തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏഴുവര്‍ഷം മുമ്പ് അപേക്ഷ ക്ഷണിച്ച പ്യൂണ്‍, വാച്ച്മാന്‍ തസ്തികകളിലേക്കുള്ള ഇന്‍റര്‍വ്യൂ ജൂലൈ രണ്ടുമുതല്‍ നടക്കും. ചുരുക്കപ്പട്ടികയിലെ 3500ഓളം ഉദ്യോഗാര്‍ഥികളാണ് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്നത്. ദിവസം 350 പേര്‍ വീതം പത്തുദിവസംകൊണ്ട് ഇന്‍റര്‍വ്യൂ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
സര്‍വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരായ സി.എല്‍.ആര്‍ വര്‍ക്കര്‍മാര്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിലാണ് നിയമനം വൈകിയത്. ഇക്കാര്യമുന്നയിച്ച് മൂന്നുവര്‍ഷക്കാലം ഇവര്‍ പന്തല്‍കെട്ടി സമരം നടത്തിയിരുന്നു. പുതിയ സിന്‍ഡിക്കേറ്റ് അനുകൂല തീരുമാനമെടുത്തതോടെ സമരം നിര്‍ത്തി. 50 ശതമാനം സംവരണം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചെങ്കിലും ഫയലില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല.
2005 ജൂണ്‍ 20നാണ് നിയമനത്തിന് വിജ്ഞാപനമിറങ്ങിയത്. 2008 ആഗസ്റ്റ് 17ന് എഴുത്തുപരീക്ഷയും നടന്നു. ഉദ്യോഗാര്‍ഥികള്‍ക്കുള്ള സൈക്കിള്‍ പരിശോധനയും ഇന്‍റര്‍വ്യൂദിവസം നടക്കും.
നിയമനം വൈകുന്നതിനെതിരെ ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ സെപ്റ്റംബര്‍ ഒന്നിനകം ഇന്‍റര്‍വ്യൂ നടത്താന്‍ ഹൈകോടതി സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍