12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ഭക്ഷ്യ പരിശോധനാ ലാബ് പമ്പയിലേക്ക് മാറ്റാന്‍ നീക്കം

പത്തനംതിട്ട: നഗരത്തിലെ പൊലീസ് സ്റ്റേഷന് സമീപം 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റീജ്യനല്‍ ഭക്ഷ്യ പരിശോധനാ ലാബ് പമ്പയിലേക്ക് മാറ്റാന്‍ നീക്കം.
ശബരിമല അരവണയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന ഹൈകോടതി നിര്‍ദേശത്തിന്‍െറ മറവിലാണ് ലാബ് പത്തനംതിട്ടയില്‍ നിന്ന് മാറ്റാന്‍ നീക്കം നടക്കുന്നത്.
ശബരിമലയില്‍ അപ്പം, അരവണ പ്രസാദങ്ങളുടെയും മറ്റ് ഭക്ഷ്യ പദാര്‍ഥങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാനാണ് ലാബ് സ്ഥാപിച്ചതെന്നും ഇതുമൂലമാണ് പമ്പയിലേക്ക് മാറ്റുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഭക്ഷ്യ സാമ്പിളുകള്‍ പരിശോധിക്കുന്നതിന് ആശ്രയം പത്തനംതിട്ടയിലെ ഫുഡ് ലാബായിരുന്നു.
കൂടാതെ, സ്കൂളുകളിലെയും ആശുപത്രികളിലെയും കുടിവെള്ള സാമ്പിളുകളും ഇവിടെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ലാബ് പത്തനംതിട്ടയില്‍ നിന്ന് മാറ്റിയാല്‍ മൂന്ന് ജില്ലകളിലെയും ഗുണഭോക്താക്കള്‍ക്ക് തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ലാബുകളെ ആശ്രയിക്കേണ്ടിവരും.
ശബരിമല അരവണയില്‍ വന്‍തോതില്‍ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടത്തെുകയും അരവണ ടിന്നുകള്‍ പൊട്ടിയൊലിച്ച് നശിക്കുകയും ചെയ്തിരുന്നു. അരവണയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ഹൈകോടതി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന് പമ്പയിലും സന്നിധാനത്തും പരിശോധനാ ലാബുകള്‍ സ്ഥാപിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇത് നടപ്പാക്കുന്നതിന്‍െറ ഭാഗമായി പമ്പയില്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിരുന്ന ഫുഡ് ടെസ്റ്റിങ് ലാബ് സന്നിധാനത്തേക്ക് മാറ്റി. അരവണ, അപ്പം തുടങ്ങിയ പ്രസാദങ്ങള്‍ തയാറാക്കുന്നതിനുള്ള ചേരുവകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പമ്പയിലും ലാബ് സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ലാബുകള്‍ ദേവസ്വം ബോര്‍ഡ് സജ്ജീകരിച്ച് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അരവണയുടെയും അപ്പത്തിന്‍െറയും ഗുണനിലവാരം ഉറപ്പുവരുത്തേണ്ട ചുമതല ഭക്ഷ്യസുരക്ഷാ വകുപ്പിനായിരിക്കുമെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പത്തനംതിട്ടയിലെ ഫുഡ് ടെസ്റ്റിങ് ലാബ് പമ്പയിലേക്ക് മാറ്റി സ്ഥാപിക്കുന്നതെന്ന് അറിയുന്നു.
1998 ല്‍ സ്ഥാപിച്ച ലാബ് ആദ്യം മണ്ഡലകാലത്ത് മൂന്നുമാസം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും 2001 മുതല്‍ മുഴുസമയ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ശബരിമലയിലെ സാമ്പിളുകള്‍ പരിശോധിക്കാന്‍ എല്ലാ മാസവും 10 ദിവസം ജീവനക്കാരെ സന്നിധാനത്ത് നിയോഗിക്കാറുണ്ട്.
ശബരിമലയില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ നാലിരട്ടിയോളം സാമ്പിളുകളാണ് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്ന് ഇവിടെ പരിശോധനക്കത്തെുന്നത്. വര്‍ഷന്തോറും സാമ്പിളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. ഈ മൂന്നു ജില്ലകളിലെയും ആളുകളുടെ സൗകര്യം പരിഗണിച്ച് ലാബ് പത്തനംതിട്ടയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ജനപ്രതിനിധികളും പൊതുജനങ്ങളും ഒരുപോലെ ആവശ്യപ്പെടുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com