ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത ആഗോള പ്രവാസി സമ്മേളനം 'പ്രവാസി ഭാരതീയ ദിവസ്' കൊച്ചിയില്‍ നടക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ജനുവരി ഏഴു മുതല്‍ ഒമ്പതുവരെയാണ് പരിപാടി. ഇതാദ്യമായാണ് പ്രവാസി ഭാരതീയ ദിവസ് കേരളത്തില്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ഥന മാനിച്ചാണ് സമ്മേളനം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗള്‍ഫ് മലയാളി പ്രവാസിപ്രശ്നങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. പ്രവാസി സമ്മേളനത്തിന്റെ പ്രചാരണത്തിനായി ഗള്‍ഫ് ഉള്‍പ്പെടെയുള്ള നാടുകളില്‍ പര്യടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഏഴിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ആദ്യദിവസം സെമിനാറുകളും ചര്‍ച്ചകളുമാണ് നടക്കുക. എട്ടിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. ഒമ്പതിന് സമാപന ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും. പ്രവാസി അവാര്‍ഡുകളുടെ പ്രഖ്യാപനവും വിതരണവും ചടങ്ങില്‍ നടക്കും. അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രവാസി സമൂഹത്തെ മാതൃരാജ്യവുമായി കൂടുതല്‍ അടുപ്പിക്കുകയാണ് കൊച്ചി സമ്മേളനത്തിന്റെ പ്രമേയം. 2000 പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. കൊച്ചിയില്‍ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും നടന്നുവരുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ വയലാര്‍ രവി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍