കൊല്ലം: നഗരത്തിലെ ശുചീകരണ-കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം.
പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രാത്രി സ്ക്വാഡുകളുടെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. ആഴ്ചകളായി മാലിന്യനീക്കം നിലച്ച സാഹചര്യത്തില്‍ കുരീപ്പുഴ ചണ്ടിഡിപ്പോയിലേക്ക് ചവര്‍ വാഹനങ്ങളത്തെിക്കാന്‍ പൊലീസ് സഹായം തേടും.
ഡെങ്കിപ്പനിയടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ എല്ലാ ഡിവിഷനുകളിലും മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ നിര്‍ദേശം നല്‍കിയതായി മേയര്‍ പ്രസന്നാ ഏണസ്റ്റ് അറിയിച്ചു.
ക്യാമ്പുകള്‍ ജൂണ്‍ 23 മുതല്‍ ആരംഭിക്കും. കൊതുകിന്‍െറ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റികള്‍ ഞായറാഴ്ച യോഗം ചേരും.
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലര്‍മാരും ആശാ പ്രവര്‍ത്തകരുമടക്കം നേതൃത്വം വഹിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലെ മികവിന് കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുരസ്കാരം നല്‍കാന്‍ തീരുമാനമായി. ഗാര്‍ഹിക ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കൗണ്‍സിലര്‍ക്കും പുരസ്കാരം ഉണ്ടായിരിക്കുമെന്ന് മേയര്‍ അറിയിച്ചു.
10,000 വീടുകളില്‍ ഗാര്‍ഹിക ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. 10,000 രൂപയാണ് ഒരു പ്ളാന്‍റിന് ചെലവ് വരിക.
ഇതില്‍ 90 ശതമാനം തുക സര്‍ക്കാര്‍ വിഹിതം ലഭിക്കുമ്പോള്‍ ഗുണഭോക്തൃവിഹിതം ആയിരം രൂപ മാത്രമാണ്. ഓരോ ഡിവിഷനിലും 200 പ്ളാന്‍റുകള്‍ക്കാവശ്യമായ തുക ശുചിത്വമിഷന്‍ വഴി സര്‍ക്കാര്‍ ഇതിനകം കൈമാറിയിട്ടുണ്ട്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഗവേണിങ് ബോഡി മേയറെ ഒഴിവാക്കി പുന$സംഘടിപ്പിച്ചതില്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ഭരണകാലത്ത് കൊല്ലം കേന്ദ്രമാക്കി അനുവദിച്ച മത്സ്യബന്ധന വല ഫാക്ടറി മാറ്റിക്കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനമായി.
തങ്കശ്ശേരി, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ വല ഫാക്ടറി സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭ്യമാണെന്ന് അധികൃതരെ അറിയിച്ചിരുന്നുവെന്ന് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മേയര്‍ മറുപടി നല്‍കി.
കടപ്പാക്കട മാര്‍ക്കറ്റിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി ഡെപ്യൂട്ടി മേയര്‍ അഡ്വ. ജി. ലാലു അറിയിച്ചു.
വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകള്‍ക്ക് യഥാസമയം തുക കൈമാറാതെ ഫണ്ട് വകമാറ്റിയതായി സംശയിക്കുന്നതായി സി.പി.ഐയിലെ ഉളിയക്കോവില്‍ ശശി കുറ്റപ്പെടുത്തി.
കരാറുകാര്‍ക്ക് പണം നല്‍കാത്തതിനെ കോണ്‍ഗ്രസിലെ ജോര്‍ജ് ഡി. കാട്ടില്‍, വിമലാ ഫിലിപ്പ് എന്നിവരും വിമര്‍ശിച്ചു. കരാറുകാര്‍ക്ക് പണം നല്‍കാത്തത് സാമ്പത്തിക പ്രതിസന്ധിയുള്ളതുകൊണ്ടല്ളെന്ന് ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി.
സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കുന്നതടക്കം സാങ്കേതിക പ്രശ്നങ്ങളാണ് പണം നല്‍കുന്നതിന് തടസ്സമായത്.
അടുത്തയാഴ്ചയോടെ ഇത് പരിഹരിക്കും. കോര്‍പറേഷനില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഫോട്ടോയെടുപ്പ് ജൂണ്‍ 22 മുതല്‍ 25 വരെ നടക്കുമെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. നൗഷാദ് അറിയിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രഫ. എസ്. സുലഭ, ഹണി, അംഗങ്ങളായ എസ്. ജയന്‍, വസന്തകുമാരി, കമാലുദ്ദീന്‍, മാജിതാ വഹാബ്, ജെ. സ്റ്റാന്‍ലി, സതീഷ്കുമാര്‍, എസ്. ശ്രീകുമാര്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍