|
അങ്കം ജയിച്ച് അര്‍മഡയും അസൂറിയും
![]() പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് നിലവിലെ ജേതാക്കള്‍ ക്വാര്‍ട്ടറിലേക്ക് ഇടം നേടിയെങ്കിലും ക്രൊയേഷ്യക്കെതിരെയുള്ള ഗ്രൂപ് സിയിലെ അവസാന മത്സരം ലോകകപ്പ് ജേതാക്കളുടെ നിലവാരത്തിലെത്തിക്കുവാന്‍ സ്പെയിനിന് കഴിഞ്ഞില്ലെന്നും ആധികാരികമല്ലാതെ പോയ ആ വിജയത്തിന് സംശയത്തിന്റെ അകമ്പടിയുണ്ടായിരുന്നുവെന്നതും ഏകപക്ഷീയ വിജയത്തിന്റെ ചന്തം കെടുത്തിക്കളഞ്ഞു. സ്പാനിഷ് അര്‍മാഡോകളുടെ പരമ്പരാഗത ലോങ് റേഞ്ച് പാസുകളുമായിത്തന്നെയാണ് മത്സരം ആരംഭിച്ചതെങ്കിലും ഉയര്‍ത്തിയടിച്ച് ഗോളാക്കാമെന്ന തന്ത്രം ആദ്യ നിമിഷങ്ങളില്‍ത്തന്നെ തടിമിടുക്കിലും ഉയരക്കൂടുതലിലും മുന്നിലായിരുന്ന ക്രൊയേഷ്യന്‍ പ്രതിരോധനിരക്ക് മുന്നില്‍ ഫലപ്രദമായില്ല. റാമോസിന്റെ ത്രൂ പാസ് ആദ്യ മിനിറ്റില്‍ത്തന്നെ ഗോളാക്കി ലീഡ് നേടുവാനുള്ള അവസരം നഷ്ടമാക്കിയത് സ്പെയിനിന് ലോകകപ്പ് സമ്മാനിച്ച ഇനിയസ്റ്റ തന്നെയായിരുന്നു. പ്ലേ ഓഫിലൂടെയാണ് യൂറോ കലാശക്കളിക്കെത്തിയതെങ്കിലും ചാമ്പ്യന്‍ ടീമിനെതിരെ അണിനിന്ന ക്രൊയേഷ്യക്കാരുടെ കെട്ടുറപ്പും ഗതിവേഗവും പ്രശംസനീയമായിരുന്നു. പ്രത്യേകിച്ച് ഇനിയസ്റ്റയും ശാവിയും സില്‍വയും ടോറസുമടങ്ങിയ വമ്പന്‍ നിരയെ കൂസാതെ നേരിട്ട സെര്‍നയും കോര്‍കേക്കയും ഷ്ല്‍ഡന്‍ ഫെല്‍ഡും സ്റ്റിര്‍നിച്ചും അജയ്യരായിരുന്നു. അതുപോലെ മൂര്‍ച്ചയുള്ളതായിരുന്നു അവരുടെ ആക്രമണ നിര. പ്രത്യേകമായ മൂന്നു ഗോളുമായി മുന്നില്‍ നില്‍ക്കുന്ന മാന്‍ഡ് സൂക്കിച്ചിന്റെ കടന്നു കയറ്റങ്ങളും നിനച്ചിരിക്കാതെയുള്ള വമ്പന്‍ ഷോട്ടുകളും ഗോളി കസിയസ് അല്ലായിരുന്നുവെങ്കില്‍ 20 മിനുറ്റുകള്‍ക്കകം ലോക ചാമ്പ്യന്മാര്‍ കുറഞ്ഞത് മൂന്നുഗോളുകള്‍ക്ക് പിന്നിലാകേണ്ടതുമായിരുന്നു. കസിയസിന്റെ അസാധാരണമായ കൃത്യതയും ചടുലതയുമായിരുന്നു സ്പെയിനിന്റെ രക്ഷകനായത്. സ്പെയിനിന്റെ വിശ്വസ്ത മാതൃകയായ പിന്‍നിര, പിക്വേയുടെയും ആര്‍ബേലയുടെയും റാമോസിന്റെയും ആല്‍സമയുടെയും നേതൃത്വത്തിലാണെന്ന് കേള്‍ക്കുമ്പോഴേ എതിര്‍ മുന്നറ്റനിര അമ്പരക്കേണ്ടതായിരുന്നു. എന്നാല്‍, ആരെയും കൂസാതെ 'ക്രൊയേറ്റുകള്‍' ചെര്‍സിച്ച്, യേലാവിച്ച്, മാന്‍ഡുസുക്കിച്ച് ത്രയങ്ങളിലൂടെ നിരന്തരം കടന്നുകയറി പരീക്ഷിച്ചുകൊണ്ടുമിരുന്നു. 13ാം മിനിറ്റില്‍ ഷേക് ഹാന്‍ഡ് ഡിസ്റ്റന്‍സില്‍നിന്ന് പെര്‍സിച്ച് പായിച്ച കൂറ്റന്‍ ഹെഡര്‍ ആയാസപ്പെട്ട് കസിയസ് തട്ടിയകറ്റിയില്ലായിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറിയേനെ. നിലവിലെ ജേതാക്കളില്ലാതെ ക്വാര്‍ട്ടറും നടന്നേനെ!.
20ാം മിനിറ്റില്‍ റാമോസിനെ വെട്ടിച്ച് ഗോള്‍ ലക്ഷ്യവുമായി മുന്നേറിയ യേലാവിച്ചിന്റെ കുപ്പായത്തില്‍ പിടിച്ച് നിലത്തിട്ടത് കണ്ടതായി ഭാവിക്കാതെ ജര്‍മന്‍ റഫറി വോള്‍ഫ് ഗാങ് സ്റ്റാര്‍ക്ക് കളി തുടങ്ങാനനുവദിച്ചതും പ്രതികരിച്ച ക്രൊയേഷ്യന്‍ നായകനു മഞ്ഞക്കാര്‍ഡ് കാണിച്ചതും പ്രതിഷേധത്തിനിടയാക്കി. പന്തടക്കത്തില്‍ ക്രൊയേഷ്യക്കാര്‍ ഇന്ന് ആദ്യാവസാനം സ്പെയിന്‍ താരങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍, കളിയുടെ വിധി നിര്‍ണയം ഗോളുകളിലൂടെയാണെന്നു മനസ്സിലാക്കാത്തതു കൊണ്ടാകണം മാന്‍ഡൂസൂക്കിച്ചും പെര്‍സിച്ചും പകരക്കാരനായിട്ടിറങ്ങിയ ബ്രസീലുകാരന്‍ എഡ്വേഡോയും ലഭിച്ച അസുലഭാവസരങ്ങള്‍ പാഴാക്കിക്കൊണ്ടിരുന്നത്.
61ാം മിനിറ്റില്‍ ടോറസിനെ പിന്‍വലിച്ച് മറ്റൊരു വിങ്ങറായ തവാസിനെ കോച്ച് ഡെല്‍ബോസ്ക് പരീക്ഷിച്ചു. അതിന് ഫലവും കണ്ടു. 88ാം മിനിറ്റു വരെ ആക്രമണ പ്രതിരോധനിരകളില്‍ മുന്നിലായിരുന്ന ക്രൊയേഷ്യയെ നിഷ്പ്രഭമാക്കി ജീസസ് നവാസ് ഏറ്റവും അനിവാര്യമായ നിമിഷത്തില്‍ വിജയഗോളും കണ്ടു. ശാവിയുടെ മിന്നുന്ന ത്രൂപാസ് ഒരു നര്‍ത്തകന്റെ ലാഘവത്തോടെ ചാടി നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ ഇനിയസ്റ്റയുടെ ശ്രമത്തിന് ഒരു ഹാന്‍ഡ് ഫൗളിന്റെ പരിവേഷമെന്ന വാദമുണ്ടായപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ തന്റെ സാര്‍വദേശീയ പരിചയം അതേപടി ഉപയോഗപ്പെടുത്തി ഇനിയസ്റ്റ മറുവശത്തെത്തിയ നവാസിന് മറിച്ചപ്പോള്‍ ഓഫ് സൈഡാണെന്നുകരുതി ക്രൊയേഷ്യന്‍ പ്രതിരോധ നിരയും ഗോളി പ്ലാറ്റിക്കോസിയും അനങ്ങാതെ നിന്നു. അരിശം തീര്‍ക്കും മട്ടില്‍ നവാസ് ഗോള്‍വലയം ഓടിക്കടന്ന് നെറ്റിനകത്തിട്ടപ്പോഴേക്കും സ്പെയിനിന്റെ തുടര്‍ച്ചയായ ഒമ്പതാമത്തെ വിജയവും ക്വാര്‍ട്ടര്‍ പ്രവേശവുമായി 'സുവര്‍ണഗോള്‍'.
സി കടന്ന് ഇറ്റലിതാരതമ്യേന അശക്തരായ പ്രതിയോഗികളെയാണ് ഇറ്റലിക്ക് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും കീഴടങ്ങിയ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്,എന്നാല്‍ തങ്ങളുടെ അവസാന മത്സരം അവിസ്മരണീയമാക്കി പുതിയ നായകന്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ ഇറ്റലിയെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പോരാത്തതിന് വശ്യമായ പ്രകടനങ്ങളായിരുന്നു ഗാലറി കൈയടക്കിയ പന്തീരായിരം 'ഈറന്മാരില്‍'നിന്നുമുണ്ടായതും. ബാലോറ്റെല്ലിയെ പുറത്തിരുത്തി പകരം ഡീനറ്റാലിയക്ക് അവസരം നല്‍കിക്കൊണ്ടാണ് കോച്ച് പ്രാന്‍ഡേലി ഇന്ന് പുതിയ നിര സൃഷ്ടിച്ചത്. ഇറ്റലിക്കാരുടെ പരമ്പരാഗത 4-4-2 സംവിധാനം തന്നെയായിരുന്നു ഇന്നും. പ്രതിരോധ നിരയില്‍ എ.സി മിലാന്റെ ഇഗ്നേസിയേ ആബാറ്റേയും യുവന്റസിന്റെ ആന്‍ഡ്രിയാബന്‍സാഗലിയും ഗിയോര്‍ജിയോ ചിപ്പോലിനിയും ഫെബറിക്കോ ബാല്‍സരേറ്റിയും നായകന്‍ ഗിയാന്‍ ലൂയിജി ബഫണിനു കരുത്തേകിയിരുന്നു. മധ്യനിരയുടെ പൂര്‍ണ ഉത്തരവാദിത്തം പിര്‍ലോക് തന്നെയായിരുന്നു. സ്റ്റാന്‍ഡേഡ് സിറ്റ്വേഷനുകളില്‍ അരങ്ങ് തകര്‍ത്തതും മുപ്പത്തിയഞ്ചാം മിനിറ്റില്‍ കസ്സാനോക്ക് ഗോളടിക്കാന്‍ പാകത്തില്‍ കോര്‍ണര്‍ കിക്ക് കൃത്യമായി തലയില്‍എത്തിച്ചുകൊടുത്തതും ആന്‍ഡ്രിയോ പിര്‍ലോ തന്നെയായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും ഒന്നാം മിനിറ്റില്‍ പ്രബലന്മാരായ പ്രതിയോഗികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഐറിഷ് പടയുടെ മുന്നേറ്റത്തുടക്കം.
പരുക്കന്‍ അടവിന് പ്രശസ്തരായ ഇറ്റാലിയന്‍ പ്രതിരോധനിരയെ നിയന്ത്രിക്കാന്‍ തുര്‍ക്കിക്കാരന്‍ റഫറി സക്കീറിന്‍ പാടുപെട്ടു. ഡെറോസിക്ക് പകരം വന്ന ബാലോറ്റെല്ലിക്കും മഞ്ഞക്കാര്‍ഡ് കാണിക്കേണ്ടിയും വന്നു. ഒത്തിണക്കത്തില്‍ ഇന്ന് അസൂറിപ്പട ഏറെ മുന്നിലായിരുന്നു. പ്രത്യേകിച്ചും ഡെറോസി, പിര്‍ലോ ബ്രസീലുകാരന്‍ തിയാഗോ മോട്ടോ, മര്‍ച്ചീസിയോ നാല്‍വര്‍ സംഘം നിയന്ത്രിച്ച മധ്യനിര. ഇവര്‍ എത്തിച്ച മനോഹരമായ പാസുകള്‍ ഗോളാക്കുന്നതില്‍ കസാനോയും ഡിനനാലേയും നിരന്തരമായി പരാജയപ്പെട്ടിരുന്നു. 75ാം മിനിറ്റില്‍ വഴക്കാളിയായ മാറിയോ ബാലോറ്റെല്ലി രംഗത്തിറങ്ങിയതോടെയാണ് ഇറ്റാലിയന്‍ ആക്രമണ നിരയുടെ സംഹാരഭാവം പ്രകടമായതും ഈ മത്സരപരമ്പരയിലെ അതിമനോഹരമായ ഗോള്‍ പിറന്നതും. പിര്‍ലോയുടെതന്നെ ക്രോസ്പാസ് അല്‍പം ഉയര്‍ന്ന ഗോള്‍ ലൈന്‍ പാരലായി എത്തിയതും ഒരു ഹൈജംപ് താരത്തിന്റെ സൂക്ഷ്മതയോടെ ഉയര്‍ന്നുപൊങ്ങിയ ബാലോറ്റെല്ലി ഞൊടിയിടയില്‍ ഒരുങ്ങി. ലാഘവത്തോടെ അത് ആസ്റ്റന്‍ വില്ലയുടെ വല കാക്കുന്ന ഷേഗിവന്റെ വലയിലെത്തിച്ചതും.
സ്പെയിനിനൊപ്പം ഇറ്റലി ക്വാര്‍ട്ടറിലെത്തിയതും പ്രവചനങ്ങള്‍ അതുപടി യാഥാര്‍ഥ്യമാക്കിക്കൊണ്ടായിരുന്നുവെങ്കിലും അത്യധ്വാനത്തിനുശേഷമേ ഈ രണ്ട് മുന്‍ ലോക ജേതാക്കള്‍ക്കും അതിനായുള്ളൂ എന്നതും ഇത്തവണത്തെ മത്സരങ്ങളുടെ തീവ്രതയും വ്യക്തമാക്കുന്നു. ക്വാര്‍ട്ടറില്‍ ഇംഗ്ളണ്ടോ ഫ്രാന്‍സോ അതോ ആതിഥേയരായ യുക്രെയ്നോ എന്നറിയാന്‍ ഇന്നുകൂടി കാത്തിരിക്കേണ്ടതുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍