കണ്ണൂര്‍: മുസ്ലിംലീഗ് അഴീക്കോട് മണ്ഡലം കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്താതെ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദിന്റെ കോലം കത്തിച്ചു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫിസായ ബാഫഖി സൗധത്തിലേക്ക് മാര്‍ച്ച് നടത്തിയ ശേഷമാണ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.
ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓഫിസിന് മുന്നിലിരുന്ന് മുദ്രാവാക്യം മുഴക്കി. അര മണിക്കൂറിനുശേഷം പൊലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്. ഏതാനും ജില്ലാ കൗണ്‍സിലര്‍മാരും യൂത്ത് ലീഗ് നേതാക്കളുമാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. പിന്നീട് സ്ഥലത്തെത്തിയ ഏതാനും പ്രവര്‍ത്തകര്‍ ലീഗ് ഓഫിസിന് പുതിയ പൂട്ടിട്ടു.
ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് അമ്പതോളം ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയും ഇ. അഹമ്മദിന്റെ കോലവുമായി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. അഹമ്മദിനും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. ജില്ലാ പ്രസിഡന്റ് വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി, ട്രഷറര്‍ വി.പി. വമ്പന്‍ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ ഇവര്‍ കെ.എം. ഷാജി എം.എല്‍.എക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്തു. ഇ. അഹമ്മദ് ലീഗിലെ കുലംകുത്തി നേതാവാണെന്നും രാജിവെക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.
ഏകാധിപതിയെപ്പോലെ പെരുമാറുന്ന അഹമ്മദ്, ഗദ്ദാഫിയെ മറക്കരുതെന്നും ഭരണഘടനാവിരുദ്ധമായി ഭാരവാഹികളെ അടിച്ചേല്‍പിച്ച സംസ്ഥാന നേതൃത്വം കൗണ്‍സിലര്‍മാരെ വിഡ്ഢികളാക്കിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയും ട്രഷററായ വി.പി. വമ്പനും അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ളവരാണ്. അഴീക്കോട് മണ്ഡലം യോഗം ചേരാതെ ഇവര്‍ക്ക് കൗണ്‍സിലര്‍ പദവിയുണ്ടാവില്ലെന്നും ഭാരവാഹിത്വത്തിന് അര്‍ഹതയില്ലെന്നും ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയത്.
കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ലീഗ് ജില്ലാ കൗണ്‍സിലര്‍മാരായ ബഷീര്‍ കക്കാട്, കെ.പി. റാസിഖ്, ഷംസുദ്ദീന്‍ വാരം, സിദ്ദീഖ് പാപ്പിനിശ്ശേരി, എം.കെ.പി. സിറാജ്, ആഷിഖ് കുഞ്ഞിപ്പള്ളി, യൂത്ത്ലീഗ് അഴീക്കോട് മണ്ഡലം പ്രസിഡന്റ് സി.പി. റഷീദ്, എം.കെ. ഫൈസല്‍, പി.സി. റംസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍