തിരുവനന്തപുരം: പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിട്ടും സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഇതൊന്നും കണ്ടില്ളെന്ന് നടിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി. എയര്‍ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിക്കുക, പ്രവാസികളോട് സര്‍ക്കാര്‍ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം എയര്‍ ഇന്ത്യ ഓഫിസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ലാഭക്കൊയ്ത്തിനുള്ള സമരമാണ് പൈലറ്റുമാരുടേത്. സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയോ വിദേശമന്ത്രിയോ ഇടപെടുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തുനിന്നുള്ള എം.പിമാരും നിസ്സംഗരാണ്. വിദേശ കുത്തക കമ്പനികള്‍ക്കും മാഫിയക്കും കൊള്ളക്കാര്‍ക്കും വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. പ്രവാസികളില്‍നിന്ന് കൊള്ളലാഭത്തോടെയാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
നിരക്കുകള്‍ നിശ്ചയിക്കുന്നത് ആരെന്ന കാര്യത്തിലും നിശ്ചയമില്ല. മലയാളികളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയാത്ത സര്‍ക്കാറിനെതിരെ കൂടുതല്‍ ശക്തമായ പ്രക്ഷോഭംനടത്തുമെന്നും പിഷാരടി പറഞ്ഞു.
ജില്ലാ സെക്രട്ടറി അഷ്റഫ് കല്ലറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്, സംസ്ഥാന സമിതി അംഗം മാഗ്ളിന്‍ പീറ്റര്‍, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്‍റ് രവീന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. മധു കല്ലറ സ്വാഗതവും അയൂബ്ഖാന്‍ നന്ദിയും പറഞ്ഞു. മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍