ഹൈദരാബാദ്: കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട കേസില്‍, പണം വാങ്ങി പ്രതിയായ കര്‍ണാടക മുന്‍ മന്ത്രിക്ക് ജാമ്യം അനുവദിച്ച കേസില്‍ സസ്പെന്‍ഷനിലായ സി.ബി.ഐ ജഡ്ജി തല്ലൂരി പട്ടാഭിരാമ റാവുവിനെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഒബുലാപുരം കല്‍ക്കരി ഖനന കേസില്‍ കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഡിക്ക് അനധികൃതമായി ജാമ്യം അനുവദിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് റിട്ട.ജഡ്ജി പി.വി. ചലപതി റാവുവും പട്ടാഭിരാമന്റെ മകന്‍ ടി. രവി ചന്ദ്രയും അറസ്റ്റിലായിട്ടുണ്ട്.
രാവിലെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്ത പട്ടാഭിരാമനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്തതായി ആന്‍ഡി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ബി. പ്രസാദ് റാവു പറഞ്ഞു. അഴിമതിവിരുദ്ധ വകുപ്പ് പ്രകാരം ജൂണ്‍ ഒമ്പതിന് എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഒബുലാപുരം കല്‍ക്കരി ഖനന കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജി പട്ടാഭിരാമ റാവു പ്രതിയായ ജനാര്‍ദന റെഡ്ഡിക്ക് ജാമ്യം അനുവദിക്കുകയും ഐ.എ.എസ് ഓഫിസര്‍ ശ്രീലക്ഷ്മിക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തത് വിവാദമാകുകയായിരുന്നു. പണം വാങ്ങി ജാമ്യം അനുവദിച്ചെന്ന് ആരോപണം ഉയര്‍ന്നതോടെ പട്ടാഭിരാമറാവുവിനെ ആന്ധ്ര ഹൈകോടതി മേയ് 31ന് സസ്പെന്‍ഡ് ചെയ്ത് കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. പ്രതിയും ജഡ്ജിയുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ച പ്രത്യേക സംഘം 1.60 കോടി അഞ്ച് ലോക്കറുകളില്‍നിന്ന് കണ്ടെത്തി. റിട്ട. ജഡ്ജി ചലപതി റാവുവിന്റെ സഹോദരനില്‍നിന്ന് 1.14 കോടിയും കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍