Tue, 06/19/2012 - 00:15 ( 1 year 1 dayago)
ക്വാര്‍ട്ടറിലേക്ക് സമനില തേടി ഫ്രാന്‍സും ഇംഗ്ളണ്ടും
ഡി ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാണെങ്കിലും ഇംഗ്ളീഷുകാര്‍ ആഹ്ലാദത്തിലാണ് അവസാന മത്സരത്തില്‍ സഹ ആതിഥേയരായ യുക്രെയ്നിനെതിരെ പടനയിക്കുന്നത്. കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, ചുവപ്പ് കാര്‍ഡ് ശിക്ഷാ കാലാവധി കഴിഞ്ഞ് അവരുടെ എല്ലാമായ റൂണി തിരിച്ചുവരുന്നു. രണ്ട്, കഴിഞ്ഞ മത്സരത്തില്‍ അവരുടെ യുവനിര കാഴ്ചവെച്ച അസാധാരണ പന്തടക്കവും ഒരുമയും ഗോളടി മികവും. മറുവശത്ത് ആതിഥേയരാണെന്ന ഒരു ചിന്താകുഴപ്പവും അവരുടെ അണികളിലുണ്ട്.
ഫ്രാന്‍സിന്റെയും സ്ഥിതി മറിച്ചല്ല. ആതിഥേയരായ യുക്രെയ്നിനെ അവരുടെ ആരാധകരുടെ മുന്നില്‍വെച്ച് വ്യക്തമായ ലീഡോടെ പിന്‍തങ്ങള്ളാനായെങ്കിലും ഒരിക്കലും എഴുതിതള്ളാനാവാത്ത മറ്റൊരു ടീമാണ് സ്വീഡന്‍.
സ്വീഡനെതിരെ, ഒരു പുത്തന്‍ അണിയെ ആയിരുന്നു കോച്ച് ഹോഡ്സണ്‍ രംഗത്തിറക്കിയത്. തിയോ വാല്‍ക്കോട്ടും ഡാനിവെല്‍ബക്കും പിന്നെ അതിമനോഹരമായ ഒന്നാംഗോള്‍ നേടിയ ആന്‍ഡി കരോളും ഇംഗ്ളണ്ടിന്റെ പൂര്‍വകാല കളി മാഹാത്മ്യം വിളിച്ചറിയിക്കുന്ന പ്രകടനങ്ങളാണ് രംഗത്തവതരിപ്പിച്ചത്. സ്വീഡനെ നിഷ്പ്രഭമാക്കിയ അതേ നിരകള്‍ക്കൊപ്പം, ചിലപ്പോള്‍ വാല്‍ക്കോട്ടിന് പകരം റൂണി വന്നേക്കും. ഇംഗ്ളീഷുകാരുടെ പ്രതിരോധനിര സ്തുത്യര്‍ഹമായ പ്രകടനമാണ് പരമ്പരാഗത എതിരാളികളായ സ്വീഡനെതിരെ പ്രകടിപ്പിച്ചത്.
നാളുകള്‍ക്കുശേഷം, ഗോള്‍വല കാക്കാനൊരു വിശ്വസ്തനെ കിട്ടിയതിലുള്ള ആഹ്ലാദവും ഇംഗ്ളീഷ് ആരാധകര്‍ മറച്ചുവെക്കുന്നില്ല. ഇബ്രാഹിമോഹിച്ചിന്റെയും ലാര്‍സന്റെയും കാള്‍സ് ട്രോമിന്റെയും എത്ര എണ്ണംപറഞ്ഞ ഗോളവസരങ്ങളായിരുന്നു കഴിഞ്ഞകളിയില്‍ ജോ ഹാര്‍ട്ട് ബ്രേവ്ഹാര്‍ട്ടായി തട്ടിയകറ്റിയത്. ഗ്ളാന്‍ജോണ്‍സണും ലെസ്കോര്‍ട്ടും ജോണ്‍ ടെറിയും ആഷ്ലികോളും തന്നെയാണിന്നും പ്രതിരോധനിരയില്‍. സ്വീഡനെതിരെ 'സെല്‍ഫ്' ഗോളടിച്ച ജോണ്‍സണ്‍ ആ ചമ്മലില്‍നിന്ന് മാറിയിട്ടുണ്ടെന്നാണ് ഇംഗ്ളീഷ് ലേഖകര്‍ പരിഹാസപൂര്‍വം എഴുതിയിട്ടുള്ളത്.
നായകന്‍ സ്റ്റീഫന്‍ ജെറാഡിന്റെ നേതൃത്വത്തിലുള്ള മധ്യനിര സമ്പൂര്‍ണമാണ്. മില്‍നറും യങ്ങും അക്രോബാറ്റിക് ഗോളടിച്ച ഇംഗ്ളീഷുകാരുടെ പുത്തന്‍ ആരാധനാ പാത്രമായ ആന്‍ഡി കരോളും യുക്രെയ്നിയന്‍ പ്രതിരോധ നിരക്ക് നിരന്തര ഭീഷണിയാകും. അവരുടെ ഗോളി ആന്‍ദ്രേ പിയാറ്റോവ് ഫ്രഞ്ചുകാര്‍ക്കെതിരെ രണ്ടു നിമിഷങ്ങളില്‍ മാത്രം കളി മറന്നത് കാരണം കയറിക്കൂടിയ രണ്ട് ഗോളുകളുടെ നടുക്കത്തിലാണിപ്പോഴും. പിന്‍നിരയില്‍ ഒലക്സാണ്ടര്‍ കുച്ചറും ബോഗ്ദാന്‍ ബുഡ്കോയും താരസ് മിഷാലിക്കും യെഗ്വേനി സേലിനും വിശ്വസ്തരാണെങ്കിലും റൂണിയെയും ബല്‍ബെക്കിനെയും തടഞ്ഞുനിര്‍ത്താന്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.
അതിശക്തമായ ഇംഗ്ളീഷ് മധ്യ മുന്നേറ്റ നിരയും ആതിഥേയരുടെ പ്രതിരോധ നിരയും ആയിട്ടാകും മത്സരമെങ്കിലും യുക്രെയ്ന്‍കാരുടെ പ്ലസ് പോയന്റ് അവരുടെ ദേശീയ റെക്കോഡ് താരം ആനറ്റോളി തിമോച്ചുക്കിന്റെയും നായകന്‍ ചെഷ് ചെങ്കോയുടെയും ആന്‍ദ്രേ വോറോണിന്റെയും സാര്‍വദേശീയ മത്സര പരിചയവും ഒരു സാഹചര്യത്തിലും കൂസാത്ത മനസ്സാന്നിധ്യവുമാണ്. പോരാത്തതിന് ഒരു വിജയം അവിസ്മരണീയമായ ഒരു ക്വാര്‍ട്ടര്‍ സ്ഥാനം, കണക്കിന്റെ കളിയിലൂടെ കൈയിലെത്തിയേക്കാമെന്ന വിശ്വാസവും അവരെ കൈമെയ് മറന്നുപൊരുതാന്‍ പ്രോത്സാഹിപ്പിച്ചേക്കും. ആവേശോജ്ജ്വലമാകുമീ മത്സരം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ളീഷുകാര്‍ ജയിച്ചു കയറുമെന്ന് ക്വാര്‍ട്ടറിലുണ്ടാകുമെന്നും പ്രവചനമുണ്ടെങ്കിലും മറിച്ച് സംഭവിച്ചുകൂടെന്നില്ല. അതൊരു സമനിലയിലേക്കും ചെന്നെത്താം.
ഫ്രഞ്ചുകാരുടെ മുന്നേറ്റനിര ദുര്‍ബലമായിരുന്നു. യുക്രെയ്നിനെതിരെ, സാമീര്‍ നസറിയുടെ അവിസ്മരണീയമായ പാസുകളൊക്കെ മിസാക്കി, രംഗംവിട്ട കാരിംബന്‍സേമ പ്രതികൂട്ടിലാണ്. ഫ്രാങ്ക് റിബറിയുടെ നേതൃത്വത്തിലുള്ള അവരുടെ മധ്യനിര ഈ കുറവ് പരിഹരിക്കുന്നുണ്ട്. ഗോളി ഹ്യൂഗോലേറിസും വിശ്വസ്തനാണ്.
രണ്ട് മത്സരങ്ങളും പൊരുതിത്തോറ്റ സ്വീഡന്‍, ഒരു ആശ്വാസ വിജയവുമായി മടങ്ങാനാഗ്രഹിക്കുന്നവരാണ്. ഒത്തിണക്കത്തിലും ഗതിവേഗത്തിലും ആരുടെയും പിന്നിലല്ലാത്ത സ്കാന്‍ഡിനേവിയക്കാര്‍, നിര്‍ഭാഗ്യംകൊണ്ടു മാത്രമാണ് പിന്തള്ളപ്പെട്ടത് എന്ന് അവരുടെ സ്കോര്‍നില പരിശോധിച്ചാല്‍ വ്യക്തമാകും. പ്രതിരോധനിരയില്‍ ഗ്റാന്‍ ക്വിസ്റ്റും മെല്‍ബര്‍ഗും ഓസേണും മാര്‍ട്ടിന്‍ ഭാള്‍സണും കൂടി നസ്റിക്കും ബന്‍സേമക്കും റിബറിക്കും പ്രതിബന്ധമാകും. ഈ സാഹചര്യം മുതലെടുക്കാന്‍ കബായ്യേയുടെയും യാന്‍ എക്കം വില്ലയുടെയും ലോംങ് റെയ്ഞ്ച് ഷോട്ടുളെയാകും ഫ്രഞ്ചുകാര്‍ ആശ്രയിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍