മൂന്ന് പതിറ്റാണ്ടായി ആര്‍ട്ടിക് മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ ഭൂമിക്ക് ചൂടേറുന്നു എന്നു മാത്രമല്ല, ആ പ്രക്രിയക്ക് വേഗം കൂടുന്നുവെന്നും വ്യക്തമാക്കുന്നു. ഇന്നത്തെനിലയില്‍ തുടര്‍ന്നാല്‍ 2100 ആകുമ്പോഴേക്കും ഭൂമിയിലെ ശരാശരി താപനില മൂന്ന് ഡിഗ്രി വര്‍ധിക്കുമെന്നതാണ് മറ്റൊരു റിപ്പോര്‍ട്ട്. ഭൂമിയില്‍ ജീവനെ സംരക്ഷിക്കുന്ന ഭൗമമണ്ഡലം ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം മാറുന്നുവെന്ന് മറ്റൊരു റിപ്പോര്‍ട്ട്. ഇത്തരം മാറ്റങ്ങളാണ് ഭൂമുഖത്തുനിന്ന് പല ജീവജാലങ്ങളെയും വേരോടെ തുടച്ചുനീക്കിയത്.
ദുരന്ത വാര്‍ത്തകളുടെ ഒഴുക്കിനിടെ ബ്രസീലിലെ റിയോ ഡെ ജനീറോയില്‍ ഭൂമിയുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ലോക നേതാക്കള്‍ വീണ്ടും ഒത്തുചേരുന്നു. 20 വര്‍ഷം മുമ്പ് ഇതേ നഗരത്തില്‍ നടന്ന ഭൗമ ഉച്ചകോടിയുടെ 20ാം വാര്‍ഷികത്തിലാണ് ഈ ചേരല്‍. സ്റ്റോക്ഹോമില്‍ ആദ്യമായി ഒരു ഭൗമ ഉച്ചകോടി നടന്നതിന്റെ 40ാം വാര്‍ഷികവും.
40 വര്‍ഷത്തെ ശ്രമങ്ങള്‍ക്ക് ശേഷവും ഭൂമിയുടെ ആരോഗ്യം മുമ്പത്തേതിലും മോശമായ അവസ്ഥയില്‍ എത്തിനില്‍ക്കേ ചേരുന്ന 'റിയോ +20' പ്രതീക്ഷയേക്കാള്‍ നിരാശയാണ് നല്‍കുന്നത്.
ആദ്യ റിയോ ഭൗമ ഉച്ചകോടിയുടെ പരാജയത്തിന് കാരണമായ നിക്ഷിപ്ത വ്യവസായ-സാമ്പത്തിക താല്‍പര്യങ്ങള്‍ ഈ ഉച്ചകോടിയിലും തലപൊക്കിക്കഴിഞ്ഞു. മൂന്നുദിവസത്തെ ഉച്ചകോടിയുടെ 'കരട്' പ്രഖ്യാപനത്തെ ചൊല്ലി രാജ്യങ്ങള്‍ തമ്മില്‍ ശക്തമായ ഭിന്നതകളും ഇതിനകംതന്നെ രൂപപ്പെട്ടു. റിയോ ഉച്ചകോടിയെക്കാള്‍ മോശമായ സാഹചര്യമാണ് റിയോ +20ല്‍. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാഓ തുടങ്ങിയ സുപ്രധാന രാഷ്ട്ര തലവന്മാര്‍ ഒന്നും എത്തില്ലെന്ന് ഉറപ്പായതോടെ ഭൗമ ഉച്ചകോടി തുടങ്ങും മുമ്പുതന്നെ റിയോയില്‍ മ്ലാനതയാണ് പരക്കുന്നത്.
അതിവേഗത ആര്‍ജിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക തകര്‍ച്ചക്ക് കാരണമാകുന്ന ഘടകങ്ങള്‍ക്ക് തടയിടുകയും ലോകത്തെ ദരിദ്രരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് റിയോ +20ന്റെ സുപ്രധാന ലക്ഷ്യം. 120 ഓളം ലോക നേതാക്കളാവും ഉച്ചകോടിയില്‍ പങ്കെടുക്കുക. 190ഓളം രാജ്യങ്ങളുടെ പ്രതിനിധികളും റിയോയില്‍ എത്തും.
എന്നാല്‍, പിന്നെയെന്ത് എന്നചോദ്യം ലോക ജനതയെ വേട്ടയാടുന്നു. 1992ലെ റിയോ ഉച്ചകോടിയും അതിന് ചുവടുപിടിച്ച് 1997ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന ഉച്ചകോടിയില്‍ ഹരിതഗൃഹ വാതങ്ങളുടെ അളവ് നിയന്ത്രിക്കാന്‍ എടുത്ത നടപടികളും അമ്പേ പരാജയപ്പെട്ട അനുഭവമാണ് ലോകജനതക്ക് മുന്നിലുള്ളത്.
1992ലെ റിയോ ഉച്ചകോടി പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി 27 തത്വങ്ങള്‍ അംഗീകരിച്ചിരുന്നു. ഇതിനുപുറമെ ലോകത്തെ വനമേഖലകള്‍ സംരക്ഷിക്കുന്നതിന് നിരവധി നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. സുസ്ഥിര വികസനത്തിലേക്കുള്ള ലോകത്തിന്റെ നിര്‍ണായകമായ ചുവടുവെപ്പായിരുന്നു ഇതെങ്കിലും ഈ പ്രഖ്യാപനങ്ങള്‍ക്കൊന്നും നിയമപരമായ പിന്തുണ ഉണ്ടായിരുന്നില്ല. എങ്കിലും 1993ല്‍ യു.എന്‍ പ്രഖ്യാപനം പ്രാബല്യത്തില്‍വന്നു.
തുടര്‍ന്ന് 1997ലെ ക്യോട്ടോ ഉടമ്പടിയില്‍ ഹരിതഗൃഹ വാതകങ്ങള്‍ കുറക്കുന്നത് വികസര രാജ്യങ്ങളുടെ ബാധ്യതയാക്കി മാറ്റുകയും അതിന് പരിധി നിശ്ചയിക്കുകയും ചെയ്തു. ഹരിതഗൃഹ വാതകങ്ങള്‍ കുറക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നതിനാല്‍ വൈകാതെ അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നു. പല രാജ്യങ്ങളും ക്യോട്ടോ ഉടമ്പടിയില്‍നിന്ന് പിന്മാറുകകൂടി ചെയ്തതോടെ റിയോ ഉച്ചകോടി വന്‍ പരാജയമായി മാറി.
1992ലെ റിയോ ഉച്ചകോടിക്ക് 20 വയസ്സ് തികയുമ്പോഴേക്കും ലോകം ഏറെ മാറിക്കഴിഞ്ഞു. സാമ്പത്തിക-വ്യവസായിക താല്‍പര്യങ്ങള്‍ക്ക് മുമ്പെത്തേക്കാള്‍ വ്യാപ്തി കൈവരുകയും ചെയ്തു.
1992ല്‍ ലോക സാമ്പത്തിക-വ്യവസായിക ഭൂപടത്തില്‍ ഒന്നുമല്ലായിരുന്ന ഇന്ത്യയും ചൈനയും ബ്രസീലും റഷ്യയുമെല്ലാം അമേരിക്കക്കും ബ്രിട്ടണും ജര്‍മനിക്കുമൊപ്പം വന്‍കിട വ്യവസായിക ശക്തികളായി. ഹരിതഗൃഹ വാതകങ്ങളുടെ പ്രധാന നിര്‍ഗമന സ്രോതസ്സായ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഈ രാജ്യങ്ങളില്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇക്കുറി പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടാവും. സ്ഥാപിത താല്‍പര്യങ്ങളും ഇതോടൊപ്പംതന്നെ ശക്തമായിരിക്കും.
ഹരിതഗൃഹ വാതകങ്ങള്‍ വെട്ടിക്കുറക്കുന്ന ഉത്തരവാദിത്വത്തില്‍നിന്ന് ഇക്കുറിയും രക്ഷപ്പെടാനാവും ഇന്ത്യയും ചൈനയും ബ്രസീലും ഉള്‍പ്പെടെയുള്ള വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ ശ്രമിക്കുക. എന്നാല്‍, ഇത് അമേരിക്കയും ബ്രിട്ടനും ജര്‍മനിയും ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ അനുവദിക്കാനിടയില്ല. ഹരിതഗൃഹ വാതകങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ബാധ്യത വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളുടെ തലയില്‍ കെട്ടിവെക്കാനാവും ഇവര്‍ ശ്രമിക്കുക. താല്‍പര്യങ്ങളുടെ ഈ ഏറ്റുമുട്ടല്‍ റിയോ +20 ഉച്ചകോടിയെയും പരാജയത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.
ഇക്കാര്യങ്ങള്‍ ഉച്ചകോടിയുടെ മുഖ്യ സംഘാടകരായ ഐക്യരാഷ്ട്രസഭക്കും വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ ഉച്ചകോടിയുടെ കരട് പ്രഖ്യാപനത്തിലെ വാചകങ്ങള്‍പോലും വളരെ കരുതലോടെയാണ് രൂപപ്പെടുത്തുന്നത്. ഭൂമിയെ നശിപ്പിക്കാതെ സാമ്പത്തിക വളര്‍ച്ച എങ്ങനെ നിലനിര്‍ത്താനാവുമെന്നാവും ഉച്ചകോടി ചര്‍ച്ചചെയ്യുക. ഇത്ര കരുതല്‍ സ്വീകരിച്ചിട്ടും കരട് പ്രഖ്യാപനം സംബന്ധിച്ച് വിവിധ രാജ്യങ്ങളുടെ സഖ്യങ്ങള്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായഭിന്നത രൂപമെടുത്തിട്ടുണ്ട്.
സുസ്ഥിര വികസനം തന്നെയാവും ഉച്ചകോടിക്ക് മുന്നിലുള്ള ഏറ്റവും പ്രധാന വിഷയം. എന്നാല്‍, ഇതെങ്ങനെ സാധ്യമാവുമെന്നത് വലിയ തര്‍ക്കവിഷയവും.
ലോകത്തെ 80 ശതമാനം വിഭവങ്ങള്‍ 20 ശതമാനം മാത്രംവരുന്ന സമ്പന്ന രാജ്യങ്ങളിലെ ജനതയാണ് വിനിയോഗിക്കുന്നതെന്നാണ് കണക്കാക്കുന്നത്. നിയന്ത്രണമില്ലാത്ത ഈ ഉപഭോഗ സംസ്കാരമാണ് സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിന് ഏറ്റവും വലിയ വിലങ്ങുതടി.
കൃഷിയിടങ്ങള്‍ക്ക് ഉള്‍പ്പെടെ ഭൂമിയില്‍ ലഭ്യമായ സ്ഥലത്തിന്റെ 40 ശതമാനവും ഇപ്പോള്‍ത്തന്നെ മനുഷ്യന്‍ വിനിയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 2050ഓടെ ലോക ജനസംഖ്യയില്‍ 200 കോടിയുടെ വര്‍ധന ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ മനുഷ്യന്റെ ഉപയോഗത്തിനായി നീക്കിവെക്കപ്പെടുന്ന സ്ഥലത്തിന്റെ അളവ് ആകെ ലഭ്യതയുടെ 50 ശതമാനമാവും. കൂടുതല്‍ സ്ഥലത്തിനായി നീക്കം ചെയ്യപ്പെടുന്നത് ഹരിതഗൃഹ വാതകങ്ങള്‍ നിയന്ത്രിക്കാനുതകുന്ന കാടുകളും പുല്‍മേടുകളുമാണ്.
സമ്പന്ന രാജ്യങ്ങളാണ് ആയിരക്കണക്കിന് കോടി ഡോളര്‍ സബ്സിഡിയായി നല്‍കി ഇത്തരം ഉപഭോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നത്. അവര്‍ക്ക് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള കുറുക്കു വഴിയാണ് ഉപഭോഗം സംസ്കാരം. ഇങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ നല്ലൊരുപങ്ക് വില പിടിച്ചു നിര്‍ത്താന്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഐക്യരാഷ്ട്ര സഭതന്നെ നടത്തിയ ഒരു പഠനം അനുസരിച്ച് വന്‍തോതില്‍ സബ്സിഡി നല്‍കിയുള്ള മത്സ്യബന്ധനംമൂലം പ്രതിവര്‍ഷം 5,000 കോടി ഡോളര്‍ മൂല്യമുള്ള സമുദ്രവിഭവങ്ങളാണ് നശിപ്പിക്കപ്പെടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍മൂലം കടലില്‍ പലയിനം മത്സ്യങ്ങളും അപ്രത്യക്ഷമായി.
ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവുമധികം ഉല്‍പാദിപ്പിക്കപ്പെടുന്ന ഫോസില്‍ ഇന്ധനങ്ങള്‍ക്കായി ജി 20 രാജ്യങ്ങള്‍ മാത്രം പ്രതിവര്‍ഷം 40,000 കോടി ഡോളറാണ് സബ്സിഡി നല്‍കുന്നത്. ഈ സബ്സിഡികള്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഭീമമായി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സബ്സിഡികള്‍ ഘട്ടംഘട്ടമായി ഇല്ലാതാക്കാന്‍ തീരുമാനമെടുത്തെങ്കിലും സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമെന്നതിനാല്‍ ഒരടിപോലും മുന്നോട്ടുനീങ്ങാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.
2012ലെ ഭൗമ ഉച്ചകോടിയില്‍ സുസ്ഥിര വികസനമെന്ന ലക്ഷ്യം പ്രാപ്യമാകണമെങ്കില്‍ ഇത്തരം വിഷയങ്ങളിലെല്ലാം സമവായം ഉണ്ടായേ മതിയാവൂ. നിലവിലെ സാഹചര്യത്തില്‍ അത്തരം ഒരു തീരുമാനത്തിനും സാധ്യതയില്ലെന്നുതന്നെ പറയാം. തീരുമാനം ഉണ്ടായാല്‍ത്തന്നെ അത് നിയമപരമായ ബാധ്യതയാക്കി മാറ്റാന്‍ നല്ലൊരുപങ്ക് രാജ്യങ്ങളും തയാറാവുകയുമില്ല.
റിയോ+20 ഉച്ചകോടിയില്‍ ഉപഭോഗവും ഉല്‍പാദനവും നിയന്ത്രിക്കാന്‍ ഒരു സംവിധാനം ഒരുക്കാനാണ് ശ്രമം. സമുദ്രങ്ങള്‍ സംരക്ഷിക്കാനുള്ള കരാറാണ് മറ്റൊന്ന്. പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ ആഗോള ഏജന്‍സി, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ദരിദ്യ്രരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം, പരിസ്ഥിതി വിഷയങ്ങള്‍ക്കായി ഒരു ഹൈകമീഷണറെ നിയോഗിക്കല്‍ എന്നിവയും റിയോ ഉച്ചകോടിയുടെ അജണ്ടയിലുണ്ട്.
എന്നാല്‍, ഇക്കാര്യങ്ങളില്‍ പിച്ചവെക്കല്‍ മാത്രമേ ഇക്കുറിയും പ്രതീക്ഷിക്കേണ്ടതുള്ളൂ. ഭൂമിയെ രക്ഷിക്കുന്നതിന് കടുത്ത നടപടികളോ ബാധ്യതകള്‍ ഏറ്റെടുത്തുള്ള കരാറുകളോ ഒന്നും പ്രതീക്ഷിക്കേണ്ടതേയില്ല.
എന്നാല്‍, വീണ്ടുമൊരു പരിസ്ഥിതി ഉച്ചകോടിക്ക് ലോകം റിയോ ഡെ ജനീറോയില്‍ ഒത്തുകൂടുമ്പോള്‍ അത് ലോക ജനതക്ക് ഒരു ഓര്‍മപ്പെടുത്തല്‍ കൂടി നല്‍കുന്നു. മനുഷ്യകുലത്തെ പാടെ തുടച്ചു നീക്കാന്‍ ശേഷിയുള്ള ഒരു ടൈംബോംബിന്റെ സൂചി ചലിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരുപക്ഷേ, ഭൗമ ഉച്ചകോടികള്‍ക്കായി ഇനിയത് അധികം കാത്തിരുന്നേക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍