ഡ്രൈവിങ് ലൈസന്‍സ്: നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു

ദോഹ: അപകടകരമായി വാഹനമോടിക്കുന്ന പ്രവണതയും അതുവഴിയുണ്ടാകുന്ന റോഡപകടങ്ങളും കുറക്കുന്നതിന്‍െറ ഭാഗമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ് ആലോചിക്കുന്നു. ഡ്രൈവിങ് ലൈസന്‍സ് മൂന്ന് ഘട്ടങ്ങളായി മാത്രം അനുവദിക്കാനാണ് തീരുമാനം. ഇതിന് അംഗീകാരമായാല്‍ രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടി വരും.
മൂന്ന് ഘട്ടങ്ങളായി ലൈസന്‍സ് അനുവദിക്കാനാണ് ഗതാഗത അതോറിറ്റിയുടെ ശിപാര്‍ശ. ഇതനുസരിച്ച് അപേക്ഷകര്‍ക്ക് ആദ്യം ലേണേഴ്സ് ലൈസന്‍സും താല്‍ക്കാലിക ലൈസന്‍സും നല്‍കും. പിന്നീട് ഡ്രൈവിങ് രീതികള്‍ കൃത്യമായി വിലയിരുത്തിയ ശേഷമേ സ്ഥിരം ലൈസന്‍സ് അനുവദിക്കുകയുള്ളൂ. താല്‍ക്കാലിക ലൈസന്‍സ് ലഭിച്ച ശേഷം വലിയ ഗതാഗത നിയമ ലംഘനം നടത്തുന്നവര്‍ക്ക് പെര്‍മനെന്‍റ് ലൈസന്‍സ് നല്‍കില്ളെന്ന് ഗതാഗത വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി വ്യക്തമാക്കി. യുവാക്കള്‍ക്കിടയിലെ അപകടകരമായ ഡ്രൈവിങ് പ്രവണതക്കെതിരെ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ സംഘടിപ്പിച്ച വട്ടമേശ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ക്കിടയിലെ അപകടകരമായ ഡ്രൈവിങ് പ്രവണത വര്‍ധിച്ചുവരികയാണെന്ന് ഇതു സംബന്ധിച്ച് നടന്ന സര്‍വേ റിപ്പോര്‍ട്ടുകളില്‍ വ്യക്തമായതായി സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. 14നും 30നും ഇടയില്‍ പ്രായമുള്ള 1000 പേരില്‍ നടത്തിയ സര്‍വേയില്‍ 46 ശതമാനം പേരും ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് തന്നെ അപകടകരമായി വാഹനമോടിച്ചതായി വ്യക്തമായിട്ടുണ്ട്. 419 വിദേശികളില്‍ 107 പേരും ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയവരാണ്. 2010ല്‍ 16നും 30നും ഇടയില്‍ പ്രായമുള്ള 113 യുവാക്കള്‍ വാഹനമോടിക്കുന്നതിനിടെ റോഡപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. ഇതില്‍ പകുതി പേരും 16നും 22നും ഇടയില്‍ പ്രായമുള്ളവരാണ്. ചെറുപ്പക്കാര്‍ക്ക് അനായാസം വാഹനമോടിക്കാന്‍ കഴിയുന്നതും സമപ്രായക്കാരായ സുഹൃത്തുക്കളുടെ പ്രേരണയുമാണ് അപകടകരമായ ഡ്രൈവിങിന് വഴിയൊരുക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകള്‍ക്കെതിരെ കുട്ടികളിലും രക്ഷിതാക്കളിലും ബോധവത്കരണ പരിപാടികള്‍ സജീവമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രമുഖ മനഃശാസ്ത്ര വിദഗ്ധരും അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം പരിപാടിയില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus