ദുബൈ: വേനല്‍ കടുത്തതോടെ ആരോഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ കാമ്പയിന്‍ ബുധനാഴ്ച ആരംഭിക്കും. ‘സുരക്ഷിതവും ആരോഗ്യകരവുമായ വേനല്‍ക്കാലം’ എന്ന് പേരിട്ടിരിക്കുന്ന കാമ്പയിന്‍ ഇത് തുടര്‍ച്ചയായ ആറാം തവണയാണ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്നത്.
പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍, പാര്‍ക്കിലും മറ്റും പോകുന്ന കുടുംബങ്ങള്‍, ബീച്ചില്‍ പോകുന്നവര്‍, തുറസ്സായ സ്ഥലത്ത് പോകുന്നവര്‍ തുടങ്ങിയവരെ സൂര്യതാപമേറ്റുള്ള അസുഖങ്ങളെ കുറിച്ച് ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ പൊതുജനാരോഗ്യ-സുരക്ഷാ വിഭാഗം ഡയറക്ടര്‍ എന്‍ജിനിയര്‍ രേഥ സല്‍മാന്‍ പറഞ്ഞു.
പൊതു-സ്വകാര്യ മേഖലകളുടെ സഹായത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്. കൊടുംചൂടില്‍ ജോലി ചെയ്യുന്നതിന്‍െറ പ്രത്യാഘാതങ്ങള്‍, അത് മറികടക്കാനുള്ള മുന്‍കരുതലുകള്‍ എന്നിവയെകുറിച്ചാണ് പ്രധാനമായും തൊഴിലാളികളെ ബോധവത്കരിക്കുക. ‘വര്‍ഷം തോറും ആഗോള താപനം ഉയരുകയാണ്. പ്രത്യക്ഷമായും പരോക്ഷമായുമുള്ള ഇതിന്‍െറ ആഘാതം ഭീകരമാണ്. മതിയായ സംരക്ഷണം ഇല്ലാത്തത് കൊണ്ടും മുന്‍കരുതലുകളെ കുറിച്ച് ബോധവാന്‍മാരല്ലാത്തത് കൊണ്ടും സൂര്യഘാതത്തില്‍ നിരവധി പേര്‍ രോഗബാധിതരാവുകയും മരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി കാമ്പയിന്‍ നടത്തുന്നത്’- അദ്ദേഹം പറഞ്ഞു. നേരിട്ട് വെയില്‍ കൊണ്ട് ജോലി ചെയ്യുന്നവരും ഉച്ചസമയത്ത് പുറത്തുപോകുന്നവരും അതീവ ജാഗ്രത പാലിക്കണം. ശരീരത്തിലെ ജലാംശം ധാരാളം നഷ്ടപ്പെടുമെന്നതിനാല്‍ വെള്ളം കുടിക്കുന്നത് വര്‍ധിപ്പിക്കണം. തുടര്‍ച്ചയായി വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തില്‍ നിന്ന് വിയര്‍പ്പിലൂടെ സോഡിയം നഷ്ടപ്പെടുന്ന അവസ്ഥ (നിര്‍ജലീകരണം) ഉണ്ടാകും. ഇത് ശരീരത്തിന് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെ ഒമ്പതിന് അല്‍ ഗര്‍ഹൂദിലുള്ള മുനിസിപ്പാലിറ്റി ക്ളബിലാണ് കാമ്പയിന്‍ ആരംഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍