തിരുവനന്തപുരം: കേരളം സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നീങ്ങുമ്പോഴും കക്കൂസ് എന്നത് കേട്ടറിവ് മാത്രമായി ഒരു പഞ്ചായത്ത്. ഇടുക്കി ജില്ലയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വട്ടവട ഗ്രാമ പഞ്ചായത്തിലാണ് ബഹുഭൂരിപക്ഷത്തിനും കക്കൂസ് ഇല്ലാത്തത്. ആകെയുള്ള 2275 വീടുകളില്‍ 64 ഇടത്താണ് കക്കൂസുകള്‍ ഉള്ളതെന്നാണ് ശുചിത്വ മിഷന് വേണ്ടി നടത്തിയ സര്‍വേയില്‍ പറയുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നാക്കംനില്‍ക്കുന്ന ഈ പഞ്ചായത്തില്‍ തമിഴ് വംശജരാണ് വസിക്കുന്നത്. നാമമാത്രമാണ് മലയാളിള്‍. ആകെ ജനസംഖ്യ 5000. ഇതില്‍ 952 പേര്‍ പട്ടികജാതി വിഭാഗത്തിലും 1478 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നു.
ഒരിക്കല്‍ കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധി നേടിയ കടവരി വാര്‍ഡില്‍ പേരിന് പോലും കക്കൂസില്ല. 105 വീടുകള്‍ ഈ വാര്‍ഡിലുണ്ട്.
ആദിവാസി മുതുവാ സമുദായത്തില്‍ ഉള്‍പ്പെടുന്നവര്‍ വസിക്കുന്ന സ്വാമിയാര്‍അളകുടി, കൂടല്ലാര്‍ കുടി എന്നിവിടങ്ങളില്‍ ഓരോ കക്കൂസുണ്ട്.ഇത് രണ്ടും അങ്കണവാടിയോട് ചേര്‍ന്നുള്ളതാണെന്നു മാത്രം.
രണ്ട് വാര്‍ഡുകളിലുമായി 320 വീടുകളുണ്ട്. വട്ടവട രാമന്‍കോവില്‍ തെരുവ് വാര്‍ഡിലും ഒരു കക്കൂസാണുള്ളത്.
ഗ്രാമത്തിലെ തെരുവില്‍ നിരനിരയായി വീടുകള്‍ നിര്‍മിച്ച് അവിടെ താമസിക്കുന്നവരാണ് വട്ടവട, കോവിലൂര്‍,കൊട്ടക്കൊമ്പുര്‍, തട്ടാപ്പാറ തുടങ്ങിയ എട്ട് വാര്‍ഡുകളിലുള്ളവര്‍. മണ്ണും കമ്പും മറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ വീടുകളില്‍ ഒന്നോ രണ്ടോ മുറികള്‍ മാത്രമാണുണ്ടാവുക. കൃഷി ഭൂമി അകലെയും. ആദിവാസി മേഖലയിലും മറ്റ് വാര്‍ഡുകളിലും വീടുകള്‍ക്ക് ചുറ്റും കുറച്ചെങ്കിലും ഭൂമിയുണ്ട്.
അഞ്ച് വര്‍ഷം മുമ്പ് കുടുംബശ്രീ മുഖന എല്ലാവര്‍ക്കും കക്കൂസ് നിര്‍മിക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, അന്ന് വിതരണംചെയ്ത ഫൈബര്‍ മാതൃകയോട് സ്ത്രീകള്‍ യോജിച്ചില്ല.
ക്ളോസ്റ്റ്, സെപ്ടിക് ടാങ്ക് രീതികള്‍ മതിയെന്നാണ് സ്ത്രീകളുടെ അഭിപ്രായമെന്നും ചൂണ്ടിക്കാട്ടുന്നു. കക്കൂസ് നിര്‍മിക്കുന്നതിനായി മഹിളാ സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ മേസ്തിരിമാരെ പരിശീലിപ്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെ താല്‍പര്യക്കുറവു മൂലം പദ്ധതി വിജയം കണ്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍