തിരുവനന്തപുരം: മാലിന്യ നിര്‍മാര്‍ജനത്തിന് പ്രഖ്യാപിച്ച പദ്ധതികള്‍ ഓരോന്നും പരാജയപ്പെട്ടിരിക്കെ വീണ്ടും പുതിയ പദ്ധതിയുമായി കോര്‍പറേഷനും സര്‍ക്കാറും രംഗത്ത്.
തലസ്ഥാന നഗരത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യം രണ്ടുദിവസത്തിനകം നീക്കംചെയ്യുമെന്ന് പ്രഖ്യാപിച്ച് സേഫ് തിരുവനന്തപുരം പദ്ധതിക്കാണ് തുടക്കംകുറിച്ചത്. മാലിന്യം വഴിയില്‍ തള്ളുന്നവര്‍ക്കെതിരെയും അപകടകരമാംവിധം സൂക്ഷിക്കുന്നവര്‍ക്കെതിരെയും നടപടികള്‍ വ്യവസ്ഥചെയ്യുന്നതാണ് പദ്ധതി. വിവിധ ആരോഗ്യവകുപ്പിന്‍െറയും കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്‍െറയും സ്ക്വാഡുകളും പ്രവര്‍ത്തിച്ചു തുടങ്ങി.എന്നാല്‍ ഒരു ഡസനോളം പദ്ധതികള്‍ മാലിന്യ നിര്‍മാര്‍ജനത്തിന് കോര്‍പറേഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാം പാതിവഴിയിലും ചിലത് മണ്ണടിയുകയും ചെയ്തു. ജനത്തെ പറ്റിച്ച് നേട്ടം കൊയ്യുന്ന പ്രസ്താവനകളും പദ്ധതികളും പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോര്‍പറേഷനും സര്‍ക്കാറും മത്സരിക്കുകയാണ്. ബദല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാതെ 144ഉം പ്രഖ്യാപിച്ച് ജനത്തെ തടവിലാക്കിയിരിക്കുന്നു.
ഇതിനിടെ റെയില്‍വേക്ക് മാലിന്യം നല്‍കുന്നത് വീണ്ടും മന്ദഗതിയിലായി. മുരുക്കുംപുഴയിലേക്ക് മാലിന്യം കൊണ്ടുപോകുന്നതാണ് ജനരോഷം കാരണം വീണ്ടും ഇഴയുന്നത്.
റെയില്‍വേ പ്ളാറ്റ്ഫോം നിര്‍മാണത്തിന് കൊച്ചുവേളിയിലേക്ക് മാലിന്യം നല്‍കിയെങ്കിലും പരിസ്ഥിതി പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി അത് നരസഭ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീടാണ് മുരുക്കുംപുഴക്ക് മാലിന്യം നല്‍കാന്‍ തീരുമാനിച്ചത്. അവിടെയും ജനങ്ങളുടെ എതിര്‍പ്പ് ഉയരുകയും കോര്‍പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് മുരുക്കുംപുഴയില്‍ നാട്ടുകാര്‍ ഇന്നലെ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു.
അതിന്‍െറ അടിസ്ഥാനത്തില്‍ കുറഞ്ഞ അളവില്‍ മാലിന്യം എത്തിക്കാനാണ് തീരുമാനം. 40 ലോഡിലധികം മാലിന്യങ്ങളാണ് റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാലുദിവസമായി മുരുക്കുംപുഴയിലേക്ക് മാലിന്യം കൊണ്ടുപോവുകയാണ്. ആദ്യ ദിവസം മൂന്നും രണ്ടാംദിവസം 18ഉം ഇന്നലെ മൂന്നും ലോഡാണ് മാലിന്യംകൊണ്ടുപോയത്. 15 ലോഡ് വാഹനത്തില്‍ കയറ്റിനിര്‍ത്തിയെങ്കിലും പ്രതിഷേധം കാരണം കൊണ്ടുപോകാനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍