ദുബൈയില്‍ ഭൂകമ്പ മുന്നറിയിപ്പിനായി അഞ്ച് കേന്ദ്രങ്ങള്‍ കൂടി

ദുബൈ: മാനം മുട്ടെയുള്ള നിരവധി കെട്ടിടങ്ങളുള്ള ദുബൈയില്‍ ഭൂകമ്പങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന അഞ്ച് സ്റ്റേഷനുകള്‍ കൂടി ദുബൈ മുനിസിപ്പാലിറ്റി സ്ഥാപിച്ചു. എമിറേറ്റിലെ ചില അംബര ചുംബികള്‍ക്ക് സമീപത്താണ് ഈ അത്യാധുനിക സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവക്ക് സമീപത്തും എമിറേറ്റിലുടനീളവുമുള്ള ഭൂചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ സര്‍വെ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് മഷ്റൂം പറഞ്ഞു. യു.എസിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും നിലവിലുള്ള ഭൂകമ്പ മാപിനികള്‍ക്ക് സമാനമായ സാങ്കേതികതയാണ് ഇവയിലും ഉപയോഗിച്ചിരിക്കുന്നത്. ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം കുറ്റമറ്റതാക്കാനാണ് നിലവിലെ നിരീക്ഷണ സംവിധാനങ്ങള്‍ക്കൊപ്പം ഇവ കൂടി സ്ഥാപിച്ചത്. ഓരോ സമയത്തും ലഭ്യമാകുന്ന വിവരങ്ങള്‍ വെച്ച് ഭൂകമ്പമുണ്ടായാല്‍ വന്‍ കെട്ടിടങ്ങളെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന സൂചനകള്‍ ജി.പി.ആര്‍.എസ് വഴി സര്‍വെ വിഭാഗത്തിലെ ഡേറ്റാ പ്രോസസറിലത്തെിക്കാന്‍ പുതിയ സംവിധാനത്തിന് കഴിയും. ഈ വിവരങ്ങള്‍ വിലയിരുത്തി മുനിസിപ്പാലിറ്റി ആസ്ഥാനത്തെ മുഖ്യ സെര്‍വറിന് ഭൂകമ്പ തീവ്രതയും സമീപ എമിറേറ്റുകളിലെയും ഗള്‍ഫ് മേഖലയിലെ ഭൂചലന സാധ്യതകളും മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.
പുതിയ സംവിധാനം കൂടി ഉള്‍പ്പെടുത്തിയതോടെ രക്ഷാപ്രവര്‍ത്തനം, ഭൂചലന തീവ്രത രേഖപ്പെടുത്തലും നിരീക്ഷിക്കലും തുടങ്ങിയ മേഖലകളിലുള്ള ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് യഥാസമയം ആവശ്യമായ നടപടികള്‍ എടുക്കുന്നതിനുള്ള തയാറെടുപ്പുകള്‍ക്ക് അവസരം ലഭിക്കുമെന്ന് മറൈന്‍ സര്‍വെ വിഭാഗം മേധാവി ഉമാന്‍ ഖതിബി പറഞ്ഞു. അബൂദബിയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം, കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ സയന്‍റിഫിക് റിസര്‍ച്ച് ഇന്‍ സീസ്മിക് ഒബ്സര്‍വേഷന്‍ എന്നിവയുടെ സഹകരണത്തോടെ രാജ്യത്ത് ആദ്യം ഭൂകമ്പ നിരീക്ഷണ-വിവര ശേഖരണ കേന്ദ്രം സ്ഥാപിച്ചത് ദുബൈ മുനിസിപ്പാലിറ്റിയാണ്. യു.എ.ഇയില്‍ ആപേക്ഷികമായി ഭൂചലന സാധ്യത കുറവാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പാകിസ്താനില്‍ റിക്ടര്‍ സ്കെയിലില്‍ 7.1 അടയാളപ്പെടുത്തിയ ഭൂചലനത്തിന്‍െറ തുടര്‍ ചലനങ്ങള്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഫുജൈറയില്‍ റിക്ടര്‍ സ്കെയിലില്‍ 2.6 രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യത്ത് അടുത്തിടെ അനുഭവപ്പെട്ടതില്‍ ഏറ്റവും വലുത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus