Wed, 06/20/2012 - 08:29 ( 1 year 1 hourago)
ഇംഗ്ളണ്ടിന് ജയം; ഫ്രാന്‍സിന് തോല്‍വി
ഇംഗ്ളണ്ട് 1, യുക്രെയ്ന്‍ 0. സ്വീഡന്‍ 2, ഫ്രാന്‍സ് 0.
ഡൊനസ്ക്: ജയത്തോടെ ഡി ഗ്രൂപ് ചാമ്പ്യന്മാരായി ഇംഗ്ളണ്ടും തോറ്റെങ്കിലും പോയന്റ് മുന്‍തൂക്കവുമായി ഫ്രാന്‍സും യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടം നേടി. വെയ്ന്‍ റൂണിയുടെ ഏകഗോള്‍ ബലത്തില്‍ ഇംഗ്ളണ്ട് യുക്രെയ്നെ കീഴടക്കിയപ്പോള്‍ സ്വീഡന്‍ 2-0ന് ഫ്രാന്‍സിനെ വീഴ്ത്തി.
ജയത്തോടെ തിരിച്ചെത്തി ക്വാര്‍ട്ടര്‍ സാധ്യത ശക്തമാക്കിയ ഇംഗ്ളണ്ടിന് ഏറെ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു സ്റ്റാര്‍ സ്ട്രൈക്കര്‍ വെയ്ന്‍ റൂണിയുടെ അരങ്ങേറ്റം. ആതിഥേയരായ യുക്രെയ്ന്‍ നിരക്കാവട്ടെ നിര്‍ണായക മത്സരത്തില്‍ ടീമിന്റെ നട്ടെല്ലാവുന്ന ആന്ദ്രെ ഷെവ്ചെങ്കോയെ നഷ്ടമായി. പൂര്‍ണ ഫിറ്റല്ലെന്നതിനാല്‍ ഷെവ്ചെങ്കോയെ പുറത്തിരുത്തിയായിരുന്നു യുക്രെയ്ന്‍ ഇംഗ്ളണ്ടിനെ നേരിടാന്‍ ഇറങ്ങിയത്. മുന്‍നിരയില്‍ റൂണി നയിച്ച ആക്രമണത്തിന് പിന്തുണയുമായി ഡാനി വെല്‍ബാക്കും, ആഷ്ലി യങും ചേര്‍ന്നാണ് ഇംഗ്ളീഷ് മുന്നേറ്റങ്ങള്‍ക്ക് തന്ത്രം മെനഞ്ഞെത്. ജോണ്‍ ടെറിയും ഗെല്‍ ജോണ്‍സനും നയിച്ച പ്രതിരോധവും ആഷ്ലി കോളും ജോണ്‍ മില്‍നറും ഇണക്കിയെടുത്ത മധ്യനിരയും കൂടിയായതോടെ ഇംഗ്ളണ്ട് പതിവുപോലെ കരുത്തിന്റെ പര്യായമായി. എന്നാല്‍, സൂപ്പര്‍ താരത്തിന്റെ അഭാവത്തിലും ആതിഥേയരായ യുക്രെയ്ന്റെ വീര്യത്തിന് കുറവില്ലായിരുന്നു. ആദ്യ മത്സരത്തില്‍ സ്വീഡനെ കെട്ടുകെട്ടിച്ച അവര്‍ സ്വന്തം ഗ്രൗണ്ടില്‍ നാട്ടുകാരുടെ പിന്തുണയോടെ ആദ്യ മിനിറ്റു മുതല്‍ ആക്രമണം കെട്ടഴിച്ചു വിട്ടപ്പോള്‍ ഇംഗ്ളണ്ടിന്റെ കേളികേട്ട നിര പരുങ്ങലിലായി. മൂന്നാം മിനിറ്റില്‍ സ്റ്റീവന്‍ ജെറാര്‍ഡ് മികച്ചൊരു ഹെഡറിലൂടെ യുക്രെയ്ന്‍ ഗോള്‍മുഖത്ത് നടത്തിയ റെയ്ഡായിരുന്നു കളിയിലെ ആദ്യ ശ്രദ്ധേയ നീക്കമെങ്കിലും വൈകാതെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഷെവ്ചെങ്കോക്ക് പകരം കളത്തിലിറങ്ങിയ മാര്‍കോ ഡേവികും ഗര്‍മാഷ്, ടൈമോഷ്ചെക് തുടങ്ങിയവരാണ് ആതിഥേയ മുന്നേറ്റത്തിന് മൂര്‍ച്ച പകര്‍ന്നത്.
ഒന്നിനു പിന്നാലെ നിരവധി അവസരങ്ങള്‍ ആദ്യപകുതിയില്‍തന്നെ പിറന്നപ്പോള്‍ ഇംഗ്ളീഷ് അട്ടിമറി ഭയപ്പെട്ടു. പലപ്പോഴും ജോണ്‍ ടെറി കാത്തുസൂക്ഷിച്ച പ്രതിരോധകോട്ടയും ഗോള്‍ കീപ്പര്‍ ജോയ് ഹാര്‍ടിന്റെ മിന്നുന്ന ഫോമുമായിരുന്നു ഇംഗ്ളണ്ടിന് രക്ഷ നല്‍കിയത്. ആതിഥേയ മുന്നേറ്റങ്ങള്‍ തലനാരിഴ വ്യത്യാസത്തില്‍ ഗോളില്‍നിന്നും വഴുതിമാറി. ഒന്നാം പകുതിയുടെ ഏറിയ പങ്കും പന്ത് ഗ്രൗണ്ടിന്റെ ഇരു പകുതികളുമായി കയറിയിറങ്ങിയതോടെ കളിക്കളവും ആവേശത്തിലായി. ഗ്രൂപില്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ളണ്ടിന് സമനിലയെങ്കിലും പിടിച്ചാല്‍ ക്വാര്‍ട്ടറില്‍ കടക്കാമെന്ന നിലയായിരുന്നു. ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ നേരം പന്ത് കൈവശംവെച്ചത് യുക്രെയ്നാണ്.
രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റിലായിരുന്നു ഇംഗ്ളണ്ടിന്റെ ഗോള്‍. വലതു വിങ്ങിലൂടെ പിറന്ന കോര്‍ണര്‍ കിക്ക് ക്ളിയര്‍ ചെയ്തശേഷം സ്റ്റീവന്‍ ജെറാര്‍ഡ് ഒരുക്കിയ നീക്കമാണ് റൂണിയിലൂടെ മികച്ച ഗോളായി പിറന്നത്. ജെറാര്‍ഡിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ആന്‍ഡ്രി പിറ്റോവിന്റെ കൈയ്യില്‍നിന്നും തെന്നിമാറിയപ്പോള്‍ അവസരം കാത്തു നിന്ന റൂണിയുടെ തലക്ക് പാകമായി ലഭിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പന്ത് വലയിലേക്ക് ചെത്തിയിട്ടപ്പോള്‍ സസ്പെന്‍ഷനും കഴിഞ്ഞുള്ള മടങ്ങിവരവ് ഗോള്‍നേട്ടത്തോടെ ഗംഭീരമാക്കി. ഒരു ഗോള്‍ വഴങ്ങിയതോടെ പന്തിന്റെ വേഗവും കളിയുടെ നീക്കങ്ങളും അതിവേഗമായി. ഒന്നിനുപിന്നാലെ ഒന്നായി ഇരുടീമുകളും അവസരം സൃഷ്ടിച്ചായിരുന്നു കളി ചടുലമാക്കിയത്. 63ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച യുക്രെയ്ന്റെ മുന്നേറ്റം ടെറിയുടെ ഗംഭീരമായ ചെറുത്തുനില്‍പിലൂടെ നിഷേധിക്കപ്പെട്ടു.
സ്വീഡന് ആശ്വസം
കിയേവ്: മികച്ച ഫോമിലുള്ള ഫ്രാന്‍സിനെ വെള്ളം കുടിപ്പിച്ചായിരുന്നു സ്വീഡന്റെ കളി. കഴിഞ്ഞ ദിവസം മരിച്ച ഫ്രഞ്ച് ഫുട്ബാള്‍ കമന്‍ഡേറ്റര്‍ തിയറി റോലന്‍ഡിന് അനുശോചനം അറിയിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചായിരുന്നു പന്തുരുണ്ടത്. ഫ്രാങ്ക് റിബറി, കരിം ബെന്‍സേമ, സാമിര്‍ നെസ്റി, ദിയാര തുടങ്ങിയ ഉജ്ജ്വല സംഘവും സ്ലാട്ടന്‍ ഇബ്രാഹിമോവിചും തോയ്വോനെനും നയിച്ച സ്വീഡനും തമ്മില്‍ ആദ്യ മിനിറ്റു മുതല്‍ കൊമ്പുകോര്‍ത്തു തുടങ്ങി. ആദ്യപകുതിയില്‍ പന്ത് ഏറെ നേരം കൈവശംവെച്ചെങ്കിലും ഗോളടിച്ചു കൂട്ടാന്‍ റിബറി നേതൃത്വം നല്‍കിയ ഫ്രഞ്ച് മുന്നേറ്റത്തിന് കഴിഞ്ഞില്ല. ഒട്ടനവധി അവസരങ്ങളായിരുന്നു പിറന്നത്. ഗോള്‍ ശ്രമങ്ങള്‍ സജീവമായതല്ലാതെ വലകുലുങ്ങാന്‍ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടി വന്നു. ഫ്രഞ്ച് കളി ചൂടുപിടിക്കുന്നതിനിടെ 54ാം മിനിറ്റില്‍ ഇബ്രയുടെ വകയായിരുന്നു ഗോള്‍ പിറന്നത്. വിങ്ങിലൂടെ കുതിച്ചെത്തിയ സെബാസ്റ്റ്യന്‍ ലാര്‍സന്‍ നല്‍കിയ വോളി അസാമാന്യ മികവോടെ സിസര്‍കട്ടിലൂടെ വലയിലേക്ക് മറിച്ചിട്ടായിരുന്നു സ്വീഡന്റെ ഗോള്‍. ഗാലറിയെ പ്രകമ്പനംകൊള്ളിച്ച ഗോളിലൂടെ ഇബ്ര സ്വീഡന് മുന്‍തൂക്കം നല്‍കി. ഫ്രാന്‍സിന്റെ സമനില ശ്രമത്തിനിടെയാണ് രണ്ടാം ഗോള്‍ പിറന്നത്. ഇഞ്ച്വറി ടൈമില സെബാസ്റ്റ്യന്‍ ലാര്‍സനാണ് ഗോള്‍ നേടിയത്. പോസ്റ്റില്‍ തട്ടി റീബൗണ്ട് ചെയ്ത പന്ത് കാത്തു നിന്ന ലാര്‍സന്‍ ഞൊടിയിടയില്‍ വലക്കകത്ത് കയറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍