞ്ചായത്തുകളിലും നേരിയ ചലനമുണ്ടായി.
ഭൂചലനമുണ്ടായ പ്രദേശങ്ങള്‍ ജിയോളജിസ്റ്റ് കെ. ഇബ്രാഹീം കുഞ്ഞ്, അസി. ജിയോളജിസ്റ്റ് പി.സി. രശ്മി എന്നിവര്‍ സന്ദര്‍ശിച്ചു. തുടര്‍ചലനമുണ്ടാകില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഇവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍